4,799 രൂപയുടെ ഫിഫ ഗെയിം വെറും 4.8 രൂപക്ക്; 'എപിക്' അബദ്ധത്തിൽ കോളടിച്ച് ഗെയിമർമാർ

ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള വിഡിയോ ഗെയിമുകളിൽ ഒന്നാണ് എപികിന്റെ ഫിഫ ഫുട്ബാൾ ഗെയിം. സ്​പോർട്സ് അടിസ്ഥാനമാക്കിയുള്ള വിഡിയോ ഗെയിമുകളിൽ ഏറ്റവും പ്രചാരമുള്ളതും ഫിഫ ഫുട്ബാൾ ഗെയിമുകൾക്കാണ്. ഫിഫയുമായുള്ള EA-യുടെ അവസാന സഹകരണമായ ഫിഫ 23-യുടെ പുതിയ ട്രെയിലറും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

പുതിയ ഹൈപ്പർമോഷൻ 2 മെക്കാനിക്സും വനിതാ ഫുട്ബോളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഉൾപ്പെടെ വരാനിരിക്കുന്ന ഗെയിമിന്റെ മികച്ച ഫീച്ചറുകൾ എടുത്തുകാണിക്കുന്നതായിരുന്നു ട്രെയിലർ.

യാഥാർഥ്യമെന്ന് തോന്നിക്കുന്ന അതിഗംഭീര വിശ്വൽ എഫക്ടുകളും ഒറിജിനലിനെ വെല്ലുന്ന രൂപത്തിൽ സൃഷ്ടിച്ച ഫുട്ബാൾ സൂപ്പർതാരങ്ങളുടെ സാന്നിധ്യവും മികച്ച ഗെയിം കൺട്രോളുകളുമൊക്കെയാണ് എപികിന്റെ ഫിഫ ഗെയിമിന് ആരാധകരുണ്ടാക്കിയത്.

Full View

എപിക് ഗെയിംസ് അവരുടെ ഓൺലൈൻ സ്റ്റോറുകളിലൂടെ പുറത്തിറക്കാറുള്ള അത്തരം ഗെയിമുകൾ ആഗോളതലത്തിൽ ചൂടപ്പം പോലെ വിറ്റുപോകാറുമുണ്ട്. എന്നാൽ, ഇത്തവണ എപിക് ഗെയിംസിന് വലിയൊരു അബദ്ധം പിണഞ്ഞു.

എപ്പിക് ഗെയിംസ് FIFA 23 (PC)-യുടെ അൾട്ടിമേറ്റ് എഡിഷനും വാനില സ്റ്റാൻഡേർഡ് എഡിഷനും ജൂലൈ 21 മുതൽ സ്റ്റോറിൽ പ്രീ-ഓർഡറിനായി ലിസ്റ്റ് ചെയ്തിരുന്നു. ഫിഫ 23 അൾട്ടിമേറ്റ് എഡിഷൻ ഗെയിമിനായി ആരാധകർ പ്രഖ്യാപന സമയം മുതൽ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു. 4,799 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഗെയിം, എപിക് തങ്ങളുടെ ഓൺലൈൻ സ്റ്റോറിൽ ലിസ്റ്റ് ചെയ്തത് വെറും 4.8 രൂപയ്ക്കായിരുന്നു.

കമ്പനിക്ക് സംഭവിച്ച ലിസ്റ്റിങ് പിഴവായിരുന്നു കാരണം. ഏകദേശം 30 മിനിറ്റുകളോളം അതേ വിലയ്ക്ക് ഗെയിം ഓൺലൈൻ സ്റ്റോറിൽ തുടർന്നു. പ്രശ്നം പരിഹരിക്കുന്നതിന് മുമ്പായി ഇന്ത്യയിലെ നിരവധി യൂസർമാർക്ക് 4.8 രൂപയ്ക്ക് ഗെയിം പ്രീ-ഓർഡർ ചെയ്യാൻ സാധിച്ചു. ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതോടെ മറ്റ് രാജ്യങ്ങളിലുള്ള ഗെയിമർമാർക്കും അതേ വിലയ്ക്ക് തന്നെ ഗെയിം വാങ്ങാൻ സാധിച്ചിട്ടുണ്ട്. അവരുടെ ഐ.ഡിയിൽ നിന്ന് രാജ്യം ഇന്ത്യയിലേക്ക് മാറ്റിയാണ് അഞ്ച് രൂപയിൽ താഴെ മാത്രം നൽകി ഗെയിം സ്വന്തമാക്കാൻ സാധിച്ചത്.

'എപിക്' അബദ്ധത്തിൽ കോളടിച്ച ഭാഗ്യവാൻമാർക്ക് 4,799 രൂപയ്ക്ക് ഗെയിം വാങ്ങിയ മറ്റ് യൂസർമാരെ പോലെ തന്നെ സെപ്തംബർ 27ന് ഗെയിമിന്റെ മുഴുവൻ പതിപ്പ് ലഭിക്കും. 

Tags:    
News Summary - FIFA 23 for 4.8 RS: Epic Games briefly offers game almost for free

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.