Image - The Verge

‘ഗെയിമർമാർക്ക് സന്തോഷവാർത്ത’; ‘അസുസ് റോഗ് അലൈ’ ഇന്ത്യയിലേക്ക്, വിലയും വിശേഷങ്ങളം അറിയാം

തായ്‍വാനീസ് ടെക് ഭീമനായ അസുസ് (ASUS) അവരുടെ ഗെയിമിങ് ലാപ്ടോപ്പും ഗെയിമിങ് ഫോണുകളും ഗെയിമർമാർക്കുള്ള മറ്റ് ഉപകരണങ്ങളുമൊക്കെ അവതരിപ്പിക്കുന്നത് റോഗ് (ROG) എന്ന ബ്രാൻഡിന് കീഴിലാണ്. ‘റിപബ്ലിക് ഓഫ് ഗെയിമേഴ്സ്’ എന്നതിന്റെ ചുരുക്ക രൂപാണ് റോഗ്. ഈയടുത്തായിരുന്നു അസുസ് പുതിയ ഹാൻഡ്‌ഹെൽഡ് ഗെയിമിങ് കൺസോൾ അവതരിപ്പിച്ചത്. റോഗ് അലൈ (ASUS ROG Ally) എന്നായിരുന്നു അതിന്റെ പേര്.



അസുസ് റോഗ് അലൈ, ഇന്ത്യയിലെ ഗെയിമർമാരെ ഏറെ ആകർഷിച്ച ഉപകരണമായിരുന്നു. കാരണം മറ്റൊന്നുമല്ല, കൈയ്യിലൊതുങ്ങുന്ന ഒരു ഗെയിമിങ് പി.സി തന്നെയായിരുന്നു അത്. അലൈ-യുടെ ഫീച്ചറുകൾ ഗെയിമിങ് സ്മാർട്ട്ഫോണുകളെ നാണിപ്പിക്കുന്ന തരത്തിലുള്ളതുമാണ്. പക്ഷെ, അമേരിക്കയടക്കമുള്ള രാജ്യങ്ങളിലെത്തിയ ഗെയിമിങ് കൺസോൾ പതിവുപോലെ ഇന്ത്യയിലെത്തില്ലെന്ന് എല്ലാവരും ധരിച്ചു.

എന്നാൽ, അസുസ് അവരുടെ റോഗ് അലൈ-യുടെ ഇന്ത്യാ ലോഞ്ച് ടീസ് ചെയ്തിരിക്കുകയാണിപ്പോൾ. ‘അലൈസ് അസമ്പിൾ (Allies Assemble)’ എന്ന ടാഗ്ലൈനോടെ ട്വിറ്ററിലാണ് ലോഞ്ചിനെ കുറിച്ചുള്ള സൂചന നൽകിയത്. ജൂലൈ ഏഴിന് ഫ്ലിപ്കാർട്ടിലൂടെ ഡിവൈസ് വിൽപ്പന ആരംഭിച്ചേക്കും. ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിക്കുന്ന ആദ്യത്തെ ഹാൻഡ്‌ഹെൽഡ് ഗെയമിങ് ഉപകരണമായിരിക്കും റോഗ് അലൈ.

അസുസ് റോഗ് അലൈ സവിശേഷതകൾ

വിൻഡോസ്-11 ഒ.എസിൽ പ്രവർത്തിക്കുന്ന ഹാൻഡ്‌ഹെൽഡ് ഗെയിമിംഗ് കൺസോളാണ് റോഗ് അലൈ. പ്രശസ്ത ഗെയിമിങ് കൺസോളായ സ്റ്റീം ഡെക്കിനോടാണ് റോഗ് മത്സരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റും 500 നിറ്റ്സ് പീക് ബ്രൈറ്റ്നസും 7ms റെസ്‍പോൺസ് ടൈമുമുള്ള 7 ഇഞ്ച് 1080p ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണ് റോഗ് അലൈ-ക്കുള്ളത്. ഡിടിഎക്‌സ് കോട്ടിങ്ങും കോർണിങ്ങിന്റെ ഗൊറില്ല ഗ്ലാസ് വിക്‌റ്റസിന്റെ സുരക്ഷയും പാനലിനുണ്ട്.


ലാപ്ടോപ്പുകൾക്കും പിസികൾക്കും കരുത്തുറ്റ ചിപ്സെറ്റുകൾ നൽകുന്ന എ.എം.ഡിയുടെ പ്രൊസസറാണ് റോഗ് അലൈ-ക്ക് ശക്തി പകരുന്നത്. അതായത് റേഡിയൻ ഗ്രാഫിക്സുള്ള എ.എം.ഡി റൈസൺ ഇസഡ് 1 എക്‌സ്ട്രീം പ്രൊസസർ. കൂടാതെ, 16GB LPDDR5 റാമും 512GB NVMe നാലാം ജനറേഷൻ SSD-യും ലഭിക്കും.

തുടർച്ചയായി ഗെയിം കളിക്കുമ്പോൾ സന്തുലിത താപനില നിലനിർത്താനായി അസൂസ് വികസിപ്പിച്ച സീറോ ഗ്രാവിറ്റി തെർമൽ സിസ്റ്റവും പുതിയ കൺസോളിനൊപ്പമുണ്ട്. ഇരട്ട-ഫാൻ കൂളിംഗ് സിസ്റ്റവും ബിൽറ്റ്-ഇൻ കിക്ക്‌സ്റ്റാൻഡും ഉണ്ട്.

ABXY ബട്ടണുകൾ, D-pad, L&R ഹാൾ ഇഫക്റ്റ്, അനലോഗ് ട്രിഗറുകൾ, L&R ബമ്പറുകൾ, അസൈൻ ചെയ്യാവുന്ന രണ്ട് ഗ്രിപ്പ് ബട്ടണുകൾ എന്നിവയാണ് കൺസോളിലുള്ളത്. കൂടാതെ, നിങ്ങൾക്ക് 3 മാസത്തെ Xbox ഗെയിം പാസും ലഭിക്കുന്നുണ്ട്. 65W ചാർജറുള്ള 40Wh ബാറ്ററിയുമായാണ് ഉപകരണം വരുന്നത്.

Image Credit - Stuff.tv

ഡോൾബി അറ്റ്‌മോസ് സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, AI നോയിസ് കാൻസലേഷൻ മൈക്രോഫോണുകൾ, Wi-Fi 6E, ബ്ലൂടൂത്ത് പതിപ്പ് 5.2, ROG XG മൊബൈൽ ഇന്റർഫേസ് എന്നിവയുടെ പിന്തുണയുമുണ്ട്.

അമേരിക്കയിൽ 700 ഡോളറിനായിരുന്നു റോഗ് അലൈ ലോഞ്ച് ചെയ്തത്. അതിനാൽ ഇന്ത്യയിൽ ഡിവൈസിന്റെ വില ഏകദേശം 60,000 രൂപയായിരിക്കുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - Asus ROG Ally to Go on Sale in India on July 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.