ഒടിച്ചുമടക്കാവുന്ന ലാപ്ടോപുമായി സാംസങ്

തിരിക്കുക, മടക്കുക, കീബോര്‍ഡ് ഊരിമാറ്റുക ഇതൊക്കെയാണ് ഇപ്പോള്‍ ലാപ്ടോപ് കമ്പനികള്‍ കാണിക്കുന്ന ചെപ്പടിവിദ്യകള്‍. ലെനോവോ നേരത്തെ യോഗ പരമ്പരയില്‍ ഈ വിദ്യകളെല്ലാം കാണിച്ച് മടുത്തിരിക്കുകയാണ്. എന്നിട്ടും ആളുകളിപ്പോള്‍ ലാപ്ടോപിലേക്ക് കണ്ണെറിയുന്നില്ല. ത്രീഡി സിനിമയുമായി സ്മാര്‍ട്ട്ഫോണുകള്‍ കൈകാട്ടി വിളിക്കുമ്പോള്‍ ആരെങ്കിലും കണ്‍കെട്ടും ചെപ്പടിവിദ്യയും കാണാന്‍ സമയം കളയുമോ? എന്തായാലും ഡിസ്പ്ളേ പുറകോട്ടും മുന്നോട്ടും പൂര്‍ണമായി മടക്കിവെക്കാവുന്ന ലാപ്ടോപുമായി സാംസങ്ങും എത്തിയിരിക്കുകയാണ്. നോട്ട്ബുക് 7 സ്പിന്‍ എന്നാണ് ഈ സങ്കരരൂപിയുടെ പേര്.

13.3 ഇഞ്ച്, 15.6 ഇഞ്ച് ഡിസ്പ്ളേ സൈസുകളില്‍ ലഭിക്കും. പറയുന്നപോലെ പുറകിലേക്ക് 360 ഡിഗ്രി മടക്കാവുന്ന ഡിസ്പ്ളേയാണ്. 13.3 ഇഞ്ചിന് 800 ഡോളര്‍ മുതല്‍ (ഏകദേശം 54,500 രൂപ) ആണ് വില. 15.6 ഇഞ്ചിന് 1000 ഡോളര്‍ (ഏകദേശം 68,000 രൂപ) മുതല്‍ നല്‍കണം. അമേരിക്കയില്‍ ജൂണ്‍ 26 മുതല്‍ വാങ്ങാന്‍ കിട്ടും. BestBuy.com, Samsung.com എന്നിവ വഴിയാണ് വില്‍പന. ഇന്ത്യയില്‍ എന്ന് എത്തുമെന്ന് സൂചനയില്ല. 1920x1080 പിക്സല്‍ ഫുള്‍ എച്ച്.ഡി റസലൂഷനാണ് 13.3 ഇഞ്ച്, 15.6 ഇഞ്ച് ഡിസ്പ്ളേകള്‍ രണ്ടും. എച്ച്.ഡിയേക്കാളും കൂടുതല്‍ മികവിലും മിഴിവിലും സിനിമ ആസ്വദിക്കാന്‍ വീഡിയോ എച്ച്ഡിആര്‍ (ഹൈ ഡൈനാമിക് റേഞ്ച്) മോഡ് ഇതിലുള്ളതാണ് പ്രധാന പ്രത്യേകത.

വിന്‍ഡോസഡ് 10 ഓപറേറ്റിങ് സിസ്റ്റം, ആറാംതലമുറ ഇന്‍റല്‍ കോര്‍ ഐ5, അല്ളെങ്കില്‍ ഐ 7 പ്രോസസര്‍, 13.3 ഇഞ്ചില്‍ എട്ട്  ജി.ബി റാം, 15.6 ഇഞ്ചില്‍ 12 ജി.ബി,16 ജി.ബി റാം, ഒരു ടെറാബൈറ്റ് വരെ ഹാര്‍ഡ് ഡ്രൈവ് (വേണമെങ്കില്‍ 15.6 ഇഞ്ചില്‍ 128 ജി.ബി മുതല്‍ സോളിഡ് സ്റ്റേറ്റ് ഡ്രൈവും ലഭിക്കും), എച്ച്ഡിഎംഐ, രണ്ട് യുഎസ്ബി 2.0 പോര്‍ട്ട്, ഒരു യുഎസ്ബി 3.0 പോര്‍ട്ട്, ഒരു യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, 15.6 ഇഞ്ചില്‍ ഇതര്‍നെറ്റ് പോര്‍ട്ട് എന്നിവയാണ് വിശേഷങ്ങള്‍. 20 മിനിറ്റില്‍ രണ്ട് മണിക്കൂറിന് വേണ്ട ചാര്‍ജ് സംഭരിക്കുന്ന ബാറ്ററിയാണ്. 15.6 ഇഞ്ച് പതിപ്പ് ഒന്നരമണിക്കൂറിലും 13.3 ഇഞ്ച് പതിപ്പ് 100 മിനിട്ടിലും പൂര്‍ണമായി ചാര്‍ജാവും. ഇരുട്ടില്‍ തനിയെ പ്രകാശിക്കുന്ന ഓട്ടോബാക്ക്ലിറ്റ് കീബോര്‍ഡാണ്. വിന്‍ഡോസ് 10ല്‍ ഈവര്‍ഷം തന്നെ നോട്ട്ബുക് 9, സാംസങ് ഗ്യാലക്സി ടാബ് പ്രോ എസ് എന്നിവ സാംസങ് രംഗത്തിറക്കിിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.