യന്ത്രമനുഷ്യന്‍െറ രൂപത്തിലും സ്മാര്‍ട്ട്ഫോണ്‍ 

കണ്ടാല്‍ കളിപ്പാട്ടം പോലെ. സംസാരം യന്ത്രമനുഷ്യനെ പോലെ. നൃത്തമാടും പാട്ടുപാടും നടക്കും ഇരിക്കും സംസാരിക്കുമ്പോള്‍ കൈപോക്കും. ഫോണ്‍കോളിന് മറുപടി നല്‍കും. ഇ-മെയില്‍ അയക്കും. ചോദ്യങ്ങള്‍ക്ക് ഉരുളക്കുപ്പേരി പോലെ ഉത്തരം നല്‍കും. ഇതെല്ലാം റോബോ ഹോണ്‍ എന്ന ഈ ആദ്യ റോബോട്ട് സ്മാര്‍ട്ട്ഫോണിന് നിഷ്പ്രയാസം കഴിയും. തൂപ്പുമുതല്‍ തുണിയലക്കുവരെ യന്ത്രമനുഷ്യര്‍ ചെയ്യുന്നതാണ് ജപ്പാനിലെ പതിവ്. ഇന്ത്യയിലാകട്ടെ നിലംതുടക്കുന്ന റോബോട്ടുകള്‍ വിപണിയില്‍ ഏറെയുണ്ട്. പല തരത്തിലും രൂപത്തിലുമുള്ള റോബോട്ടുകളുടെ നിരയിലേക്ക് യന്ത്രമനുഷ്യന്‍െറ രൂപത്തിലുള്ള സ്മാര്‍ട്ട്ഫോണ്‍ കൊണ്ടുവരുന്നത് ജാപ്പനീസ് ഇലക്ട്രോണിക്സ് കമ്പനി ഷാര്‍പാണ്. പോക്കറ്റില്‍ അനങ്ങാതെ കിടക്കുന്ന ഈ ഫോണ്‍ റോബോട്ട് കഴിഞ്ഞയാഴ്ചയാണ് ജപ്പാനില്‍ വില്‍പനക്കത്തെിയത്. സ്മാര്‍ട്ട്ഫോണിലെ പോലെ കാമറ, വോയിസ് മെയില്‍, ടെക്സ്റ്റ് മെസേജ്, ആപ്പുകള്‍ എന്നിവ ഇതിലുണ്ട്. പറഞ്ഞാല്‍ മ്യൂസിക് പ്ളെയറായി പാട്ടും പാടിത്തരും. സെല്‍ഫിയോ ഗ്രൂപ്പ് ഫോട്ടോയോ എടുക്കും. പറഞ്ഞാല്‍ എന്തും ചെയ്യിക്കാം. ഫോണ്‍ വന്നാല്‍ ഉടമയുടെ അടുത്തുവരും. കൂടാതെ ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ അനുസരിപ്പിക്കാന്‍ പുറകില്‍ 320 x 240 പിക്സല്‍ റസലൂഷനുള്ള രണ്ട് ഇഞ്ച് ടച്ച്സ്ക്രീനുണ്ട്. 1.2 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസറാണ് കരുത്തുപകരുന്നത്. 16 ജി.ബി ഇന്‍േറണല്‍ മെമ്മറിയുണ്ട്. ഫോര്‍ജി എല്‍ടിഇ, വൈ ഫൈ, ബ്ളൂടൂത്ത് 4.0 എന്നിവയെ പിന്തുണക്കും. 19.5 സെ.മീ പൊക്കമുള്ള റോബോഹോണിന് (RoBoHon) 390 ഗ്രാമാണ് ഭാരം. എട്ടു മെഗാപിക്സല്‍ കാമറയുമുണ്ട്. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ് ഓപറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തനം. 1700 എംഎഎച്ച് ബാറ്ററിയാണ് ഊര്‍ജമേകുന്നത്. 


സ്മാര്‍ട്ട്ഫോണായി ഉപയോഗിക്കുന്നതിന് പുറമെ, വീഡിയോ, ഫോട്ടോ, മാപ് എന്നിവ വലുതായി പ്രദര്‍ശിപ്പിക്കുന്ന പ്രൊജക്ടറായും ഇവന്‍ പ്രവര്‍ത്തിക്കും. 720 പി  ഹൈ ഡെഫനിഷന്‍ റസലൂഷനിലാണ് ഇവ കാട്ടിത്തരിക. തലയിലാണ് പ്രോജക്ടറുള്ളത്. കൃത്രിമബുദ്ധിയുള്ളതിനാല്‍ ഉടമയുമായി നന്നായി ആശയവിനിമയം നടത്തും. രാവിലെ നമസ്കാരം നേരും. പ്രധാന ചടങ്ങുകള്‍ ഓര്‍മിപ്പിക്കും. മുന്‍കാമറ വഴി ആളുകളുടെ മുഖം തിരിച്ചറിഞ്ഞ് പേരുവിളിക്കും. സുരക്ഷിതമായി കൊണ്ടുനടക്കാന്‍ പ്രത്യേക പൗച്ചുണ്ട്.

ബഹിരാകാശ യാത്രികനായ ആദ്യ യന്ത്രമനുഷ്യന്‍ കിരോബോ വികസിപ്പിച്ച തൊമാറ്റക തകാഷി എന്ന എഞ്ചിനീയറാണ് ഇതും രൂപകല്‍പന ചെയ്തത്. ഏകദേശം 1.21 ലക്ഷമാണ് (1,800 ഡോളര്‍) ഫോണ്‍ യന്തിരന്‍െറ വില. തീര്‍ന്നില്ല വോയ്സ് റക്കഗ്നീഷ്യന്‍ സംവിധാനം ഉപയോഗിക്കുന്നതിന് മാസം 10 ഡോളര്‍ കൂടി നല്‍കണം. ടോക്കിയോയില്‍ റോബോഹോണ്‍ കഫേയില്‍ ചെന്നാല്‍ യന്തിരനെ ജൂണ്‍ ഏഴുവരെ കണ്ടും കേട്ടും മനസിലാക്കാം. തയ്വാന്‍ കമ്പനി ഫോക്സ്കോണ്‍ അടുത്തിടെ ഷാര്‍പിനെ ഏറ്റെടുത്തിരുന്നു. മാസം ഇത്തരം 5000 യന്ത്രമനുഷ്യരെ ഷാര്‍പ് നിര്‍മിക്കും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.