അ ബൂദബി: സ്പാനിഷ് ഫുട്ബാൾ ലീഗായ ലാലിഗ യു.എ.ഇയിലെ ഭാവിവാഗ്ദാനങ്ങൾക്ക് ലോകനിലവാരത്തിലുള്ള പരിശീലനം നൽകാനായി നടത്തുന്ന ഡു ലാലിഗ അണ്ടർ 16 ടീം തെരഞ്ഞെടുപ്പിൽ കോഴിക്കോട്ടുകാരനും സ്ഥാനംപിടിച്ചു . അബൂദബി ഇന്ത്യൻ സ്കൂൾ പത്താം തരം വിദ്യാർഥിയായ സായിദ് ബിൻ വലീദ് ആണ് നേട്ടത്തിന് ഉടമയായത്. വിവിധ രാജ്യക്കാർ ഉൾപ്പെടുന്ന ടീമിലെ ഏക ഇന്ത്യക്കാരനാണ് സായിദ്.
ടീമംഗങ്ങൾക്കുള്ള പരീശീലന ക്യാമ്പ് ദുബൈയിലെ ഡു ലാലിഗ ഹൈ പെർഫോമൻസ് സെൻററിൽ ശനിയാഴ്ച ആരംഭിക്കും. വൈകുന്നേരം 5.30 മുതൽ രാത്രി ഒമ്പത് വരെ പരിശീലനമുണ്ടാകും. ആഴ്ചയിൽ മൂന്ന് മുതൽ നാല് ദിവസം വരെയാണ് പരിശീലനം നൽകുക. സ്പാനിഷ് കപ്പ് ഫുട്ബാളിൽനിന്നുള്ള പരിശീലകർ ഫുട്ബാൾ പാഠങ്ങൾ പറഞ്ഞുകൊടുക്കാനെത്തും. ഇൗ പരിശീലനം തെൻറ ഫുട്ബാൾ ജീവിതത്തിൽ വലിയ പുരോഗതിയുണ്ടാക്കുമെന്ന് സായിദ് പ്രതീക്ഷിക്കുന്നു.
മൂന്ന് മാസത്തെ പരിശീലനത്തിന് ശേഷം തെരഞ്ഞെടുക്കപ്പെടുന്ന 18 പേരെ ആഗസ്റ്റിൽ സ്പെയിനിൽ െകാണ്ടുപോയി മൂന്നാഴ്ചത്തെ വിദഗ്ധ പരിശീലനം നൽകും. വലിയ ക്ലബുകളുമായി കളിക്കാനും പ്രശസ്ത താരങ്ങളെ നേരിൽ കണ്ട് ഉപദേശം സ്വീകരിക്കാനും ഇവർക്ക് സാധിക്കും.
യു.എ.ഇയിലുടനീളം ഡു ഫുട്ബാൾ ക്ലബ് നടത്തിയ സ്കൂൾ കപ്പ്, സ്ട്രീറ്റ് കപ്പ് മത്സരങ്ങളിലൂടെയാണ് ടീമിലേക്കുള്ള അന്തിമ സെലക്ഷനിലേക്ക് കളിക്കാർ എത്തിയത്.
7000ത്തിലധികം പേരാണ് സ്കൂൾ കപ്പ്, സ്ട്രീറ്റ് കപ്പ് മത്സരങ്ങളിൽ പെങ്കടുത്തത്. ഇവയിൽ പ്രതിഭ തെളിയിച്ച 115 കളിക്കാരെ രണ്ട് ഘട്ടങ്ങളിലായാണ് ടീമിലേക്ക് തെരഞ്ഞെടുത്തത്. 26 പേരെ അണ്ടർ 16 ടീമിലേക്കും 23 പേരെ അണ്ടർ 14 ടീമിലേക്കും തെരഞ്ഞെടുത്തു. അണ്ടർ 18 ടീമിലേക്ക് പത്ത് പേരെയാണ് ഇൗ വർഷം തെരഞ്ഞെടുത്തത്. ബാക്കിയുള്ളവർ കഴിഞ്ഞ വർഷത്തെ ടീമിലുള്ളവരാണ്.
അൽ ഇത്തിഹാദ് സ്പോർട്സ് അക്കാദമി അംഗമായ സായിദ് മൂന്ന് വർഷമായി സ്കൂൾ ടീമിലുണ്ട്. വാരാണസിയിൽ നടന്ന സി.ബി.എസ്.സി ക്ലസ്റ്റർ ഫുട്ബാളിൽ സ്കൂൾ ടീമിന് വേണ്ടി ജഴ്സിയണിഞ്ഞിട്ടുണ്ട്.
അറ്റാക്കിങ് മിഡ്ഫീൽഡറായ സായിദ് ഇടങ്കാല് കൊണ്ട് ഷോട്ടുകൾ ഉതിർക്കുന്നതിൽ മികവ് കാണിക്കുന്നു. കോഴിക്കോട് കല്ലായി വലീദ് പാലാട്ടിെൻറയും മീഞ്ചന്ത അയിശ നിവാസിൽ നൂഫ് ആലിക്കോയയുടെയും മകനാണ്. പിതാവിെൻറ ഫുട്ബാൾ പ്രേമമാണ് സായിദിന് മൈതാനത്ത് മുന്നേറാൻ പ്രചോദനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.