റയലിനും ബാഴ്സക്കും സമനിലക്കുരുക്ക്; മെസ്സിക്ക് പരിക്ക്, മൂന്നാഴ്ച വിശ്രമം

മഡ്രിഡ്: ലാ ലിഗയിലെ  വമ്പന്മാര്‍ക്ക് സമനിലയുടെ ദിനം. റയല്‍ മഡ്രിഡിനെ വിയ്യാറയല്‍ 1-1ന് സമനിലയില്‍ തളച്ചപ്പോള്‍, ബാഴ്സലോണയെ അത്ലറ്റികോ മഡ്രിഡ് ഇതേ സ്കോറിന് പിടിച്ചുകെട്ടി. ലാ ലിഗയില്‍ തുടര്‍ച്ചയായ 17ാം ജയമെന്ന റെക്കോഡാണ് റയലിനെ കൈവിട്ടത്. 59ാം മിനിറ്റില്‍ ലയണല്‍ മെസ്സി പരിക്കേറ്റ് പുറത്തുപോയത് ബാഴ്സക്കും തിരിച്ചടിയായി. അഞ്ചു കളികളില്‍ 13 പോയന്‍റുമായി റയല്‍ മഡ്രിഡ് തന്നെയാണ് ലീഗില്‍ മുന്നില്‍. 11 പോയന്‍റുള്ള സെവിയ്യ രണ്ടാമതും പത്തു പോയന്‍റുമായി ബാഴ്സ മൂന്നാമതുമാണ്. ഒമ്പത് പോയന്‍റുള്ള അത്ലറ്റികോ നാലാം സ്ഥാനത്തുണ്ട്.

പരിക്കേറ്റ മെസ്സിക്ക് മൂന്നാഴ്ച വിശ്രമം വേണ്ടിവരും. പെറുവിനും പരഗ്വേക്കുമെതിരെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്‍റീന നിരയില്‍ മെസ്സിക്ക് കളിക്കാനാവില്ല. വെനിസ്വേലക്കെതിരെയും പരിക്കുകാരണം മെസ്സി കളിച്ചിരുന്നില്ല. ചാമ്പ്യന്‍സ് ലീഗില്‍ ബൊറൂസിയക്കെതിരെയും ലാ ലിഗയില്‍ സ്പോര്‍ട്ടിങ് ജിജോണിനും സെല്‍റ്റാ വിഗോക്കെതിരെയും താരത്തിന് കളിക്കാനാവില്ല.
 

റയലിന്‍െറ തട്ടകമായ സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന പോരാട്ടത്തില്‍ ആദ്യപകുതിയുടെ അന്ത്യനിമിഷത്തില്‍ ബ്രൂണോ സൊറിയാനോ പെനാല്‍റ്റി കിക്കിലൂടെ വിയ്യാറയലിനെ മുന്നിലത്തെിച്ചു. പെനാല്‍റ്റി ഏരിയയില്‍ സെര്‍ജിയോ റാമോസിന്‍െറ കൈയില്‍ പന്തുതട്ടിയതാണ് പെനാല്‍റ്റിക്ക് കാരണമായത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍, 48ാം മിനിറ്റില്‍ റാമോസ് തന്‍െറ പിഴവിന് പ്രായശ്ചിത്തം ചെയ്ത് വലകുലുക്കി. റയലിന്‍െറ സമനിലക്ക് പിന്നാലെ സ്വന്തം മൈതാനത്ത് ബാഴ്സലോണക്കും സമനില തന്നെയായിരുന്നു ഫലം. റയലിനെ കുരുക്കിയ വിയ്യാറയല്‍ പ്രതിരോധനിര പോലെ അത്ലറ്റികോ പ്രതിരോധ ഭടന്മാര്‍ക്ക് മുന്നില്‍ മെസ്സിയും കൂട്ടരും വിറച്ചു. എങ്കിലും ഗോള്‍മുഖത്ത് കിട്ടിയ അവസരങ്ങള്‍ മുതലാക്കിയ ഇവാന്‍ റാകിടിച് ബാഴ്സയെ 41ാം മിനിറ്റില്‍ മുന്നിലത്തെിച്ചു. ഇനിയെസ്റ്റയുടെ ക്രോസിന് തലവെച്ചായിരുന്നു ഗോള്‍.

കളി ഒരു മണിക്കൂറായപ്പോള്‍ മെസ്സി കര കരക്കുകയറി. നാഭിയിലെ പേശീവലിവാണ് സൂപ്പര്‍ താരത്തിന് വിനയായത്. മെസ്സിക്ക് പകരം അര്‍ദ ടുറാനാണ് ഇറങ്ങിയത്.മറ്റ് മത്സരങ്ങളില്‍ സെല്‍റ്റാ വിഗോ 2-1ന് സ്പോര്‍ട്ടിങ് ഗിജോണിനെയും റയല്‍ സോസീഡാഡ് 4-1ന് ലാസ് പാല്‍മാസിനെയും തോല്‍പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.