അണ്ടര്‍ 16 എ.എഫ്.സി കപ്പ് യോഗ്യത: ഇന്ത്യ ലബനാനെ 6-0ത്തിന് മുക്കി

തെഹ്റാന്‍: കാല്‍പന്തു മൈതാനിയില്‍ ഇന്ത്യക്ക് പ്രതീക്ഷയുടെ പുതുനാമ്പുകള്‍ പകര്‍ന്ന് കൗമാരസംഘം വരുന്നു. 2017ല്‍ രാജ്യം വേദിയാവുന്ന അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യക്ക് പന്തുതട്ടാന്‍ ഒരുങ്ങുന്ന സംഘം ഇറാനില്‍നിന്നും മടങ്ങുന്നത് തലയെടുപ്പോടെ. എ.എഫ്.സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പിലെ അവസാന യോഗ്യതാ മത്സരത്തില്‍ ലബനാനെ എതിരില്ലാത്ത ആറു ഗോളിന് തോല്‍പിച്ച് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ മടക്കം.
ആദ്യ മത്സരത്തില്‍ ബഹ്റൈനെ 5-0ത്തിന് തോല്‍പിച്ചവര്‍, രണ്ടാം അങ്കത്തില്‍ ഇറാനോട് 3-0ത്തിന് തോറ്റിരുന്നു. ജയിക്കാനുറപ്പിച്ചിറങ്ങിയ മൂന്നാം മത്സരത്തിലാണ് കരുത്തരായ ലബനാനെ ഗോളില്‍ മുക്കി അണ്ടര്‍ 16 സംഘത്തിന്‍െറ ജൈത്രയാത്ര. കളിയുടെ ആദ്യപകുതിയില്‍ ഒരു ഗോളിന് ലീഡ് നേടിയ ഇന്ത്യ അവസാന 20 മിനിറ്റിലാണ് ശേഷിച്ച അഞ്ചു ഗോളുകള്‍ അടിച്ചുകൂട്ടിയത്.
സുരേഷ് സിങ് വാങ്ജാം ഹാട്രിക്കുമായി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായി. 29ാം മിനിറ്റില്‍ ഇന്ത്യക്ക് ലീഡ് നല്‍കിയ സുരേഷ്, 71, 89 മിനിറ്റുകളിലും ലബനാന്‍ വലകുലുക്കികൊണ്ട് വിജയത്തിന് ആറാട്ടിന്‍െറ ശോഭനല്‍കി. 77ാം മിനിറ്റില്‍ കോമള്‍ തതലും 80ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അമര്‍ജിത് സിങ്ങുമാണ് രണ്ടു ഗോളുകള്‍ നേടിയത്. ലബനാന്‍ താരം ഹബീബ് ആന്‍റണിയുടെ സെല്‍ഫ് ഗോളിലൂടെ ഇന്ത്യയുടെ ഗോള്‍ നേട്ടം ആറായി.
അടുത്തവര്‍ഷം നടക്കുന്ന എ.എഫ്്.സി ചാമ്പ്യന്‍ഷിപ്പിന് ആതിഥേയരെന്ന നിലയില്‍ ഇന്ത്യ നേരത്തെതന്നെ ബെര്‍ത്തുറപ്പിച്ചിരുന്നു. എങ്കിലും കളിച്ചുജയിച്ച് അന്തസ്സോടെ ടൂര്‍ണമെന്‍റില്‍ കളിക്കാമെന്ന തീരുമാനത്തില്‍ ഇറാനിലേക്ക് പറന്നവര്‍ നിരാശപ്പെടുത്തിയില്ല.
മൂന്നുകളിയില്‍ രണ്ടു ജയവും ഒരു തോല്‍വിയുമായി ആറ് പോയന്‍റ്. അടിച്ചുകൂട്ടിയത് 11 ഗോളുകള്‍. വഴങ്ങിയതാവട്ടെ ഇറാന്‍ അടിച്ച മൂന്നു ഗോളും.
 കോച്ച് നിക്കോളായ് ആഡമിന്‍െറ കണക്കുകൂട്ടലുകള്‍ക്കൊത്തുയര്‍ന്നായിരുന്നു ഇന്ത്യക്കാര്‍ മത്സരം സ്വന്തം വഴിക്കാക്കിയത്. ജര്‍മനിയില്‍ പരിശീലന മത്സരം കളിച്ചശേഷമായിരുന്നു ടീമിന്‍െറ ഏഷ്യന്‍ അങ്കം. യോഗ്യതാ റൗണ്ടില്‍ മൂന്നില്‍ മൂന്നും ജയിച്ച ഇറാനാണ് ഒന്നാം സ്ഥാനത്ത്. ഗ്രൂപ് ചാമ്പ്യന്മാരായി ഇവര്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടും. 11 ഗ്രൂപ്പില്‍നിന്നുള്ള മികച്ച നാല് റണ്ണറപ്പുകളും യോഗ്യത നേടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.