കളിമൈതാനത്ത് കാരുണ്യത്തിന്‍െറ ഗോള്‍മഴ

മ്യൂണിക്: പിറന്ന മണ്ണും വളര്‍ന്ന നാടും വിട്ടെറിഞ്ഞ് അഭയാര്‍ഥികളാകാന്‍ വിധിക്കപ്പെട്ടവര്‍ക്കു മുന്നില്‍ കാരുണ്യത്തിന്‍െറ ഗോള്‍മഴ പെയ്യിച്ച് യൂറോപ്പിലെ ഫുട്ബാള്‍ ക്ളബുകള്‍.

സ്വിറ്റ്സര്‍ലന്‍ഡില്‍ ഗോള്‍മഴക്കായി പ്രാര്‍ഥിക്കാം

സ്വിറ്റ്സര്‍ലന്‍ഡ് ലീഗില്‍ ശനിയാഴ്ച 20 ടീമുകള്‍ കളത്തിലിറങ്ങുമ്പോള്‍ ലോകം ഗോള്‍മഴപെയ്യട്ടേയെന്ന പ്രാര്‍ഥനയിലാണ്. രാജ്യത്തെ ഒന്നും രണ്ടും ലീഗുകളിലായി ശനിയാഴ്ച പിറക്കുന്ന ഓരോ ഗോളിനുമായി യൂറോപ്പിലത്തെിയ അഭയാര്‍ഥികള്‍ക്ക് ലഭിക്കുന്നത് 455 യൂറോ. സ്വിസ് ഫുട്ബാള്‍ ഫെഡറേഷനു കീഴിലാണ് ഈ ജീവകാരുണ്യപ്രവര്‍ത്തനത്തിലേക്ക് ബൂട്ടണിയാന്‍ താരങ്ങളും ക്ളബുകളും ഒപ്പം ആരാധകരും ഒരുങ്ങുന്നത്.
റൈഫീസെന്‍ സൂപ്പര്‍ ലീഗ് എന്ന ഒന്നാം ഡിവിഷനിലും ചലഞ്ച് ലീഗ് എന്ന രണ്ടാം ഡിവിഷനിലും 10 വീതം ടീമുകളാണ് പന്തുതട്ടുന്നത്. പൊതുവേ ഗോളടിയില്‍ പിശുക്കരാണ് സ്വിസ് ലീഗുകള്‍. കഴിഞ്ഞയാഴ്ചയിലെ റൗണ്ടില്‍ ഇരു ലീഗിലുംകൂടി പിറന്നത് 29 ഗോളുകളായിരുന്നു. ഗോളടി മാത്രമല്ല. ആരാധകര്‍ക്കും അഭയാര്‍ഥി ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ അവസരമുണ്ട്.  

കൈകോര്‍ത്ത് യൂറോപ്പ്

അഭയാര്‍ഥിയാക്കപ്പെട്ടവന്‍െറ മതവും ദേശവും ചോദിക്കാതെ യൂറോപ്യന്‍ ഫുട്ബാള്‍ കൈകോര്‍ക്കുന്നു. ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണികും എതിരാളി ബൊറൂസിയ ഡോര്‍ട്മുണ്ടുമാണ് ആദ്യം രംഗത്തത്തെിയിരുന്നത്. ഇവര്‍ക്കു പിന്നാലെ ചാമ്പ്യന്‍സ് ലീഗിലും യൂറോപ ലീഗിലും കളിക്കുന്ന 80 ടീമുകളും സഹായഹസ്തവുമായി രംഗത്തിറങ്ങി. സീസണിലെ ആദ്യ മത്സരത്തിന് വിറ്റഴിക്കുന്ന ഓരോ ടിക്കറ്റിനും ഒരു യൂറോ തോതില്‍ അഭയാര്‍ഥികള്‍ക്കായി നീക്കിവെക്കുമെന്നാണ് പ്രഖ്യാപനം. പോര്‍ചുഗല്‍ ക്ളബ് പോര്‍ട്ടോ എഫ്.സി മുന്നോട്ടുവെച്ച നിര്‍ദേശത്തോട് 80 ക്ളബുകളും യുവേഫ പ്രസിഡന്‍റ് മിഷേല്‍ പ്ളാറ്റീനിയും അനുകൂലമായി പ്രതികരിച്ചു. നേരത്തേതന്നെ 10 ലക്ഷം യൂറോ സംഭാവന ചെയ്ത ബയേണ്‍ മ്യൂണികാണ് പോര്‍ട്ടോയുടെ ആഹ്വാനം ആദ്യം സ്വീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.