പരമരഹസ്യം, ബ്ളാസ്റ്റേഴ്സിന്‍െറ പടയൊരുക്കം


തിരുവനന്തപുരം: എതിരാളികളെല്ലാം സ്പെയ്നിലും ഇറ്റലിയിലും ദുബൈയിലുമായി പരിശീലനത്തിരക്കിലലിഞ്ഞപ്പോള്‍ സ്വന്തം മണ്ണിനെ സ്വര്‍ഗമാക്കി കേരള ബ്ളാസ്റ്റേഴ്സിന്‍െറ പടയൊരുക്കം. ദേശീയ ഗെയിംസ് വേദിയായിരുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സര്‍വം രഹസ്യമാക്കി കോച്ച് പീറ്റര്‍ ടെയ്ലറിനും സഹായികള്‍ക്കും നടുവില്‍ ബ്ളാസ്റ്റേഴ്സിന്‍െറ കൊമ്പന്മാര്‍ മൂര്‍ച്ചകൂട്ടുന്ന തിരക്കിലാണ്. മാധ്യമങ്ങളില്‍ നിന്നും ആരാധകരില്‍ നിന്നും അകന്ന് ഇംഗ്ളീഷ് കോച്ചിന്‍െറ കടുത്ത ശിക്ഷണത്തില്‍ രണ്ടാം സീസണ്‍ ഒരുക്കം തകൃതിയായി.
പരിശീലനസമയത്ത് ആരെയും കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് കടത്തരുതെന്നാണ് സുരക്ഷാചുമതലയുള്ളചീഫ് സെക്യൂരിറ്റി ഓഫിസര്‍ക്ക് കോച്ചിന്‍െറ നിര്‍ദേശം. വീഴ്ചയുണ്ടായല്‍ പരിശീലനം മതിയാക്കി ടീം ഗോവയിലേക്ക് പറക്കുമെന്നും ടെയ്ലര്‍ വ്യക്തമാക്കിയതോടെ, പ്രിയതാരങ്ങളെ കാണാനുള്ള ആരാധകരുടെ മോഹങ്ങള്‍ തുടക്കത്തിലേ കെട്ടടങ്ങി.
ഈമാസം രണ്ടിനാണ് ബ്ളാസ്റ്റേഴ്സ് താരങ്ങള്‍ തലസ്ഥാനത്തത്തെിയത്. വെള്ളിയാഴ്ച മുതല്‍ ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനം ആരംഭിച്ചു. രാവിലെ ഏഴുമുതല്‍ 9.30 വരെയാണ് ടീമിന്‍െറ പരിശീലനം. ദിവസവും  പുലര്‍ച്ചെ അഞ്ചോടെ പരിശീലനം ഉണ്ടോ എന്നത് സംബന്ധിച്ച കോച്ചിന്‍െറ ഇ-മെയില്‍ സന്ദേശം സ്റ്റേഡിയം ചീഫ് സെക്യൂരിറ്റി ഓഫിസര്‍ക്ക് ലഭിക്കും. ഇതിനുശേഷം സ്റ്റേഡിയത്തിലെ അഞ്ച് ഗേറ്റുകളിലായി നാല്‍പതോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. തുടര്‍ന്ന് ടീം സ്റ്റേഡിയം വിട്ടശേഷമേ ഗേറ്റുകളിലൂടെ സ്റ്റേഡിയം ജീവനക്കാരെപ്പോലും കടത്തിവിടൂ. കളിക്കാരെ സംബന്ധിച്ച ഒരു വിവരവും മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് ടീമംഗങ്ങള്‍ താമസിക്കുന്ന ഹോട്ടല്‍ അധികൃതര്‍ക്കും ഗ്രീന്‍ഫീല്‍ഡ് ഗ്രൗണ്ട് ജീവനക്കാര്‍ക്കും നിര്‍ദേശമുണ്ട്.
ശനിയാഴ്ചയോടെ ടീമിലെ കൂടുതല്‍ താരങ്ങള്‍ തലസ്ഥാനത്തത്തെി. ഇയാന്‍ ഹ്യൂമിന്‍െറ പകരക്കാരന്‍ ഇംഗ്ളീഷ് താരം ക്രിസ് ഡഗ്നാല്‍, പ്രതിരോധക്കാരന്‍ മാര്‍ക്കസ് വില്യംസ്, ബ്രൂണോ പെറോണ്‍, ജോസ് ക്യൂറൈസ് പ്രിറ്റോ, സാഞ്ചസ് വാട്ട്, ജൊവാവോ കോയിംബ്ര, മലയാളിതാരം മുഹമ്മദ് റാഫി, രമണ്‍ ദീപ് സിങ്, ഇഷ്ഫാക്ക് അഹമ്മദ്, പീറ്റര്‍ കാര്‍വാലോ തുടങ്ങിയവര്‍ ടീമിനൊപ്പംചേര്‍ന്നു. ഒരാഴ്ചയോളം തലസ്ഥാനത്തുള്ള ടീം പരിശീലനം പൂര്‍ത്തിയാക്കി ഗോവയിലേക്ക് പറക്കും. അവിടെ ഗോവന്‍ ക്ളബുകളായ ചര്‍ച്ചില്‍ ബ്രദേഴ്സ്, ഡെംപോ എന്നിവയുമായി പരിശീലന മത്സരം കളിക്കും.     

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.