അര്‍ജന്‍റീനക്ക് ഏഴു ഗോളിന്‍െറ തകര്‍പ്പന്‍ ജയം

ടെക്സസ്: ലോകകപ്പ്, കോപ അമേരിക്ക. ഒരു വര്‍ഷത്തിനുള്ളിലത്തെിയ രണ്ട് സുപ്രധാന ഫൈനലുകളില്‍ കളിച്ചിട്ടും എതിരാളികളുടെ കിരീടഘോഷയാത്രയുടെ കാഴ്ചക്കാരനാവുകയെന്ന തീരാവേദനയില്‍നിന്ന് അര്‍ജന്‍റീന തിരിച്ചുവരുകയാണ്. കോപ ഫൈനലില്‍ ചിലിക്കു മുന്നില്‍ തോറ്റശേഷം രണ്ടു മാസം കഴിഞ്ഞ് അര്‍ജന്‍റീന വീണ്ടും കളത്തിലിറങ്ങിയപ്പോള്‍ ബൊളീവിയക്കെതിരെ ഏഴു ഗോളിന്‍െറ തകര്‍പ്പന്‍ ജയം. സൗഹൃദപോരാട്ടത്തില്‍ ലയണല്‍ മെസ്സി, എസിക്വേല്‍ ലാവെസ്സി, സെര്‍ജിയോ അഗ്യൂറോ എന്നിവര്‍ ഇരട്ട ഗോളടിച്ചുകൂട്ടിയപ്പോള്‍ അവസാന ഗോള്‍ പിറന്നത് അരങ്ങേറ്റക്കാരന്‍ എയ്ഞ്ചല്‍ കൊറീയയുടെ ബൂട്ടില്‍നിന്ന്. 65ാം മിനിറ്റില്‍ പകരക്കാരന്‍െറ ബെഞ്ചില്‍നിന്ന് മൈതാനത്തത്തെിയായിരുന്നു 10 മിനിറ്റിനുള്ളില്‍ മെസ്സിയുടെ ഇരട്ട ഗോളുകള്‍. കോപ അമേരിക്കയിലെ തോല്‍വിക്കു പിന്നാലെ, ആരാധകവിമര്‍ശത്തില്‍ മനംമടുത്ത് ദേശീയ ടീമില്‍നിന്ന് അവധിയെടുക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലായിരുന്നു ബാഴ്സലോണ സൂപ്പര്‍താരം കളത്തിലത്തെിയതും ഗോളടിച്ചുകൂട്ടിയതും.

അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ നടന്ന മത്സരത്തില്‍ താരസമ്പന്നമായിതന്നെ അര്‍ജന്‍റീനയത്തെി. മെസ്സിയും ടെവസും മഷറാനോയുമെല്ലാം പകരക്കാരുടെ ബെഞ്ചിലായപ്പോള്‍, പ്ളെയിങ് ഇലവനില്‍ ആക്രമണദൗത്യം അഗ്യൂറോക്കായിരുന്നു. 4^3^3 ഫോര്‍മേഷന്‍ ലൈനപ്പില്‍ വിങ്ങില്‍ ലാവെസ്സിയും ബെന്‍ഫിക താരം നികോളസ് ഗെയ്റ്റാനും നിലയുറപ്പിച്ചു. ആറാം മിനിറ്റില്‍തന്നെ അഗ്യൂറോയുടെ പാസിലൂടെ ലാവെസ്സിയാണ് ബൊളീവിയന്‍ ഗോള്‍വല ആദ്യം കുലുക്കിയത്. തുടര്‍ന്ന് 34ാം മിനിറ്റില്‍ അഗ്യൂറോയും ലക്ഷ്യംകണ്ടതോടെ അര്‍ജന്‍റീന റൈറ്റ് ട്രാക്കിലായി. 41ാം മിനിറ്റില്‍ ലാവെസ്സി ഇരട്ടഗോള്‍ തികച്ചപ്പോള്‍, 59ാം മിനിറ്റില്‍ അഗ്യൂറോയും രണ്ട് പൂര്‍ത്തിയാക്കി.



67, 75 മിനിറ്റുകളിലായിരുന്നു മെസ്സി ലക്ഷ്യംകണ്ടത്. ഇതോടെ അര്‍ജന്‍റീനക്കുവേണ്ടി ബാഴ്സതാരത്തിന്‍െറ ഗോള്‍നേട്ടം 48 ആയി. 56 ഗോളടിച്ച ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയാണ് മെസ്സിക്ക് മുന്നിലെ ഏകതാരം. ലാവെസ്സിക്കു പകരം 81ാം മിനിറ്റില്‍ ഗ്രൗണ്ടിലത്തെി രാജ്യാന്തര അരങ്ങേറ്റംകുറിച്ച 20കാരന്‍ കൊറീയ മൂന്ന് മിനിറ്റിനകം ഗോളടിച്ച് അര്‍ജന്‍റീനയുടെ വിജയത്തിന് ഏഴഴക് സമ്മാനിച്ചു. അത്ലറ്റികോ മഡ്രിഡിന്‍െറ താരംകൂടിയാണ് കൊറീയ. രണ്ടു ഗോളടിക്കുകയും മൂന്നു ഗോളിന് വഴിയൊരുക്കുകയും ചെയ്ത് അഗ്യൂറോയും തിളങ്ങി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.