മരിന്‍ വഴിമാറി, സൈന വീണ്ടും ഒന്നാം നമ്പര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരം സൈന നെഹ്വാള്‍ ലോക ഒന്നാം നമ്പര്‍ പദവിയില്‍ തിരിച്ചത്തെി. കഴിഞ്ഞയാഴ്ച നടന്ന ലോക ചാമ്പ്യന്‍ഷിപ് ഫൈനലില്‍ തന്നെ തോല്‍പിച്ച സ്പാനിഷ് താരം കരോലിന മരിനെ പിന്തള്ളിയാണ് പുതിയ ലോക റാങ്കിങ്ങില്‍ സൈന ഒന്നാമതത്തെിയത്.

ചരിത്രം സൃഷ്ടിച്ച വെള്ളി നേട്ടത്തിനൊപ്പം ലോക ചാമ്പ്യന്‍ഷിപ്പില്‍ നേടിയ പോയന്‍റുകളാണ് ഇന്ത്യന്‍താരത്തിന്‍െറ മുന്നേറ്റത്തിന് സഹായകമായത്. 82,792 പോയന്‍റാണ് സൈനക്കുള്ളത്. സ്വര്‍ണം നേടിയിട്ടും പുതിയ റാങ്കിങ് പോയന്‍റുകള്‍ മരിന് ലഭിച്ചിരുന്നില്ല. കരിയറിലെ ആദ്യ ഇന്ത്യ ഓപണ്‍ ജയത്തിനുശേഷം മാര്‍ച്ചിലാണ് സൈന ചരിത്രത്തിലാദ്യമായി ലോക ഒന്നാം നമ്പറായത്. തൊട്ടുപിന്നാലെ സ്ഥാനം നഷ്ടമായെങ്കിലും മേയില്‍ വീണ്ടും ഒന്നാമതായി. എന്നാല്‍, ജൂണില്‍ മരിന്‍ സ്ഥാനം പിടിച്ചടക്കുകയായിരുന്നു.

പുരുഷ സിംഗ്ള്‍സില്‍ പി. കശ്യപ് രണ്ടു സ്ഥാനങ്ങളുടെ നേട്ടവുമായി എട്ടാമതായി. ഒരുപടി താഴേക്കിറങ്ങിയ കെ. ശ്രീകാന്ത് നാലാമതായി. ലോക ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറിലത്തെിയ പ്രകടനത്തിന്‍െറ ബലത്തില്‍ വനിതാ ഡബ്ള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം ആദ്യ 10ല്‍ ഇടംപിടിച്ചു. രണ്ടു സ്ഥാനംകയറി 10ാം റാങ്കിലാണ് ജ്വാല-അശ്വിനി ജോടി. വനിതാ സിംഗ്ള്‍സില്‍ തുടര്‍ച്ചയായ മൂന്നാം ലോക ചാമ്പ്യന്‍ഷിപ് മെഡലെന്ന ലക്ഷ്യം കൈവരിക്കാനാകാതെ ക്വാര്‍ട്ടറില്‍ പുറത്തായ പി.വി. സിന്ധു ഒരുസ്ഥാനം ഇറങ്ങി 14ാമതായി. പുരുഷ ഡബ്ള്‍സില്‍ അഞ്ചുസ്ഥാനം താഴേക്കിറങ്ങിയ മനു അത്രി-ബി. സുമീത് റെഡ്ഡി സഖ്യം 22ാമതായി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.