ഇഞ്ചുറി ടൈമിലെ ഇരട്ട ഗോളുകൾ; പനാമയെ വീഴ്ത്തി ഖത്തർ
ദോഹ: ഫിഫ അണ്ടർ 17 ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പനാമയ്ക്കെതിരെ ഖത്തറിന് ആവേശകരമായ വിജയം. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾരഹിത സമനിലയിലായിരുന്ന കളിയിൽ, ഇഞ്ചുറി ടൈമിൽ നേടിയ രണ്ട് ഗോളുകളാണ് (2-0) ഖത്തർ വിജയക്കൊടി പാറിച്ചത്. മത്സരത്തിന്റെ തുടക്കം മുതൽ ഇരുടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോൾ വല കുലുക്കാൻ ആർക്കുമായില്ല. ഖത്തർ താരങ്ങളായ ഒമർ അയ്മൻ, മാറ്റിയോ എസ്പാരിസ എന്നിവർക്ക് മഞ്ഞക്കാർഡും ലഭിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ പനാമ നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും ഖത്തർ പ്രതിരോധം ഉറച്ചുനിന്നു. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച നിമിഷത്തിലാണ് നാടകീയമായ ക്ലൈമാക്സ് അരങ്ങേറിയത്. ഖത്തറിന് അനുകൂലമായി ലഭിച്ച പെനാൽറ്റിയിലൂടെ (90+1) താഹ നാസിർ പന്ത് വലയിലെത്തിച്ച് ഖത്തറിന് ലീഡ് നൽകി. 90+4-ാം മിനിറ്റിൽ പകരക്കാരനായി കളത്തിലിറങ്ങിയ അബ്ദുല്ലായെ എൻഡിയെ രണ്ടാം ഗോളും നേടി ഖത്തർ വിജയം ഉറപ്പിച്ചു.
മറ്റൊരുകളിയിൽ സൗദി അറേബ്യക്കെതിരെ ഉറുഗ്വേ തകർപ്പൻ വിജയം സ്വന്തമാക്കി. രണ്ട് തവണ പിന്നിൽ നിന്ന ശേഷം ശക്തമായി തിരിച്ചടിച്ചാണ് ഉറുഗ്വേ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് സൗദിയെ കീഴടക്കിയത്. മത്സരത്തിന്റെ തുടക്കം മുതൽ ഉറുഗ്വേ ആക്രമിച്ചു കളിച്ചെങ്കിലും 38ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ഫാരിസ് ബുഷാഖറ സൗദിക്ക് ലീഡ് നൽകി. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ 44ാം മിനിറ്റിൽ പാബ്ലോ ബാരെയ്റോയിലൂടെ ഉറുഗ്വേ സമനില ഗോൾ നേടി.
രണ്ടാം പകുതിയുടെ 58-ാം മിനിറ്റിൽ ലഭിച്ച രണ്ടാമത്തെ പെനാൽറ്റിയും കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് ഫാരിസ് ബുഷാഖ്റ സൗദിയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ 69ാം മിനിറ്റിൽ സൗദി താരം ജവാദ് അൽഹിഷം അൽസയെദിന്റെ സെൽഫ് ഗോളിലൂടെ ഉറുഗ്വേ വീണ്ടും ഒപ്പമെത്തി.
കളി സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിൽ, 86-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഫാകുണ്ടോ റോഡ്രിഗസ് ഉറുഗ്വേയുടെ വിജയഗോൾ നേടി. തിയാഗോ ബ്രിസുവേലയുടെ അസിസ്റ്റിൽ നിന്നായിരുന്നു നിർണ്ണായക ഗോൾ. ഇൻജുറി ടൈമിലും സൗദി തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും പ്രതിരോധം ശക്തമാക്കി ഉറുഗ്വേ വിജയം ഉറപ്പാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.