തിരുവനന്തപുരം: അണ്ടർ17 ലോകകപ്പിനുള്ള ആവേശാരവങ്ങൾ രാജ്യാതിർത്തികൾ കടന്ന് കൊച്ചിയിൽ അലയടിക്കുമ്പോൾ, ഫുട്ബാൾ ലോകവും കേരളവും സൗകര്യപൂർവം മറന്ന ഒരു പേരുണ്ട് -എസ്. ലളിത. 1991ൽ ആദ്യ ഫിഫ ലോകകപ്പ് നടക്കും മുമ്പ് ചൈനീസ് തായ്പെയ് വേദിയായ ഇൻവിറ്റേഷനൽ ലോകകപ്പിൽ പന്തുതട്ടിയ താരം. ചരിത്രത്തിൽ ഒരുതവണമാത്രമായിരുന്നു ഇന്ത്യൻ വനിതകൾ ആദ്യ കാല ലോകകപ്പിൽ പന്തുതട്ടിയത്. അന്ന് മധ്യനിരയിൽ ചുക്കാൻ പിടിച്ച മലയാളി കേരളത്തിെൻറ കായിക ചരിത്രത്തിൽ എക്കാലവും ഓർപ്പിക്കപ്പെടേണ്ട േപരാണ്. എന്നാൽ, ആരോരുമറിയാതെ തിരുവനന്തപുരം മുട്ടത്തറയിലെ പുതുവൽ പുത്തൻവീട്ടിൽ കുടുംബിനിയായി ഒതുങ്ങിക്കൂടുകയാണ് ഇവർ.
ഇന്ത്യൻ ഫുട്ബാളിന് മികച്ച താരങ്ങളെ സംഭാവന ചെയ്ത വലിയതുറ കടപ്പുറത്ത് നിന്നുതന്നെയാണ് ലളിതയുടെയും വളർച്ച. 1979ൽ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പിലാണ് ആദ്യമായി കേരളത്തിെൻറ കുപ്പായമണിയുന്നത്.1980ൽ ഹോങ്കോങ്ങിൽ നടന്ന ഏഷ്യ കപ്പ് ഫുട്ബാളിൽ ആദ്യമായി ഇന്ത്യൻ ജേഴ്സിയണിന്നു. ഹോങ്കോങ്ങിലെ മികച്ച പ്രകടത്തോടെ ലോകകപ്പ് ടീമിലേക്കും െതരഞ്ഞെടുക്കപ്പെട്ടു. 1981ൽ ചൈനയിലെ തായ്പെയിൽ നടന്ന രണ്ടാം വനിത ലോകകപ്പ് ഫുട്ബാളിൽ ഇന്ത്യ അർജൻറീനക്കെതിരെ കളിച്ച് ചരിത്രം സൃഷ്ടിക്കുമ്പോൾ കേരളത്തിന് ലഭിച്ചത് ഏക ലോകകപ്പ് താരത്തെയാണ്.
വഴുതക്കാട് ഗവ. വനിത കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു ലോകകപ്പ് പ്രകടനം. കളി കഴിെഞ്ഞത്തിയ ലളിതക്കായി സംസ്ഥാന സർക്കാർ വച്ചുനീട്ടിയത് കെ.എസ്.ആർ.ടി.സിയിലെ ജോലിയായിരുന്നു. 1981-82ലെ ജി.വി. രാജ അവാർഡും നൽകി. എന്നാൽ, പിന്നീടങ്ങോട്ട് ലളിതയെ എല്ലാവരും മറന്നു. കഴിഞ്ഞ മേയിൽ അഡ്മിനിട്രേറ്റിവ് ഓഫിസറായി വിരമിച്ചു. ഇപ്പോൾ തിരുവനന്തപുരം ഫുട്ബാൾ അക്കാദമിയിൽ സഹപരിശീലകയാണ്. ബ്രസീലിെൻറ കടുത്ത ആരാധികയായതിനാൽ ഇത്തവണ കൊച്ചിയിൽ കളികാണാൻ ഭർത്താവ് ലോഹിതദാസനൊപ്പം സ്റ്റേഡിയത്തിെൻറ ഒരു മൂലയിൽ ലളിതയുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.