കോഴിക്കോട്: വി.പി. സത്യനെന്ന ഫുട്ബാൾ ക്യാപ്റ്റനെപ്പോലെ മരണം േലാങ്വിസിൽ മുഴക്കി െകാണ്ടുപോവുകയായിരുന്നു നരിക്കുനിക്കാരുടെ സ്വന്തം സുനിൽകുമാറിനെയും. സത്യെൻറ മരണത്തെ അനുസ്മരിപ്പിച്ച്, ജീവിതം സ്വയം അവസാനിപ്പിച്ച മുൻ കേരള ക്യാപ്റ്റൻ പി.കെ. സുനിൽകുമാറിെൻറ ഒാർമകൾ ഉറങ്ങുകയാണ് ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന സ്വപ്നനഗരിയിൽ. 2001ൽ കേരളത്തിെൻറ പുരുഷന്മാർ സ്വപ്നനഗരിയിലെ തുറന്നമൈതാനത്ത് കിരീടം ചൂടുേമ്പാൾ സുനിൽകുമാറും ടീമിലുണ്ടായിരുന്നു. സ്പോർട്സ് ഹോസ്റ്റലുകളും സായി കേന്ദ്രങ്ങളും മാത്രം മികച്ച താരങ്ങളെ സൃഷ്ടിക്കുന്ന കാലത്തായിരുന്നു പ്രാദേശിക ടൂർണമെൻറുകളിലെ മികവിൽ ഇൗ കോഴിക്കോട്ടുകാരൻ ഉയർന്നുവന്നത്.
വാഴനാരുകൊണ്ടുണ്ടാക്കിയ പന്തുമായാണ് കർഷകത്തൊഴിലാളിയുടെ മകനായ സുനിൽ കളി തുടങ്ങുന്നത്. പിന്നീട് ഗ്രീൻസ്റ്റാർ നരിക്കുനി, സൊപ്രാനോ പാലങ്ങാട്, ഫൈറ്റേഴ്സ് പാലങ്ങാട്, ചിത്തിര കതിരോട് തുടങ്ങിയ ടീമുകൾക്കായി ‘ലോക്കൽ’ കളിച്ച സുനിൽ കാണികളുടെ ഒാമനയായിരുന്നു. സുനിലിെൻറ ഫസ്റ്റ്പാസുകൾ കിറുകൃത്യമായിരുന്നുവെന്ന് 15ാം വയസ്സ് മുതൽ ഒരുമിച്ചു കളിച്ച തൊട്ടടുത്ത നാട്ടുകാരൻകൂടിയായ ഇൻറർനാഷനൽ താരം ഇ.കെ. കിഷോർകുമാർ ഒാർക്കുന്നു.
ഏതു വമ്പൻ സർവുകളും പതറാതെ സ്വീകരിച്ച സുനിൽ ആക്രമണത്തിന് പുതിയ ഭാവവും നൽകി. പിന്നിട്ടുനിന്ന കളികളിൽ ഒറ്റക്കു പൊരുതി പല ടൂർണമെൻറുകളിലും ടീമിന് വിജയം നേടിക്കൊടുക്കാൻ മറഞ്ഞുപോയ ആ താരത്തിന് കഴിഞ്ഞിരുന്നു. ജില്ലക്കായി സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ കളിച്ച സുനിൽ പിന്നീട് കോഴിക്കോടിെൻറ പ്രിയതാരമായി. ദേശീയ യൂത്ത് േവാളിബാൾ ചാമ്പ്യൻഷിപ്പിന് കോഴിക്കോട് വേദിയായപ്പോൾ കിഷോറും സുനിലുമുൾപ്പെട്ട ടീം കിരീടം നേടിയിരുന്നു. പിന്നീട് സീനിയർ ടീമിലും സുനിൽ ഇടം നേടി. 2005ലെ ദേശീയ ചാമ്പ്യൻഷിപ് ചെന്നൈയിൽ നടന്നപ്പോൾ കേരളത്തിെൻറ നായകപദവി സുനിലിനെ തേടിയെത്തി.
ടോം ജോസഫ്, ടി.കെ. ശ്രീഷ്, ജോബിഷ്, ടി. അസീസ്, കിഷോർ കുമാർ തുടങ്ങി കോഴിക്കോട്ടുകാരുടെ പടതന്നെയായിരുന്നു ടീമിൽ. അന്ന് സെമിയിൽ തോറ്റു മടങ്ങാനായിരുന്നു വിധി. കെ.എസ്.ആർ.ടി.സിയുടെ വോളി ടീമിലും കളിച്ചു. പാലാടിക്കുഴിയിൽ ആണ്ടിയുടെയും മാലിനിയുടെയും മകനായ സുനിൽ 2010 ജൂൺ രണ്ടിന് കൊച്ചി വെലിങ്ടൺ ഐലൻഡിലെ ക്വാർട്ടേഴ്സിൽ ജീവിതപോരാട്ടം സ്വയം അവസാനിപ്പിച്ചപ്പോൾ ഓർമയിൽ ബാക്കിയായത് മിന്നുന്ന സ്മാഷുകളായിരുന്നു. വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറായ രസിതയാണ് ഭാര്യ. ഒരു മകളുണ്ട്. സുനിലിെൻറ ഓർമക്കായി ‘സാവോസ്’ എന്ന പേരിൽ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് വോളി അക്കാദമി തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.