ലോകോത്തരന്‍

ഭൂപടത്തില്‍ പൊട്ടുപോലൊരു രാജ്യമാണ് പോര്‍ചുഗല്‍. വെറും ഒരുകോടി മാത്രം ജനങ്ങളുള്ള നാട്. അവരില്‍ ഒരാളുടെ മാത്രം പെരുമയിലാണ് ഇന്ന് പറങ്കികളുടെ നാട് ലോകമറിയുന്നത്. ലോകം അടക്കിഭരിച്ച പൂര്‍വികരുടെ പാരമ്പര്യംപോലും ആ പ്രതിഭയുടെ വെള്ളിവെളിച്ചത്തിനു മുന്നില്‍ നിഷ്പ്രഭമാവുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ- രാജ്യത്ത് വിരുന്നത്തെുന്നവര്‍ക്കും വിരുന്ന് പോവുന്നവരും തങ്ങളുടെ അഭിമാനപുത്രന്‍െറ ഓര്‍മകളാണിന്ന് സമ്മാനിക്കുന്നത്. എന്തിനേറെ, പോര്‍ചുഗല്‍ പ്രധാനമന്ത്രി അന്‍േറാണിയോ കോസ്റ്റ കഴിഞ്ഞയാഴ്ച ഇന്ത്യയിലത്തെിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കാനുണ്ടായിരുന്നതും ഓരോ ഫുട്ബാള്‍ ആരാധകനും അമൂല്യമായ ആ പേരുപതിച്ച കുപ്പായംതന്നെ. യുസേബിയോയും ലൂയി ഫിഗോയും വെട്ടിയ വഴികളിലൂടെ നടന്ന് ലോകഫുട്ബാളിലെ ഇതിഹാസങ്ങളുടെ പട്ടികയിലേക്കാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തുന്നത്. അതിന് അടിവരയിട്ട് കഴിഞ്ഞ രാത്രി ഫിഫയുടെ ലോക ഫുട്ബാളര്‍ പുരസ്കാരവുമത്തെി.

തുകല്‍പന്തില്‍ തട്ടിത്തുടങ്ങിയ കാലംമുതല്‍ ഓമനിച്ചുനടന്ന സ്വപ്നം യാഥാര്‍ഥ്യമാവുന്ന നിമിഷമെന്നായിരുന്നു സൂറിക്കിലെ ഫിഫ ആസ്ഥാനത്ത് ‘ദ ബെസ്റ്റ്’ പുരസ്കാരം സ്വീകരിച്ച് ക്രിസ്റ്റ്യാനോ മനസ്സുതുറന്നത്.

‘‘ലോകഫുട്ബാള്‍ ചരിത്രത്തിന്‍െറ ഭാഗമാവുക. അതെന്‍െറ ഏറ്റവും വലിയ സ്വപ്നമായിരുന്നു. കളിതുടങ്ങിയ കാലം മനസ്സില്‍ കുറിച്ചിട്ട ലക്ഷ്യം. ഇപ്പോള്‍ അത് യാഥാര്‍ഥ്യമായിരിക്കുന്നു. ഫുട്ബാള്‍ കരിയറില്‍ എനിക്കൊപ്പമുള്ള ട്രോഫികള്‍ ഇക്കാര്യം സംസാരിക്കുന്നു.

കിരീടങ്ങള്‍, വ്യക്തിഗത സമ്മാനങ്ങള്‍, റെക്കോഡുകള്‍... സംശയലേശമന്യേ പറയാം, ഞാനുമടങ്ങിയതാണ് ലോകഫുട്ബാളിന്‍െറ ചരിത്രം’’ -തങ്കലിപികളാല്‍ കുറിച്ചിടപ്പെടുന്ന വാചകങ്ങളില്‍ എല്ലാമുണ്ട്.ഏഴാമത്തെ വയസ്സില്‍ ജന്മനാടായ മദേരയിലെ അന്‍ഡോറിനയുടെ യൂത്ത് അക്കാദമിയില്‍ പന്തുതട്ടിത്തുടങ്ങിയതാണ് ക്രിസ്റ്റ്യാനോ. മദേരയിലെ തന്നെ സി.ഡി നാഷനലിലൂടെ പോര്‍ചുഗലിലെ ഒന്നാം നമ്പര്‍ ക്ളബ് സ്പോര്‍ട്ടിങ് ലിസ്ബന്‍ വഴി ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് പറിച്ചുനടപ്പെട്ട പ്രഫഷനല്‍ ഫുട്ബാള്‍ കരിയര്‍. പിന്നെ, ഓരോ ചുവടും ചരിത്രത്തിലേക്കായിരുന്നു. തൊട്ടതെല്ലാം പൊന്നായിമാറിയ കരിയര്‍. ആറു വര്‍ഷം (2003-09) അലക്സ് ഫെര്‍ഗൂസന്‍െറ പ്രിയശിഷ്യനായി ലോകഫുട്ബാളിലെ അസാമാന്യപ്രതിഭയായി പേരെടുത്തു. 2009ല്‍ ലോകത്തെ അതിശയിപ്പിച്ച പ്രതിഫലത്തിന് സ്പാനിഷ് വമ്പന്മാരായ റയല്‍ മഡ്രിഡില്‍. കഴിഞ്ഞ ഏഴു വര്‍ഷമായി സ്പാനിഷ് ക്ളബിന്‍െറ മുന്‍നിരയില്‍ പകരംവെക്കാനില്ലാത്ത പടനായകനായി ക്രിസ്റ്റ്യാനോയുണ്ട്. 381 മത്സരങ്ങളില്‍നിന്ന് 368 ഗോളുമായി റയലിന്‍െറ ഗോളടിക്കാരില്‍ മുന്നില്‍. കഴിഞ്ഞ 13 വര്‍ഷമായി പോര്‍ചുഗലിന്‍െറ കുപ്പായത്തിലും നിറസാന്നിധ്യമായ ക്രിസ്റ്റ്യാനോ ഫിഫ ലോകകപ്പ് കിരീടമല്ലാത്തതെല്ലാം സ്വന്തമാക്കി. ഏറ്റവും ഒടുവിലായി യൂറോ കപ്പില്‍ പോര്‍ചുഗലിനെ ജേതാക്കളാക്കിയപ്പോള്‍ ക്ളബിനും രാജ്യത്തിനും ഒരുപോലെ പ്രിയപ്പെട്ടവനെന്ന പെരുമയും തന്‍െറ പേരിനൊപ്പം ചേര്‍ത്തു.

ബെസ്റ്റ് 2016
തന്‍െറ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമെന്നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2016നെ വിശേഷിപ്പിച്ചത്. പോര്‍ചുഗലിന് ചരിത്രത്തിലെ ആദ്യ യൂറോ കപ്പ്, റയല്‍ മഡ്രിഡില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗും ഫിഫ ക്ളബ് ലോകകപ്പും. ലാ ലിഗ സീസണില്‍ കിരീടക്കുതിപ്പില്‍ ഏറ്റവും മുന്നിലും. സ്വപ്നക്കുതിപ്പിനുള്ള അംഗീകാരമായി മൂന്നു പുരസ്കാരങ്ങളും ക്രിസ്റ്റ്യാനോയെ തേടിയത്തെി.
 യൂറോപ്പിലെ മികച്ച താരം. പിന്നെ, ബാലണ്‍ഡി ഓര്‍, ഒടുവിലായി ഫിഫ ബെസ്റ്റ് പ്ളെയര്‍ പുരസ്കാരവും. നാലാം തവണയാണ് മികച്ച ഫിഫ പ്ളെയര്‍ പുരസ്കാരത്തിന് അര്‍ഹനാവുന്നത്. നേരത്തേ 2008, 2013, 2014 വര്‍ഷങ്ങളില്‍ ലോകതാരമായിരുന്നു. 2008ലും 2016ലും ബാലണ്‍ഡി ഓറും നേടി. തുടര്‍ച്ചയായി 10ാം തവണ ഫിഫ്പ്രൊ ലോക ഇലവനില്‍ മുന്നേറ്റനിരയുടെ പടത്തലവനുമായി.

Tags:    
News Summary - christiyano get world footballer of the year prize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.