ഇനി കെര്‍ബര്‍ യുഗം

ന്യൂയോര്‍ക്: ടെന്നിസില്‍ എപ്പോഴും അങ്ങനെയാണ്. താരരാജക്കന്മാരുടെ തലപ്പത്ത് സമഗ്രാധിപത്യവുമായി ഒരു ഒറ്റയാന്‍ എപ്പോഴുമുണ്ടാകും. ഒരിക്കല്‍ പീറ്റ് സാംപ്രസും റോജര്‍ ഫെഡററും റാഫേല്‍ നദാലും കൈയടക്കിയിരുന്ന സ്ഥാനം ഇപ്പോള്‍ നൊവാക് ദ്യോകോവിച് സ്വന്തമാക്കിവെച്ചിരിക്കുന്നത് പോലെ. പക്ഷേ, വനിതാ ടെന്നിസില്‍ ഏറെക്കാലമായി സെറീന മാത്രമായിരുന്നു അവസാന വാക്ക്. ഇതിനിടയില്‍ മരിയ ഷറപ്പോവയും കിം കൈ്ളസ്റ്റേഴ്സുമൊക്കെ വന്നുപോയെങ്കിലും ഉലച്ചിലില്ലാതെ സെറീനയുടെ സ്ഥാനം തലപ്പത്തു തന്നെ നിന്നു. ഇതിനൊരു മാറ്റത്തിന്‍െറ സൂചികയുമായാണ് ആഞ്ചലിക് കെര്‍ബര്‍ എന്ന അവതാരത്തിന്‍െറ വരവ്.

187 ആഴ്ചയായി സെറീന വില്യംസ് കൈയടക്കിവെച്ചിരിക്കുന്ന ലോക ഒന്നാം നമ്പര്‍ സ്ഥാനവും കെര്‍ബര്‍ സ്വന്തംപേരില്‍ എഴുതിച്ചേര്‍ത്തതോടെ വനിതാ ടെന്നിസില്‍ പുതുയുഗം പിറക്കുകയാണ്.

നാലുവര്‍ഷം മുമ്പാണ് 28കാരിയായ കെര്‍ബറിനെക്കുറിച്ച് ടെന്നിസ് ലോകം കേട്ടുതുടങ്ങിയത്. 2012 സീസണില്‍ ഫ്രഞ്ച് ഓപണിലും വിംബ്ള്‍ഡണിലും യു.എസ് ഓപണിലും മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച കെര്‍ബര്‍ ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തത്തെി. എന്നാല്‍, ആക്രമണത്തിലൂന്നിയ പ്രകടനം നടത്തിയ കെര്‍ബറിന് അവസാനനിമിഷങ്ങളില്‍ കാലിടറിയതോടെ കിരീടത്തിനായി കാത്തിരിപ്പ് നീണ്ടു. ഉപദേശങ്ങള്‍ക്കും പരിശീലനത്തിനുമായി കെര്‍ബര്‍ നാട്ടുകാരിയായ ടെന്നിസ് ഇതിഹാസം സ്റ്റെഫി ഗ്രാഫിനെ സമീപിച്ചു. ഇതിന്‍െറ ഫലമാകാം, കെര്‍ബര്‍ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ തകരുന്നത് സ്റ്റെഫിയുടെ റെക്കോഡുകളാണ്.

1999ല്‍ സ്റ്റെഫി ഗ്രാഫ് ഗ്രാന്‍ഡ് സ്ളാം നേടിയതോടെ അവസാനിച്ച ജര്‍മന്‍ ആധിപത്യമാണ് ആസ്ട്രേലിയന്‍ ഓപണ്‍ സ്വന്തമാക്കി കെര്‍ബര്‍ വീണ്ടെടുത്തത്. ഇപ്പോള്‍, 1996ല്‍ സ്റ്റെഫിക്ക് ശേഷം യു.എസ് ഓപണ്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതിയും കെര്‍ബറെ തേടിയത്തെിയിരിക്കുന്നു. റിയോ ഒളിമ്പിക്സിലെ വെള്ളി മെഡലും കെര്‍ബറിനായിരുന്നു. ആസ്ട്രേലിയന്‍ ഓപണ്‍ ഫൈനലില്‍ സെറീനയെ തോല്‍പിച്ചാണ് കിരീടമണിഞ്ഞത്. യു.എസ് ഓപണില്‍ ഒരു സെറ്റ്പോലും നഷ്ടമാവാതെയാണ് കെര്‍ബര്‍ ഫൈനല്‍ വരെ എത്തിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.