ഇന്ത്യന്‍ ഹോക്കിയുടെ നെറുകയില്‍ വീണ്ടും ശ്രീജേഷ്

കോഴിക്കോട്: വലിയൊരു ലക്ഷ്യത്തിലേക്കുള്ള ഒരുക്കത്തിനിടെയാണ് ഇന്ത്യയുടെ മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷിനെ തേടി ഹോക്കി ഇന്ത്യയുടെ വലിയ അംഗീകാരമത്തെുന്നത്. ഇന്ത്യന്‍ ഹോക്കിയില്‍ ശ്രീജേഷല്ലാതെ കാര്യമായ മേല്‍വിലാസമൊന്നുമില്ലാത്ത കേരളത്തിന് അഭിമാനിക്കാന്‍ മികച്ച താരത്തിനുള്ള പുരസ്കാരം. ഒളിമ്പിക്സിനായി ബംഗളൂരുവിലെ ക്യാമ്പില്‍ അരയുംതലയും മുറുക്കി ഒരുങ്ങുന്നതിനിടെയാണ് ഇന്ത്യന്‍ ഗോള്‍വലയുടെ കാവല്‍ഭടന്‍ രാജ്യത്തെ മികച്ചതാരമായി മാറുന്നത്.

ഈ അംഗീകാരം തന്‍െറ ഉത്തരവാദിത്തം കൂട്ടുന്നതായി പുരസ്കാരം ഏറ്റുവാങ്ങിയ എറണാകുളം കിഴക്കമ്പലം സ്വദേശിയായ ശ്രീജേഷ് പറഞ്ഞു.
‘വലിയ അംഗീകാരമാണിത്. പുരസ്കാരം എന്‍െറ മുഴുവന്‍ പരിശീലകര്‍ക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി സമര്‍പ്പിക്കുന്നു. അവരുടെ പ്രചോദനമാണ് എന്നെ ഈ നിലയിലത്തെിച്ചത്. ഈ നേട്ടം ദേശീയ കായികവിനോദമായ ഹോക്കിയിലേക്ക് പുതുതലമുറയെ ആകര്‍ഷിക്കട്ടെയെന്നാണ് ആഗ്രഹം’ -ശ്രീജേഷ് പറഞ്ഞു. 2006 മുതല്‍ ടീമിലുള്ള ശ്രീജേഷ് 148 മത്സരങ്ങളില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞു. 2014 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം, കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി, ലോക ഹോക്കി ലീഗ് വെങ്കലം, ഒളിമ്പിക്സ് യോഗ്യത എന്നിവ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് ഈ മലയാളി താരത്തിനായിരുന്നു. ഇക്കഴിഞ്ഞ വര്‍ഷം രാജ്യം അര്‍ജുന അവാര്‍ഡ് സമ്മാനിച്ച് ആദരിച്ചു. ഹോക്കി ഇന്ത്യയുടെ സമഗ്ര സംഭാവനക്കുള്ള മേജര്‍ ധ്യാന്‍ചന്ദ് പുരസ്കാരത്തിന് രണ്ട് ഒളിമ്പിക്സ് സ്വര്‍ണമണിഞ്ഞ ടീമംഗം അന്തരിച്ച ശങ്കര്‍ ലക്ഷ്മണിനെ തെരഞ്ഞെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.