‘ഫെഡ് എക്സ്പ്രസ്’ തിരിച്ചുവരവ്

ലണ്ടന്‍: തോല്‍വിയുടെ വക്കില്‍നിന്ന്, മൂന്ന് മാച്ച് പോയന്‍റുകള്‍ അതിജീവിച്ച് സ്വിറ്റ്സര്‍ലന്‍ഡിന്‍െറ ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡററുടെ ഗംഭീര തിരിച്ചുവരവ്. വിംബ്ള്‍ഡണ്‍ പുരുഷ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ചിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാണ് മൂന്നാം സീഡായ ഫെഡറര്‍ ചരിത്രമെഴുതിയത്. 11 വിംബ്ള്‍ഡണ്‍ ഫൈനല്‍ എന്ന റെക്കോഡിനൊപ്പമത്തെിയ ഫെഡ് എക്സ്പ്രസ്, 307 ഗ്രാന്‍ഡ്സ്ളാം ജയമെന്ന നേട്ടം സ്വന്തമാക്കി. വിംബ്ള്‍ഡണില്‍ 84 ജയത്തോടെ ജിമ്മി കോണേഴ്സിനുമൊപ്പമത്തെി. 34കാരനായ ഫെഡറര്‍ക്ക് ഇത് 40ാം ഗ്രാന്‍ഡ്സ്ളാം സെമിഫൈനലാണ്. 34കാരനായ ഫെഡറര്‍, 1974ല്‍ കെന്‍ റോസ്വാളിനുശേഷം ഇവിടെ സെമിയിലത്തെുന്ന ഏറ്റവും പ്രായംകൂടിയ പുരുഷ താരമാണ്. കാനഡയുടെ മിലോസ് റാവോണിച്ചാണ് വെള്ളിയാഴ്ച നടക്കുന്ന സെമിയില്‍ ഫെഡററുടെ എതിരാളി. നൊവാക് ദ്യോകോവിച്ചിനെ അട്ടിമറിച്ച് ശ്രദ്ധേയനായ യു.എസിന്‍െറ സാം ക്യൂറിയെയാണ് റാവോണിച് ക്വാര്‍ട്ടറില്‍ മറികടന്നത്.

സ്കോര്‍: 6-4, 7-5, 5-7, 6-4. മറ്റൊരു സെമിയില്‍ ആതിഥേയതാരമായ ആന്‍ഡി മറെ ചെക്  റിപ്പബ്ളിക്കിന്‍െറ തോമസ് ബെര്‍ഡിച്ചിനെ നേരിടും. അഞ്ച് സെറ്റ് നീണ്ട മറ്റൊരു പോരാട്ടത്തില്‍ ഫ്രാന്‍സിന്‍െറ ജോ വിഫ്രഡ് സോംഗയെയാണ് മറെ മറികടന്നത് (7-6, 6-1, 3-6, 4-6, 6-1). ഫ്രാന്‍സിന്‍െറ ലൂക്കാസ് പൗളിയെ 7-6, 6-3, 6-2 എന്ന സ്കോറിനാണ് ബെര്‍ഡിച് ക്വാര്‍ട്ടറില്‍ കീഴടക്കിയത്. സെന്‍റര്‍ കോര്‍ട്ടില്‍ ആവേശം വിതറിയ റാക്കറ്റ് യുദ്ധത്തില്‍ നാലാം സെറ്റില്‍ മൂന്ന് മാച്ച്പോയന്‍റുകളാണ് ഫെഡറര്‍ അതിജീവിച്ചത്. രണ്ട് സെറ്റ് നഷ്ടമായശേഷം ഫെഡററുടെ കരിയറിലെ 10ാം ജയത്തിനാണ് വിംബ്ള്‍ഡണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം സാക്ഷിയായത്. ഒമ്പതാം സീഡായ സിലിച്ചിനെതിരെ 27 എയ്സുകളും 67 വിന്നറുകളും ഫെഡററുടെ റാക്കറ്റില്‍നിന്ന് പാഞ്ഞു. ലോക ടെന്നിസിലെ എക്കാലത്തെയും മികച്ച എയ്സ് വീരനായ പഗൊരാന്‍ ഇവാനിസേവിച്ചിന്‍െറ ശിഷ്യനായ സിലിച് ആദ്യ രണ്ട് സെറ്റുകളില്‍ ഫെഡററെ വെള്ളം കുടിപ്പിച്ചു.
2012നുശേഷം ഗ്രാന്‍ഡ്സ്ളാം കിരീടം നേടാനാകാത്ത ഫെഡറര്‍ ഇത്തവണയും തോറ്റുപുറത്തായെന്ന് തോന്നിച്ചെങ്കിലും പിന്നീടുള്ള സെറ്റുകളില്‍ മിന്നല്‍പ്പിണറായി. നന്നായി കളിച്ച എതിരാളിയുടെ സെര്‍വുകള്‍ തുടക്കത്തില്‍ തനിക്ക് കൈകാര്യം ചെയ്യാനായില്ളെന്ന് ഫെഡറര്‍ മത്സരശേഷം സമ്മതിച്ചു.  സിലിച്ചിന്‍െറ ഗ്രൗണ്ട് സ്ട്രോക്കുകളും സ്വിസ് താരത്തിന് വെല്ലുവിളിയായി. പിന്നീട് സിലിച്ചിന് കളിയിലെ ഒഴുക്ക് നഷ്ടമായി. പരിചയസമ്പത്തും തുണയായപ്പോള്‍ ഫെഡറര്‍ അവസാന മൂന്ന് സെറ്റുകളും വിയര്‍ത്ത് നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.