മെസ്സി 300 ; ബാഴ്സ 10,000

ജിയോണ്‍: ലോകതാരം ലയണല്‍ മെസ്സിക്കും താരത്തെ ലോകത്തിന് സമര്‍പ്പിച്ച ബാഴ്സലോണക്കും ഗോള്‍വേട്ടയില്‍ പുതുചരിത്രം. ലാ ലിഗയില്‍ 300 ഗോളുകള്‍ എന്ന നാഴികക്കല്ല് മെസ്സിയുടെ ബൂട്ടുകള്‍ താണ്ടിയപ്പോള്‍ ക്ളബ് ചരിത്രത്തിലും പിറന്നു പതിനായിരാമത്തെ ഗോള്‍. അതും മെസ്സിയുടെ ഇതിഹാസ ബൂട്ടില്‍നിന്നുതന്നെ. ലാ ലിഗയില്‍ 300 ഗോള്‍ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് എക്കാലത്തെയും ടോപ് സ്കോററായ മെസ്സി.

സ്പോര്‍ട്ടിങ് ജിയോണിനെതിരായ ലാ ലിഗ പോരാട്ടത്തിലാണ് കറ്റാലന്‍പടക്ക് ഇരട്ടിമധുര നിമിഷം കൈവന്നത്. മെസ്സി ഡബ്ള്‍ ഗോള്‍ നേട്ടവുമായി നിറഞ്ഞുനിന്നപ്പോള്‍ 3-1ന് മത്സരം ബാഴ്സ സ്വന്തമാക്കി. സുവാരസാണ് ബാഴ്സയുടെ മൂന്നാം ഗോള്‍ നേടിയത്. ജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനം 24 മത്സരങ്ങളില്‍ 60 പോയന്‍റുമായി കൂടുതല്‍ സുരക്ഷിതമാക്കാനും നിലവിലെ ചാമ്പ്യന്മാര്‍ക്ക് കഴിഞ്ഞു. രണ്ടാമതുള്ള അത്ലറ്റികോ മഡ്രിഡിന് അത്രയും മത്സരങ്ങളില്‍നിന്ന് 54 പോയന്‍റാണുള്ളത്.

മെസ്സിയുടെ 300ാം ഗോൾ പിറന്ന വഴി
 

ഏതാനും ദിവസംമുമ്പ് സെല്‍റ്റ ഡി വിഗോക്കെതിരെ 300ാം ഗോള്‍ കുറിക്കാനുള്ള അവസരം മാറ്റിവെച്ച് പെനാല്‍റ്റി മെസ്സി സുവാരസിന് പാസ് ചെയ്തത് ചര്‍ച്ചയായിരുന്നു. മത്സരത്തിന്‍െറ തുടക്കത്തില്‍ വെല്ലുവിളിയുയര്‍ത്തിയ ജിയോണിനെതിരെ 25ാം മിനിറ്റിലാണ് മെസ്സി ചരിത്രനിമിഷമൊരുക്കി വലകുലുക്കിയത്. താരത്തിന്‍െറ ക്ളാസ് വിളിച്ചോതിയ ഗോള്‍ ബോക്സിന് വെളിയില്‍നിന്ന് പ്രതിരോധനിരയിലെ വിടവ് തുളച്ച് വലയിലേക്ക് പറന്നത്തെുകയായിരുന്നു.

സുവാരസിന്‍െറ പാസിലായിരുന്നു ഗോള്‍. മുന്നിലത്തെിയതിന്‍െറ സന്തോഷം ബാഴ്സ കോട്ടയില്‍ അടങ്ങുംമുമ്പേ 27ാം മിനിറ്റില്‍ ജിയോണ്‍ കാര്‍ലോസ് കാസ്ട്രോ ഗാര്‍ഷ്യയിലൂടെ സമനിലപിടിച്ചു. എന്നാല്‍, നാലു മിനിറ്റിനകം വീണ്ടും മെസ്സി മാജിക് പിറന്നു, ബാഴ്സയുടെ പതിനായിരാമത്തെ ഗോള്‍. മെസ്സിയും സുവാരസും ചേര്‍ന്ന നീക്കത്തിനൊടുവിലായിരുന്നു ആ ഗോളും. വലതുവിങ്ങില്‍ ഗോള്‍ ഏരിയയില്‍നിന്ന് പ്രതിരോധത്തെ കബളിപ്പിച്ച് പന്ത് സുവാരസ് മെസ്സിക്കുനേരെ തട്ടിയിട്ടു. ഒരു നിമിഷം പാഴാക്കാതെ മെസ്സിയത് വലയുടെ മേല്‍ക്കൂരയില്‍ എത്തിക്കുകയും ചെയ്തതോടെ ബാഴ്സ 2-1ന് വീണ്ടും മുന്നിലത്തെി.

രണ്ടാം പകുതിയുടെ 61ാം മിനിറ്റില്‍ നെയ്മറിനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയില്‍ കിക്കെടുക്കാന്‍ മെസ്സി, സുവാരസിനെയാണ് ഏല്‍പിച്ചത്. എന്നാല്‍, ഉറുഗ്വായ് താരത്തിന്‍െറ ശ്രമം കീപ്പറുടെ കൈയിലൊതുങ്ങി. അഞ്ചു മിനിറ്റിനപ്പുറം തകര്‍പ്പനൊരു ഗോളിലൂടെയാണ് സുവാരസ് ആ നിരാശ മറികടന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.