സ്വപ്നനേട്ടത്തില്‍ ഹാമില്‍ട്ടണ്‍

ടെക്‌സസ്: തന്റെ ആരാധനാമൂര്‍ത്തി അയര്‍ട്ടന്‍ സെന്നയെപ്പോലെ ഒരു നാള്‍ മൂന്നു ലോക കിരീടമുയര്‍ത്തുക എന്നത് ലൂയിസ് ഹാമില്‍ട്ടന്റെ സ്വപ്നമായിരുന്നു. ടെക്‌സസിലെ ഫിനിഷിങ് പോയന്റ് കീഴടക്കി ആ സ്വപ്നം യാഥാര്‍ഥ്യമാക്കിയ വേഗരാജാവ് കണ്ണീരടക്കിക്കൊണ്ട് ടീം റേഡിയോയിലൂടെ വിളിച്ചുപറഞ്ഞു: 'എന്റെ ജീവിതത്തിന്റെ ഏറ്റവും മഹത്തായ നിമിഷം'. ഫോര്‍മുല വണ്‍ കാറോട്ട ലോകത്തെ അഭിമാന നേട്ടമായ ട്രിപ്ള്‍ കിരീടമാണ് ബ്രിട്ടന്റെ സ്വന്തം വേഗരാജാവ് കാല്‍ക്കീഴിലാക്കിയത്. ഞായറാഴ്ച നടന്ന യു.എസ് ഗ്രാന്‍പ്രീയില്‍ ഒന്നാമതായി കുതിച്ചത്തെിയാണ് മെഴ്‌സിഡസ് താരം ചരിത്രം രചിച്ചത്. അവിശ്വസനീയതയുടെ നിമിഷങ്ങള്‍ പിന്നിട്ട് ആഘോഷത്തിന്റെ വാനില്‍ പറന്ന ഹാമില്‍ട്ടണ്‍, കാറോട്ട പ്രേമികളെ മുഴുവന്‍ ത്രസിപ്പിച്ച ആധിപത്യത്തിനൊടുവില്‍ ഈ വര്‍ഷത്തെ 10ാം മത്സര ജയത്തോടെയാണ് തുടര്‍ച്ചയായ രണ്ടാം കിരീടത്തില്‍ മുത്തമിടുന്നത്. ജാക്കി സ്റ്റുവാര്‍ട്ടിന് (1973) ശേഷം മൂന്നു കിരീടങ്ങള്‍ നേടുന്ന ആദ്യ ബ്രിട്ടീഷ് താരമായ ഹാമില്‍ട്ടണ്‍, തുടര്‍ച്ചയായ എഫ് വണ്‍ കിരീടങ്ങള്‍ നേടുന്ന ബ്രിട്ടീഷുകാരനുമാണ്. നിക്കി ലൗഡ, ജാക് ബ്രഭാം, നെല്‍സന്‍ പിക്വറ്റ്, അയര്‍ട്ടന്‍ സെന്ന, ജാക്കി സ്റ്റുവാര്‍ട്ട് എന്നിവര്‍ക്കൊപ്പം മൂന്നു കിരീടങ്ങളുടെ നേട്ടം പങ്കിടുകയാണ് 30കാരനായ ഹാമില്‍ട്ടണ്‍. 2008ലാണ് ഹാമില്‍ട്ടണ്‍ ആദ്യമായി ഫോര്‍മുല വണ്‍ ചാമ്പ്യനായത്.  തുടര്‍ച്ചയായ സീസണുകളില്‍ 10ല്‍ അധികം മത്സരങ്ങള്‍ ജയിക്കുന്ന ആദ്യ താരം എന്ന നേട്ടവും സ്വന്തമാക്കി.

മെഴ്‌സിഡസ് ടീമിലെ കൂട്ടുകാരനായ ജര്‍മന്‍ ഡ്രൈവര്‍ നികോ റോസ്ബര്‍ഗിനെ 2.8 സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് യു.എസില്‍ ഹാമില്‍ട്ടണ്‍ ഒന്നാമതത്തെിയത്. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ പോരാട്ടത്തില്‍ തുടക്കത്തിലെ ലീഡിനുശേഷം, ഹാമില്‍ട്ടന്റെ സമ്മര്‍ദത്തിന് അടിപ്പെട്ട് പിഴവ് വരുത്തിയതാണ് പോള്‍ പൊസിഷന്റെ ആനുകൂല്യമുണ്ടായിട്ടും റോസ്ബര്‍ഗിന് വിനയായത്. ഒരു ഘട്ടത്തില്‍ നാലാം സ്ഥാനത്തേക്കുവരെ പോയതോടെ കിരീടം നേടാന്‍ ഹാമില്‍ട്ടണ്‍ കാത്തിരിക്കേണ്ടിവരുമെന്ന തോന്നലുളവാക്കിയതിനു ശേഷമാണ് താരം മുന്നേറിയത്. ഫിനിഷിന് ഏഴു ലാപ്പുകള്‍ ശേഷിക്കെ ലക്ഷ്യബോധമില്ലാതെ ഡ്രൈവ് ചെയ്ത് റോസ്ബര്‍ഗ് അണ്‍ഫോഴ്‌സ് എറര്‍ വരുത്തിയത് മുതലാക്കിയാണ് ചാമ്പ്യന്‍ മുന്നേറിയത്. നാലു തവണ ലോകചാമ്പ്യനായിട്ടുള്ള ഫെരാരി താരം സെബാസ്റ്റ്യന്‍ വെറ്റല്‍ മൂന്നാമതായി. വെറ്റല്‍ രണ്ടാമതത്തെിയിരുന്നെങ്കില്‍ ചാമ്പ്യന്റെ തീരുമാനത്തിനായി അടുത്ത റെയ്‌സിനായി കാത്തിരിക്കേണ്ടിവരുമായിരുന്നു. സീസണില്‍ മൂന്നു പോരാട്ടങ്ങള്‍ ശേഷിക്കെ, 327 പോയന്റുമായാണ് ഹാമില്‍ട്ടണ്‍ ചാമ്പ്യനായത്. രണ്ടാമതുള്ള വെറ്റലിന് 251 പോയന്റും മൂന്നാമതുള്ള റോസ്ബര്‍ഗിന് 247 പോയന്റുമാണുള്ളത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.