മുന്നേറി മൊറോക്കോ; ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ

​സ്​പാനിഷ് പടയെ വീഴ്ത്തി ആ​ഫ്രിക്കയെ ചരിത്രത്തിനരികിൽ നിർത്തിയ മൊറോക്കോ ക്വാർട്ടറിൽ പോർച്ചുഗലിനെതിരെ മുന്നിൽ. ഉയർന്നുചാടി തലവെച്ചു നേടിയ ഗോളുമായി യൂസുഫ് നസീരിയാണ് ലോകകപ്പ് ​ക്വാർട്ടർ ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ടീമിന് ലീഡ് ​നൽകിയത്. 

ആഫ്രിക്കയെ ചരിത്രത്തിലാദ്യമായി ലോകകിരീടത്തിലേക്ക്, ചുരുങ്ങിയ പക്ഷം സെമിവരെയെങ്കിലും പന്തടിച്ചുകയറ്റുകയെന്ന വലിയ ദൗത്യവുമായി തുമാമ മൈതാനത്ത് ആർപ്പുവിളിച്ചെത്തിയ പതിനായിരങ്ങളെ സാക്ഷി നിർത്തിയായിരുന്നു മൊറോക്കോ കരുത്തരായ പോർച്ചുഗലിനെതിരെ ഇറങ്ങിയത്. വിജയം ലക്ഷ്യമിട്ട് നായകൻ ക്രിസ്റ്റ്യാനോയെ പുറത്തിരുത്തി പറങ്കിപ്പട ആക്രമണത്തിന് മൂർച്ചകൂട്ടിയപ്പോൾ കളി തുടക്കം മുതൽ ആവേശകരമായി. പന്തിനുമേൽ നിയന്ത്രണം പലപ്പോഴും പോർച്ചുഗൽ കാലുകളിലായപ്പോഴും ​പൊടുന്നനെയുള്ള ഇരച്ചുകയറ്റത്തിലൂടെ ആഫ്രിക്കൻ സംഘം ഉദ്വേഗം ഇരട്ടിയാക്കി. പഴുതനുവദിക്കാത്ത പ്രതിരോധവുമായി പിൻനിര കോട്ടക്കു മുന്നിൽ നിലയുറപ്പിച്ചപ്പോൾ കിട്ടുന്ന പന്തുമായി അതിവേഗം എതിർനിരയിലേക്ക് പാഞ്ഞു കയറി മധ്യനിരയും മുന്നേറ്റവും മൊറോക്കോ സ്വപ്നങ്ങൾക്ക് നിറം പകർന്നു.

അവസരം സൃഷ്ടിക്കുന്നതിൽ ഇരു ടീമും ഏതാണ്ട് തുല്യത പാലിച്ച കളിയിൽ ആദ്യ ഗോളവസരം സൃഷ്ടിക്കുന്നത് പോർച്ചുഗൽ. ജോ ഫെലിക്സിന്റെ നീക്കം പക്ഷേ, വലിയ അപകടങ്ങളില്ലാതെ ഒഴിവായി. എന്നാൽ, ഈ ലോകകപ്പിൽ ഒരു സെൽഫ് ഗോളല്ലാതെ ഒന്നും വഴങ്ങാത്തവരെന്ന റെക്കോഡ് സ്വന്തമായുള്ള മൊറോക്കോ നടത്തിയ പല നീക്കങ്ങളും അതേക്കാൾ അപകടസൂചന നൽകി.

ഇത്തരം അപകടകരമായ പ്രത്യാക്രമണങ്ങളിലൊന്നായിരുന്നു മൊറോക്കോ മുന്നിലെത്തിയ ഗോളിന്റെ പിറവി. പെനാൽറ്റി ബോക്സിലെത്തിയ ​പന്തിൽ ഉയർന്നുചാടിയ യൂസുഫ് അൽനസീരിയായിരുന്നു സ്കോറർ.

അതിവേഗവും കളിയഴകും സമം ചേർന്ന നീക്കങ്ങൾ പലതുകണ്ട മത്സരത്തിൽ ​പൊസഷനിൽ​ പോർച്ചുഗൽ മുന്നിൽ നിന്നെങ്കിലും മറ്റെല്ലാം മൊറോക്കോക്കൊപ്പമായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.