ക്രൊയേഷ്യയെ വിറപ്പിച്ച് ജപ്പാൻ; കളി ഷൂട്ടൗട്ടിൽ

ആദ്യ പകുതിയിൽ ഒരു ഗോളടിച്ച് മുന്നിൽനിൽക്കുകയും ഇടവേളക്കു ശേഷം തിരിച്ചുവാങ്ങുകയും ചെയ്ത് ജപ്പാൻ. ഏഷ്യൻ ​ക്വാർട്ടർ പ്രതീക്ഷകളെ സജീവമാക്കിയ ജപ്പാൻ- ക്രൊയേഷ്യ പ്രീക്വാർട്ടർ എക്സ്ട്രാ ടൈമിലും തുല്യത പാലിച്ചതോടെ ഷൂട്ടൗട്ടിലൂടെ വിജയിയെ തീരുമാനിക്കും. ഡെയ്സൺ മെയ്ദ ജപ്പാനുവേണ്ടിയും പെരിസിച്ച് ക്രൊയേഷ്യക്കായും ഗോളുകൾ നേടി. 90 മിനിറ്റ് കഴിഞ്ഞും തുല്യത പാലിച്ചതോടെയാണ് കളി അധിക സമയത്തേക്കും പിന്നീട് ഷൂട്ടൗട്ടിലേക്കും നീണ്ടത്.

കാനഡയെ ഒരു ഗോളിന് പിന്നിൽനിന്ന ശേഷം 4-1ന് തകർത്തുവിടുകയും ബെൽജിയം, മൊറോക്കോ ടീമുകളുമായി സമനില പാലിക്കുകയും ചെയ്താണ് ക്രൊയേഷ്യ ഗ്രൂപിലെ രണ്ടാമന്മാരായി നോക്കൗട്ടിലെത്തിയിരുന്നത്. മറുവശത്ത്, സ്‍പെയിൻ, ജർമനി എന്നീ കൊല കൊമ്പന്മാരെ മുട്ടുകുത്തിച്ചായിരുന്നു ജപ്പാന്റെ വരവ്. അതേ കളി തുടരാൻ തന്നെയാണ് തീരുമാനമെന്ന വിളംബരമായി കളി തണുപ്പിച്ച ജപ്പാൻ പകുതിയിലായിരുന്നു തുടക്കത്തിൽ കളി. ഒന്നിലേറെ അവസരങ്ങൾ ഈ സമയം ക്രൊയേഷ്യ സൃഷ്ടിക്കുകയും ചെയ്തു. ഗോളെന്നുറച്ച ഒന്നിലേറെ നീക്കങ്ങൾ ഗോളിയുടെ കരങ്ങളിൽ തട്ടിയും പ്രതിരോധ നിരയുടെ ഇടപെടലിലും വഴിമാറി.

ഇതിനൊടുവിലാണ് അവസാന മിനിറ്റുകളിൽ ജപ്പാൻ പടയോട്ടം ആരംഭിക്കുന്നത്. അതിവേഗം കൊണ്ട് ക്രൊയേഷ്യൻ മധ്യനിരയെയും ​​പ്രതിരോധത്തെയും പലവട്ടം മുനയിൽനിർത്തിയ ജപ്പാൻ താരങ്ങൾ നിരന്തരം അപകട സൂചന നൽകി. പല കാലുകൾ മാറിയെത്തി 41ാം മിനിറ്റിൽ ക്രൊയേഷ്യൻ വല കുലുങ്ങിയെന്ന് തോന്നിച്ചെങ്കിലും സ്കോർ ബോർഡ് ചലിച്ചില്ല. എന്നാൽ, എല്ലാം ഉറച്ചുകഴിഞ്ഞെന്ന മട്ടിൽ ആക്രമണത്തിന്റെ അലമാല തീർത്ത ജപ്പാൻ തൊട്ടുപി​റകെ ഗോൾ നേടി. ക്രൊയേഷ്യക്കെതിരെ ലഭിച്ച ​കോർണർ കിക്ക് പെനാൽറ്റി ബോക്സിലെ കൂട്ട​പ്പൊരിച്ചിലിൽ കാലിലെത്തിയ ഡെയ്സൻ ഗോളാക്കി മാറ്റുകയായിരുന്നു.

ഇടവേള കഴിഞ്ഞ് വീണ്ടും കളിയുണർന്ന മൈതാനത്ത് ഇരു ടീമുകളും ആക്രമണം കൊഴുപ്പിച്ചു. 46ാം മിനിറ്റിൽ ജപ്പാൻ വീണ്ടും വല കുലുക്കിയെന്ന് തോന്നി. അപകടമൊഴിവായ ആശ്വാസത്തിൽനിന്ന ക്രൊയേഷ്യൻ ഗോളിയെ ഞെട്ടിച്ച് അടുത്ത മിനിറ്റിൽ വീണ്ടും പന്തെത്തി. ഇത്തവണയും പ്രശ്നങ്ങളില്ലാതെ കരകടന്ന പന്ത് പിന്നീട് ജപ്പാൻ പകുതിയിലായി. ഏതുനിമിഷവും ഗൊൾ വീഴുമെന്ന് തോന്നിച്ച മനോഹര നിമിഷങ്ങൾ. 55ാം മിനിറ്റിൽ മനോഹരമായ ഹെഡർ ഗോളിൽ ഇവാൻ പെരിസിച്ച് ക്രൊയേഷ്യയെ ഒപ്പമെത്തിച്ചു. ജോസിപ് ജുറാനോവിച്ച് തുടക്കമിട്ട നീക്കം ഡിയാൻ ലവ്റെൻ ബോക്സിലേക്ക് നീട്ടിനൽകിയത് പെരിസിച്ച് വലയുടെ വലതുമൂലയിലേക്ക് കുത്തിയിടുകയായിരുന്നു. നീണ്ടുചാടിയിട്ടും ഗോളിയുടെ കൈകൾ സ്പർശിക്കാതെ പന്ത് വലയിൽ. ഇതോടെ, ആറു ഗോളുമായി ക്രൊയേഷ്യക്കായി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളെന്ന ഡേവർ സുകേറിനൊപ്പമെത്തി പെരിസിച്ച്.

ഗോൾ നേടിയ ആവേശം ഇരുടീമുകളെയും സമ്മർദത്തിലാക്കിയതോടെ കളിക്ക് വേഗം കൂടി. 58ാംമിനിറ്റിൽ ജപ്പാൻ നീക്കത്തിനൊടുവിൽ വറ്റാറു എൻഡോ 20 വാര അകലെനിന്ന് അടിച്ചത് ക്രോയേഷ്യൻ കാവൽക്കാരൻ ഡൊമിനിക് ലിവാകോവിച് ബാറിനു മുകളിലൂടെ കുത്തിയകറ്റി രക്ഷപ്പെടുത്തി. പിന്നെയും ജപ്പാൻ നീക്കങ്ങൾ പലതു കണ്ടു. തുല്യ വേഗത്തിൽ മറുവശത്തും ഗോളിയെ പരീക്ഷിച്ച് പെരിസിച്ചും കൂട്ടരും കയറിയിറങ്ങി. ഇരു ഗോളികൾക്കും പണിപ്പതു പണിയായി മാറിയ കളിയിൽ ഏതുനിമിഷവും എന്തും സംഭവിക്കുമെന്നതായിരുന്നു സ്ഥിതി. ആദ്യ പകുതിയിൽ ജപ്പാൻ ഒരു പണത്തൂക്കം ആധിപത്യം കാട്ടിയ കളിയുടെ രണ്ടാം പകുതിയിൽ പക്ഷേ, ക്രോയേഷ്യക്കായിരുന്നു ചെറിയ മുൻതൂക്കം. പന്തടക്കവും കളിയഴകും വഴിഞ്ഞൊഴുകിയ മൈതാനത്ത് കൊണ്ടും കൊടുത്തും ഇരുനിരയും അപകടം സൃഷ്ടിച്ചു.

പ്രതിരോധം കടുത്തതോടെ അവസാന മിനിറ്റുകളിൽ കളി കൂടുതൽ പരുക്കനായി തുടങ്ങി. കൊവാസിച്ച് മഞ്ഞക്കാർഡ് കണ്ടതുൾപ്പെടെ റഫറിയുടെ ഇടപെടലുകളും കൂടുതൽ കണ്ടു. 

Tags:    
News Summary - World Cup: Japan 1-1 Croatia - Perisic levels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.