ഖത്തറിൽ വിസിൽ മുഴക്കാൻ സലീമയുമുണ്ടാകും

ദോഹ: ചരിത്രത്തിലാദ്യമായി മൂന്നു വനിതകളെ കളി നിയന്ത്രിക്കാൻ വിളിച്ച് ഫിഫ തുടക്കമിട്ടത് സമാനതകളില്ലാത്ത വിപ്ലവത്തിന്. മുൻനിര ടൂർണമെന്റുകളിൽ വിസിൽ മുഴക്കി പരിചയമുള്ളവരിൽനിന്ന് തിരഞ്ഞുപിടിച്ചാണ് ഇത്തവണ ഖത്തർ ലോകകപ്പിലേക്ക് ഇവരെ വിളിച്ചത്. 129 അംഗ പട്ടികയിൽ മൂന്നു പേരെയുള്ളൂവെന്നത് കല്ലുകടിയാകുമെങ്കിലും ഇതൊരു തുടക്കമായി കാണണമെന്നാണ് ഫിഫയുടെ പക്ഷം.

ലീഗ് വൺ, ചാമ്പ്യൻസ് ലീഗ്, ലോകകപ്പ് യോഗ്യത മത്സരങ്ങൾ നിയന്ത്രിച്ച ഫ്രഞ്ച് റഫറി സ്റ്റെഫാനി ഫ്രപ്പാർട്ട്, എ.എഫ്.സി ചാമ്പ്യൻസ് ലീഗ്, ജെ-ലീഗ് എന്നിവയുടെ അനുഭവ സമ്പത്തുള്ള ജപ്പാനെറ യോഷിമി യമാഷിത എന്നിവർക്കൊപ്പം ആഫ്രിക്കൻ പ്രാതിനിധ്യമായി സലീമ മുകൻസാങ്കയും ഇത്തവണയുണ്ട്. ആഫ്രിക്കൻ നേഷൻസ് കപ്പ്, ഒളിമ്പിക്സ് എന്നിവയിൽ റഫറിയായിരുന്നു റുവാണ്ടക്കാരിയായ സലീമ. ആദ്യമായാണ് ഒരു ആഫ്രിക്കൻ പ്രതിനിധി ലോകകപ്പിൽ റഫറിയാകുന്നത്. ലോകത്തെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിൽ ഒന്നാണെങ്കിലും കളിക്കമ്പത്തിൽ ഒട്ടും പിറകിലല്ല റുവാണ്ട. അതിന്റെ ബലത്തിലാണ് സലീമ 34ാം വയസ്സിൽ റഫറിയായി ആദരിക്കപ്പെടുന്നത്.

2012 മുതൽ ഫിഫ പാനലിലുണ്ടെങ്കിലും ലോകപോരാട്ടത്തിലേക്ക് വിളിയെത്തുന്നത് ഒരു പതിറ്റാണ്ടിനു ശേഷമാണ്.

ബാസ്കറ്റ്​ബാൾ കളിച്ചാണ് സലീമ തുടങ്ങുന്നത്. ആ കളി ശരിയാകില്ലെന്ന ഉപദേശം കേട്ട് ഫുട്ബാളിലെത്തി. മൈതാനത്തെ കളിക്കാഴ്ചകളിൽ അഭിരമിക്കാൻ എത്തിയപ്പോൾ അവൾ കണ്ടത് എല്ലാം നിയന്ത്രിച്ച് ഓടിനടക്കുന്ന റഫറിയെ. റഫറിയിങ്ങിലായി പിന്നെ ശ്രദ്ധ. സെക്കൻഡറി സ്കൂൾ തലം മുതൽ അവൾ റഫറിയായിരുന്നു. ചെറുപ്പത്തിലേ ഇതിന്റെ കോഴ്സുകൾ പഠിക്കാൻ ശ്രമം നടത്തിയെങ്കിലും ഇളമുറക്കാരിയെന്നുപറഞ്ഞ് മാറ്റിനിർത്തപ്പെട്ടു. അതോടെ, കളി നിയമങ്ങൾ സ്വന്തമായി അഭ്യസിക്കാനായി ശ്രമം. റഫറിയായി വനിത മത്സരങ്ങളിലായിരുന്നു അരങ്ങേറ്റം. കഴിഞ്ഞ ജനുവരിയിൽ ആറു മഞ്ഞക്കാർഡ് പുറത്തെത്ത സിംബാബ്വെ- ഗിനിയ മത്സരത്തോടെയാണ് താരം വീണ്ടും ശ്രദ്ധയിലെത്തുന്നത്. അവിടെനിന്നു വളർന്ന് കയറിക്കയറി ഇതുവരെയെത്തി.

ബാക്കി ഖത്തർ വേദികളിൽ കാണാമെന്ന് അവർ പറയുന്നു.

മൂന്ന് ​പ്രധാന റഫറിമാർക്ക് പുറമെ അത്രയും അസിസ്റ്റന്റ് റഫറിമാരുമുണ്ടാകും ഇത്തവണ. 

Tags:    
News Summary - World Cup 2022: Salima Mukansanga to 'open door' for female officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.