ടീം ഖത്തറിലെത്തിയിട്ടും ലോകകപ്പിൽ ബൂട്ടുകെട്ടാനാകാത്ത പ്രമുഖർ ഇവരാണ്...

ലണ്ടൻ: ഖത്തർ കളിമുറ്റങ്ങളിൽ ആ​രാധകലോകം കൺപാർത്തുനിൽക്കുന്ന താരരാജാക്കന്മാരേറെയാണ്. രാജ്യവും ജഴ്സിയും പലതായാലും ലോകം മുഴുക്കെ ആരാധകരുള്ളവർ. കാലിൽ മാന്ത്രികത ഒളിപ്പിച്ച് മൈതാനം നിറയുന്നവർ. ഏതുടീമിനെയും നിഷ്പ്രഭമാക്കുന്ന കളിയഴകുമായി ഹൃദയങ്ങളിലേക്ക് പന്തടിച്ചുകയറിയവർ. ഇവരിൽ പലരും പക്ഷേ, ഇത്തവണ പന്തുതട്ടാനുണ്ടാകില്ല. പരിക്കാണ് ഏറെപേർക്കും വില്ലൻ. അവരെ പരിചയപ്പെടാം.

പോൾ പോഗ്ബ

പരിക്ക് ഏറ്റവും കൂടുതൽ വലച്ച നിരയാണ് ഇത്തവണ ഫ്രാൻസിന്റെത്. ഏറ്റവും മികച്ച നിരയെ ഇറക്കാമായിരുന്നവർക്ക് ഇതുവരെയായി നിരവധി പേരാണ് കളത്തിനു പുറത്തായത്. അതിൽ ഏറ്റവും പ്രമുഖൻ പോൾ പോഗ്ബ തന്നെ. കഴിഞ്ഞ സെപ്റ്റംബറിൽ ശസ്ത്രക്രിയക്ക് വിധേയനായ 29കാരൻ ഇത്തവണ ടീമിലുണ്ടാകില്ലെന്നാണ് സൂചന. ലോകകപ്പിന് മുമ്പ് യുവന്റസിനായോ ഫ്രാൻസിനായോ ഇറങ്ങില്ലെന്ന് നേരത്തെ താരത്തിന്റെ വക്താവ് വ്യക്തമാക്കിയിരുന്നു.

എൻഗോളോ കാൻറെ

ഹാംസ്ട്രിങ് പരിക്കുമായി നാലു മാസത്തെ വിശ്രമത്തിലുള്ള ഫ്രഞ്ച് താരത്തിന് ഇറങ്ങാനാകില്ല.

ടിമോ വെർണർ

ലീപ്സിഷിനായി ക്ലബ് തലത്തിൽ പന്തുതട്ടുന്ന ജർമൻ താരത്തിന് ഷാക്തറിനെതിരെ നാലു ഗോൾ ജയവുമായി ടീം മടങ്ങിയ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിലാണ് പരിക്കേറ്റത്. ഈ വർഷം പൂർണമായി അവധി വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

റീസ് ജെയിംസ്

ചെൽസി- എ.സി മിലാൻ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കാൽമുട്ടിനേറ്റ പരിക്കാണ് 22കാരനായ ഇംഗ്ലീഷ് താരത്തിന് വില്ലനായത്. ഒക്ടോബറിൽ സംഭവിച്ച പരിക്ക് ​ഭേദമാകാൻ സമയമെടുക്കും.

ഡീഗോ ജോട്ട

കാലിലെ പേശികൾക്കേറ്റ പരിക്കാണ് പോർച്ചുഗൽ മുന്നേറ്റം ഭരിക്കുന്ന താരത്തെ പുറത്തിരുത്തിയത്. പ്രിമിയർ ലീഗിൽ ആവേശകരമായ ലിവർപൂൾ- മാഞ്ചസ്റ്റർ സിറ്റി പോരാട്ടത്തിനിടെയായിരുന്നു പരിക്ക്. ശസ്ത്രക്രിയ വേണ്ടെങ്കിലും ഉടനൊന്നും മൈതാനത്തെത്തില്ല.

ലോ സെൽസോ

വിയ്യാറയലിനായി കളിക്കുന്നതിനിടെയായിരുന്നു അർജന്റീനയുടെ മിഡ്ഫീൽഡ് ജനറലായ ജിയോവാനി ലോ സെൽസെക്ക് പരിക്കേറ്റത്. ടീമിലുൾപ്പെടു​ത്തുമെന്ന് അവസാനം വരെ സൂചനകളുണ്ടായിരുന്നെങ്കിലും പരിക്കിൽനിന്ന് മുക്തനാകാൻ സമയമെടുക്കുമെന്നാണ് സൂചന.

മാർകോ റൂയസ്

2014ലും സമാനമായി പരിക്കിൽ പുറത്തായതാണ് ജർമനിയുടെ പ്രധാനിയായ റൂയസ്. ഇത്തവണ ഡൈനാമോ സഗ്രെബിനെതിരെ ചെൽസിക്കായി മൈതാനത്തിറങ്ങിയതായിരുന്നു. ഹാംസ്ട്രിങ് പരിക്കാണ് വില്ലൻ.

സാദിയോ മാനേ

ബയേൺ മ്യൂണിക്കിന്റെ വിങ്ങുകളിൽ നിറഞ്ഞുനിന്ന താരം പരിക്കുമായി പുറത്താണ്. ആദ്യ റൗണ്ടിൽ പുറത്തുനിൽക്കേണ്ടിവരുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, പരിക്ക് സാരമുള്ളതാണെന്നും കുറെക്കൂടി സമയം വേണ്ടിവരുമെന്നും സ്ഥിരീകരിക്കുകയായിരുന്നു.

ഇവർക്കു പുറമെ, ലീപ്സിഷ് മുന്നേറ്റത്തിന്റെ കുന്തമുനയായ ഫ്രഞ്ച് താരം ക്രിസ്റ്റഫർ എൻകുൻകു, സഹകളിക്കാരൻ പ്രെസ്നൽ കിംപെംബെ, മൊറോക്കോയുടെ അമിനെ ഹാരിസ്, ജപ്പാൻ താരം യുത നകായാമ, ഇംഗ്ലണ്ടിന്റെ ബെൻ ചിൽവെൽ തുടങ്ങി പ്രമുഖർ പലരും ഇത്തവണ പുറത്തിരിക്കും. പെഡ്രോ നെറ്റോ (പോർച്ചുഗൽ), അർതുറോ മെലോ (ബ്രസീൽ), സ്കോട്ട് കെന്നഡി (കാനഡ), ബൂബക്കർ കമാറ (ഫ്രാൻസ്), ജീസസ് കൊറോണ (മെക്സിക്കോ) തുടങ്ങിയവരുമുണ്ട്. 

Tags:    
News Summary - World Cup 2022: major football players missing FIFA tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.