പാരിസ്: എംബാപ്പെ, ബെൻസേമ കൂട്ടുകെട്ടിന് കരുത്തുപകർന്ന് ആക്രമണം നയിക്കേണ്ട മുൻനിര താരം പരിക്കുമായി പുറത്തായത് ഫ്രഞ്ച് ക്യാമ്പിൽ ആശങ്ക ഇരട്ടിയാക്കി. മധ്യനിര എഞ്ചിനുകളായ പോൾ പോഗ്ബ, എൻഗോളോ കാന്റെ, പ്രതിരോധത്തിലെ പ്രിസ്നെൽ കിംപെംപെ തുടങ്ങിയവർ നേരത്തെ ടീമിനു പുറത്താണ്. മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ റാഫേൽ വരാനെയും പരിക്കുമായി മല്ലിടുകയാണ്. ഇന്ന് ഖത്തറിലേക്ക് ടീം പുറപ്പെടാനിരിക്കെയാണ് ക്രിസ്റ്റഫർ എൻകുൻകുവിന്റെ പരിക്ക് ഗുരുതരമാണെന്ന് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച പരിശീലനത്തിനിടെയായിരുന്നു പരിക്കേറ്റത്.
ജർമൻ ടീമായ ലീപ്സിഷിനായി 15 കളികളിൽ 12 ഗോളുമായി ബുണ്ടസ് ലിഗയിൽ നിലവിലെ ടോപ്സ്കോററാണ് 25കാരനായ എൻകുൻകു.
പി.എസ്.ജി അക്കാദമിയിൽ പന്തു തട്ടി തുടങ്ങിയ എൻകുൻകു 2015 മുതലാണ് പ്രഫഷനൽ ഫുട്ബാളിലെത്തിയത്. പി.എസ്.ജിക്കായി തുടങ്ങിയ താരം മൂന്നു തവണ ലിഗ് വൺ കിരീടനേട്ടത്തിൽ മുൻനിര സാന്നിധ്യമായിരുന്നു. 2019ലാണ് ലീപ്സിഷിലെത്തിയത്. കഴിഞ്ഞ സീസണിൽ ബുണ്ടസ്‍ലിഗ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സീസണിൽ പ്രിമിയർ ലീഗ് ക്ലബായ ചെൽസിക്കൊപ്പം ചേരുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും കൈമാറ്റം മുടക്കി ക്ലബ് വൻതുക ആവശ്യപ്പെട്ടു.
കഴിഞ്ഞ മാർച്ചിലാണ് ആദ്യമായി ദേശീയ ടീമിനൊപ്പം ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.