മുൻകാലങ്ങളിൽ ലോകകപ്പിന് വേദിയൊരുക്കുന്ന രാജ്യങ്ങൾക്ക് മാത്രമായിരുന്നു ഫിഫയുടെ ഔദ്യോഗിക ഫാൻ ഫെസ്റ്റ് നടത്താൻ അനുമതി നൽകിയിരുന്നത്. എന്നാൽ, ഇക്കുറി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ആറ് നഗരങ്ങളിലാണ് ഫിഫയുടെ അന്താരാഷ്ട്ര ഫാൻ ഫെസ്റ്റ് നടക്കുന്നത്. അതിൽ നമ്മുടെ സ്വന്തം ദുബൈയുമുണ്ട്.
ദുബൈ ഹാർബറിന് പുറമെ ലണ്ടനിലെ ഔട്ടർനെറ്റ്, മെക്സികോ സിറ്റിയിലെ പ്ലാസ ഡി ലാ റിപ്പബ്ലിക, റിയോ ഡെ ജനീറോയിലെ കോപ കബാന ബീച്ച്, സാവോപോളോയിലെ വാലി ഡൊ അനംഗബോ, ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോൾ എന്നിവയാണ് ഫിഫ തിരഞ്ഞെടുത്ത വേദികൾ. ആഗോള സ്പോൺസർമാരിൽ ഒരാളായ ബഡ്വൈസറും ഉപ ബ്രാൻഡുകളായ കൊറോണ, ബ്രഹ്മ എന്നിവരുമായി ചേർന്നാണ് ഫിഫ ഫാൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
ദുബൈ ഹാർബറിൽ ലോകകപ്പുകളുടെ ഭാഗമായി ഫാൻ ഫെസ്റ്റിവൽ ഒരുക്കാറുണ്ടെങ്കിലും ആദ്യമായാണ് ഫിഫ ഫാൻ ഫെസ്റ്റിവൽ അവതരിപ്പിക്കുന്നത്. 10000 പേർക്ക് ഒരേ സമയം കളി കാണാൻ സൗകര്യമുണ്ട്. തത്സമയ മത്സരത്തിന് പുറമെ അന്താരാഷ്ട്ര ഡി.ജെ, പ്രദേശിക സംഗീതജ്ഞരുടെ പ്രകടനങ്ങൾ, വ്യത്യസ്തമായ ഭക്ഷണങ്ങൾ, ഇതിഹാസ താരങ്ങളുടെ സാമിപ്യം എന്നിവയും ആസ്വദിക്കാം.
മത്സരം നടക്കുന്ന 23 ദിവസങ്ങളിലായി 64 കളികളും ഫാൻ ഫെസ്റ്റിൽ കാണാം. 330 ചതുരശ്ര മീറ്റർ സ്ക്രീനാണ് ദുബൈ ഹാർബറിൽ ഒരുക്കിയിരിക്കുന്നത്. 4D ഓഡിയോയുടെ ശബ്ദഗാംഭീര്യത്തോടെയാണ് പ്രദർശനം. 10000ൽ അധികം പേർക്ക് ഇരിക്കാൻ സൗകര്യമുണ്ട്. ലോകോത്തര കലാകാരൻമാരുടെ സംഗീത വിരുന്നും ഡി.ജെയുമുണ്ടാകും. വൈവിധ്യങ്ങളായ ഭക്ഷണവിഭവങ്ങളും ആസ്വദിക്കാം.
ഉദ്ഘാടന ദിനമായ നവംബർ 20ന് വൈകുന്നേരം അഞ്ച് മുതൽ പുലർച്ച മൂന്ന് വരെ ഫാൻ ഫെസ്റ്റ് നടക്കും. നവംബർ 21 മുതൽ 28 വരെ ഉച്ചക്ക് 12 മുതൽ പുലർച്ച മൂന്ന് വരെയായിരിക്കും ഫാൻ ഫെസ്റ്റിവൽ തുറക്കുക. നവംബർ 29 മുതൽ ഡിസംബർ 18 വരെ ഉച്ചക്ക് മൂന്ന് മുതൽ പുലർച്ച മൂന്ന് വരെയും പ്രവർത്തിക്കും. പ്ലാറ്റിനം ലിസ്റ്റിന്റെ വെബ്സൈറ്റിൽ (dubai.platinumlist.net) കയറി ഫാൻ ഫെസ്റ്റ് എന്ന ഭാഗത്താണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത് (ശ്രദ്ധിക്കുക: ഫാൻ സോണും ഫാൻ ഫെസ്റ്റും രണ്ടാണ്. ഫാൻ ഫെസ്റ്റാണ് ഫിഫ ഔദ്യോഗികമായി നടത്തുന്നത്).
76 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. ഈ ടിക്കറ്റിൽ ഒരു ദിവസത്തെ എല്ലാ മത്സരവും കാണാൻ കഴിയും. വി.ഐ.പി, വി.വി.ഐ.പി ടിക്കറ്റുകളും സ്വകാര്യ സ്യൂട്ടുകളും ലോഞ്ചുകളും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.