ഓ​സി​ലി​ന്റെ ചി​ത്ര​വു​മാ​യി അ​റ​ബ് ആ​രാ​ധ​ക​ർ

ഓസിലിനെ കാണുമ്പോൾ ജർമൻകാർക്കെന്താണിത്ര കലിപ്പ്?

ദോഹ: 2014 ലോകകപ്പ് കിരീടം ചൂടിയ ജർമനിയുടെ പത്താം നമ്പർ കുപ്പായത്തിൽ മിന്നിത്തിളങ്ങിയ മെസ്യൂത് ഓസിലിന്റെ ചിത്രം കാണുമ്പോൾ ജർമൻ ആരാധകർക്ക് കലിയിളകുന്നത് എന്തുകൊണ്ടാണ്...? ഖത്തറിലെ ലോകകപ്പ് മൈതാനിയിൽ ജർമനി ബൂട്ടണിഞ്ഞപ്പോൾ, ഗാലറിയിലെത്തിയ അറബ്, ഏഷ്യൻ ആരാധകർ ഓസിലിന്റെ ചിത്രമുയർത്തുമ്പോൾ മ്യൂണിക്, ഫ്രാങ്ക്ഫർട്ട് തുടങ്ങിയ നഗരങ്ങളിൽ നിന്നെത്തിയ ജർമൻകാർ പൊട്ടിത്തെറിക്കുന്നത് എന്തിനാണ്.

ഡിസംബർ ഒന്നിന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന ജർമനി കോസ്റ്ററീക മത്സരത്തിനിടെ ഓസിലിന്റെ ചിത്രമുയർത്തിയ കോഴിക്കോട്ടുകാരൻ മഷ്ഹൂദിന്റെ കൈയിൽ നിന്നും ചിത്രം പിടിച്ചുവാങ്ങി കീറിയെറിഞ്ഞായിരുന്നു ഒരു സംഘം ജർമൻ ആരാധകർ ഗാലറിയിൽ 'ഓസിൽ വൈരം' പ്രകടിപ്പിച്ചത്.

മനുഷ്യാവകാശവും എൽ.ജി.ബി.ടി അവകാശവും പറഞ്ഞ് ഖത്തറിനെ കുറ്റപ്പെടുത്തിയ ജർമനി, തങ്ങളുടെ ഒരു ദേശീയ താരത്തോട് ചെയ്ത് കൂട്ടിയ വംശീയാധിക്ഷേപവും അവഗണനയും അവരെ ഓർമപ്പെടുത്തുകയായിരുന്നുവെന്ന് മഷ്ഹൂദ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.

എന്തായാലും, ലോകകപ്പിന്റെ ഗ്രൂപ് റൗണ്ടിൽ പുറത്തായ മാനുവൽ നോയറുടെ ജർമൻ പട നാട്ടിലേക്ക് മടങ്ങിയെങ്കിലും വാർത്തകളിൽ നിന്നും അവർ ഔട്ടായിട്ടില്ല. ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ 'വായ്' പൊത്തി കളത്തിലിറങ്ങിയത് മുതലാണ് ജർമൻ ടീമിന്റെ രാഷ്ട്രീയക്കളി കളത്തിന് പുറത്ത് ചർച്ചയായി തുടങ്ങുന്നത്.

ഗാ​ല​റി​യി​ൽ ഓ​സി​ലി​ന്റെ

ചി​ത്രം ഉ​യ​ർ​ത്തി​യ​പ്പോ​ൾ

തൊട്ടപ്പുറത്ത് പ്ര​കോ​പി​ത​രാ​വു​ന്ന ജ​ർ​മ​ൻ ആ​രാ​ധ​ക​ർ

ആദ്യമത്സരത്തിൽ ടീം ജപ്പാന് മുന്നിൽ നിലംപൊത്തിയതോടെ 'വാ' പൊത്തി പ്രതിഷേധം വലിയ പരിഹാസമായി മാറി. ആരാധകരും സമൂഹ മാധ്യമങ്ങളുമെല്ലാം പിന്നീടുള്ള മത്സരങ്ങളിൽ 'വാ' പൊത്തി പരിഹസിച്ചായിരുന്നു മുൻ ചാമ്പ്യന്മാരെ വരവേറ്റത്.

അടുത്ത കളി മുതൽ തങ്ങളുടെ ലോകചാമ്പ്യൻ ടീം അംഗം മെസ്യൂത് ഓസിലിന്റെ ചിത്രം ഉയർത്തി അറബ്, ഏഷ്യൻ കാണികൾ തിരിച്ചടിച്ചപ്പോൾ കൊള്ളേണ്ടിടത്തു തന്നെ കൊള്ളുകയും ചെയ്തു. അറബ് ചാനൽ സ്റ്റുഡിയോകളും, പത്രങ്ങളും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞ ജർമനിക്കെതിരായ പ്രതിഷേധങ്ങൾക്കിടയിൽ ലോകമാധ്യമങ്ങളിലും വൈറലായത് മലയാളി ആരാധകർ സ്റ്റേഡിയത്തിൽ നടത്തിയ പ്രതിഷേധമായിരുന്നു.

ദുബൈയിൽ നിന്നും കളികാണാനെത്തിയ കോഴിക്കോട് നന്തി,മൂടാടി സ്വദേശികളായ മഷ്ഹൂദ്, മിഷ്ഹബ് അലി, ഷാമിൽ ഷാനു എന്നിവരടങ്ങിയ സംഘമാണ് ഗാലറിയിൽ ഓസിലിന്റെ ചിത്രമുയർത്തിയത്. കളിയുടെ ആദ്യപകുതി അവസാനിക്കാനിരിക്കെ ഫോട്ടോ ഉയർത്തിയതോടെ ജര്‍മന്‍ ആരാധകര്‍ പ്രകോപിതരായി.

അവര്‍ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. തങ്ങളുടെ കൈയില്‍ നിന്ന് പോസ്റ്ററുകള്‍ ബലമായി പിടിച്ചുവാങ്ങി കീറിയെറിയുകയും അധിക്ഷേപം നടത്തുകയും ചെയ്തതായി മഷ്ഹൂദ് പറയുന്നു. 2014 ലോകകപ്പിലെ വിജയശിൽപികളിൽ ഒരാളായ ഓസിൽ, 2018 ലോകകപ്പിൽ ജർമൻ ടീം ഗ്രൂപ് റൗണ്ടിൽ പുറത്തായതിനു പിറകെയാണ് വംശീയാധിക്ഷേപങ്ങൾക്കിരയായി 30ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച് മടങ്ങുന്നത്.

തുര്‍ക്കിയ വംശജനായ ഓസില്‍ തുര്‍ക്കിയ പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനൊപ്പം ചിത്രമെടുത്തതിന്റെ പേരില്‍ ജർമനിയിൽ രൂക്ഷമായി വിമർശിക്കപ്പെട്ടു. തുടർന്നായിരുന്നു ജർമൻ ഫുട്ബാൾ ഫെഡറേഷനെതിരെ രൂക്ഷ വിമർശനമുയർത്തി താരം ദേശീയ ടീമിന്റെ പടിയിറങ്ങിയത്. ഖത്തർ ലോകകപ്പിനിടെ ദോഹയിലെത്തിയ താരം ഖത്തറിലെ ലോകകപ്പ് ആതിഥേയത്വത്തെ പ്രശംസിച്ചിരുന്നു.

Tags:    
News Summary - What are the Germans so irritated when they see mesut Ozil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.