''നമുക്കൊരു ലക്ഷ്യമുണ്ട്, അതിലേക്ക് ഒരു ചെറിയ പടി മാത്രം അകലെയാണ് നമ്മൾ''; അർജന്റീന ടീമിനെ മെസ്സി പ്രചോദിപ്പിക്കുന്നത് ഇങ്ങനെ...

ഖത്തറിൽ ലോകകപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, അർജന്റീന ടീമിന് പ്രചോദനമാകുന്ന ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നെറ്റ്ഫ്ലിക്‌സ് പുറത്തിറക്കിയ 'ബി എറ്റേണൽ: ചാമ്പ്യൻസ് ഓഫ് സൗത്ത് അമേരിക്ക' ഡോക്യുമെന്ററിയിലാണ് മെസ്സി ടീം അംഗങ്ങളെ പ്രചോദിപ്പിക്കുന്ന മനോഹരമായ ദൃശ്യമുള്ളത്. അതിൽ പറയുന്നത് ഇങ്ങനെയാണ്...

''45 ദിവസമായി നമ്മൾ കുടുംബാംഗങ്ങളെ പിരിഞ്ഞിരിക്കുകയാണ്. നമുക്കൊരു ലക്ഷ്യമുണ്ട്, അതിലേക്ക് ഒരു ചെറിയ പടി മാത്രം അകലെയാണ് നമ്മൾ. യാദൃശ്ചികത പോലെ മറ്റൊന്നില്ല. നിങ്ങൾക്കറിയാമോ? ഈ ടൂർണമെന്റ് അർജന്റീനയിൽ നടക്കേണ്ടിയിരുന്നതാണ്. ദൈവം ഇവിടെ കൊണ്ടുവന്നത് മാറക്കാനയിൽ ഉയർത്താൻ വേണ്ടിയാണ്. അത് കൂടുതൽ മനോഹരമായിരിക്കും. അതിനാൽ ആത്മവിശ്വാസത്തോടെ ഇറങ്ങുക, ഈ ട്രോഫി നമുക്ക് നാട്ടിലേക്ക് കൊണ്ടുപോകണം'' എന്നിങ്ങനെ മെസ്സി പറയുന്നതാണ് വിഡിയോയിൽ കാണിക്കുന്നത്.

അർജന്റീനയുടെ കോപ അമേരിക്ക കിരീട വിജയത്തെ കുറിച്ച് തയാറാക്കിയതാണ് ഡോക്യുമെന്ററി. ഫൈനലിന് മുമ്പാണ് ഡ്രസിങ് റൂമിൽ മെസ്സി ടീമിലെ സഹതാരങ്ങളെ ഈ രീതിയിൽ പ്രചോദിപ്പിക്കുന്നത്.

അർജന്റീനയിലും കൊളംബിയയിലുമായി നടക്കേണ്ടിയിരുന്ന കോപ അമേരിക്ക ടൂർണമെന്റ് കോവിഡ് കാരണം ബ്രസീലിലേക്ക് മാറ്റുകയായിരുന്നു. ഫൈനലിൽ എയ്ഞ്ചൽ ഡി മരിയ നേടിയ ഏക ഗോളിൽ ബ്രസീലിനെ തോൽപിച്ചാണ് അർജന്റീന കിരീടം നേടിയത്. ലോകകപ്പിൽ 22ന് വൈകീട്ട് മൂന്നരക്ക് സൗദി അറേബ്യക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം.

Tags:    
News Summary - “We have a goal and we are only a small step away from it”; Here's how Messi motivates Argentina team members...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.