ഒന്നും സംഭവിക്കില്ല; ആദ്യ ലോകകപ്പ് മത്സരം ട്വിറ്ററിൽ തന്നെ കാണാമെന്ന വാഗ്ദാനവുമായി മസ്ക്

ന്യൂഡൽഹി: ജീവനക്കാരെ രായ്ക്കുരാമാനം പിരിച്ചുവിട്ടും ഓഫീസുകൾ അടച്ചുപൂട്ടിയും സമൂഹ മാധ്യമമായ ട്വിറ്ററിൽ ഉടമയെന്ന നിലക്ക് നടത്തുന്ന ഇടപെടലുകൾ കണ്ട് ആശങ്ക വേണ്ടെന്ന ആശ്വാസവാക്കുമായി ഇലോൺ മസ്ക്. അടിയന്തര നോട്ടീസും ഭീഷണികളും സഹിക്കാതെ സോഫ്റ്റ്വെയർ എഞ്ചിനിയർമാർ കഴിഞ്ഞ ദിവസം കൂട്ടമായി രാജിവെക്കുക കൂടി ചെയ്തത് സ്ഥിതി ഗുരുതരമാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ലോകകപ്പ് നാളുകളിൽ ട്വിറ്റർ തകർച്ച നേരിടുമെന്നു വരെ ഭീഷണികളുണ്ടായി. അതല്ല, എല്ലാവരെയും ഞെട്ടിച്ച് ഇത് പിരിച്ചുവിടാനാണ് മസ്ക് ശതകോടികൾ മുടക്കി ഇത് സ്വന്തമാക്കിയതെന്ന അഭ്യൂഹങ്ങളും പരന്നു.

ഈ സാഹചര്യത്തിലാണ് മസ്ക് പ്രതികരണവുമായി എത്തിയത്. ലോകകപ്പിലെ ആദ്യ കളി നിങ്ങൾക്ക് ട്വിറ്ററിൽ കാണാമെന്നായിരുന്നു' രണ്ടുവരി ട്വീറ്റിൽ വാഗ്ദാനം. മികച്ച കവറേജും അതത് സമയത്തെ പ്രതികരണവും ട്വിറ്ററിലുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകുന്നു. ഏതു ലോകകപ്പെന്ന് മസ്ക് പറയുന്നില്ലെങ്കിലും ഖത്തർ ലോകകപ്പു തന്നെയാണ് ട്വിറ്റർ മുതലാളി ഉദ്ദേശിച്ചതെന്നു വ്യക്തം. ട്വീറ്റിനെ പരിഹസിച്ചും അനുകൂലിച്ചും നിരവധി പേർ പ്രതികരണവുമായും എത്തിയിട്ടുണ്ട്. 

പരമാവധി പേർ ടെലിവിഷൻ സ്ക്രീനുകൾക്ക് മുന്നിലുണ്ടാകുമെങ്കിലും ചിലർക്കെങ്കിലും അത് സാധ്യമാകാതെ വരുമെന്നുറപ്പാണ്. അവർക്കുകൂടി വിവരങ്ങൾ അറിയാൻ അവസരമുണ്ടാക്കുമെന്നാണ് ഉറപ്പു നൽകുന്നത്.

ഏഷ്യയിൽ നടക്കുന്ന രണ്ടാമത്തെ ലോക പോരാട്ടത്തിലെ ആദ്യ മത്സരം ആതിഥേയരായ ഖത്തറും എക്വഡോറും തമ്മിലാണ്. സമൂഹ മാധ്യമങ്ങളിൽ കൃത്യമായ വിവരങ്ങൾ സമയത്തു ലഭ്യമാക്കുന്നതിൽ ഏറെയായി മുന്നിലാണ് ട്വിറ്റർ. അത് ഈ ലോകകപ്പിൽ ഏതായാലും മുടങ്ങില്ലെന്നാണ് ഉറപ്പ്. 

Tags:    
News Summary - 'Watch first match on Twitter': Elon Musk's two World Cup coverage promises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.