വലകുലുക്കി വലൻസിയ; ഖത്തറിനെ കീഴടക്കി എക്വഡോർ

ദോഹ: കാൽപന്തുകളിയുടെ വിശ്വമേളക്ക് ഖത്തറിൽ തുടക്കമായ​പ്പോൾ ആതിഥേയർക്ക് തോൽവിയോടെ തുടക്കം. എക്വഡോർ ക്യാപ്റ്റൻ എന്നർ വലൻസിയയാണ് ഇരട്ട ഗോളിലൂടെ ഖത്തറിന്റെ സ്വപ്നങ്ങൾ തകർത്തെറിഞ്ഞത്. മൂന്നാം മിനിറ്റിൽ തന്നെ വലൻസിയ ആതിഥേയരുടെ വലയിൽ പന്തെത്തിച്ചെങ്കിലും നീണ്ട വാർ പരിശോധനയിൽ ഗോൾ നിഷേധിക്കപ്പെട്ടു. എന്നാൽ, തുടരെയുള്ള ആക്രമണങ്ങളിലൂടെ എക്വഡോർ കളി വരുതിയിലാക്കുകയും 15ാം മിനിറ്റിൽ ലോകകപ്പിലെ ആദ്യ ഗോളുമായി വലൻസിയ കണക്കു തീർക്കുകയും ചെയ്തു. ഗോളിനടുത്തെത്തിയ താരത്തെ ഖത്തർ ഗോൾകീപ്പർ സാദ് അൽഷീബ് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ക്യാപ്റ്റൻ തന്നെ അനായാസം വലയിലെത്തിക്കുകയായിരുന്നു. ഇതോടെ സ്റ്റേഡിയം ഒന്നടങ്കം നിശ്ശബ്ദമായി. ഫൗളിന് ഗോൾകീപ്പർ മഞ്ഞക്കാർഡും വാങ്ങി.

19ാം മിനിറ്റിലും ഗോളിനടുത്തെത്തിയെങ്കിലും എക്വഡോർ താരത്തിന്റെ ഹെഡർ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 22ാം മിനിറ്റിൽ വലൻസിയയെ ഫൗൾ ചെയ്തതിന് ആതിഥേയരുടെ സൂപ്പർ താരം അൽമോസ് അലിയും മഞ്ഞക്കാർഡ് വാങ്ങി. 31ാം മിനിറ്റിൽ വലയൻസിയ വീണ്ടും വലകുലുക്കി. എയ്ഞ്ചലോ പ്രസിയാഡോ വലതു വിങ്ങിൽനിന്ന് നൽകിയ മനോഹരമായ ക്രോസ് തകർപ്പൻ ഹെഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 36ാം മിനിറ്റിൽ ഖത്തർ മൂന്നാം മഞ്ഞക്കാർഡും വാങ്ങി. ഇത്തവണ അപകടകരമായ ഫൗളിന് കരിം ബൗദിയാഫിനായിരുന്നു ശിക്ഷ. 41ാം മിനിറ്റിലാണ് ഖത്തറിന്റെ മികച്ചൊരു മുന്നേറ്റം കണ്ടത്. അക്രം ആരിഫ് പന്തുമായി ഇക്വഡോർ ബോക്സിലേക്ക് കയറിയെങ്കിലും ലക്ഷ്യത്തിൽനിന്നകന്നു. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ഖത്തറിന് സുവർണാവസരം ലഭിച്ചെങ്കിലും ഗോളി മാത്രം മുന്നിൽ നിൽക്കെ അൽമോസ് അലി അവസരം പാഴാക്കി.

രണ്ടാം പകുതിയിൽ ഖത്തർ കൂടുതൽ ഉണർന്നു കളിച്ചെങ്കിലും സന്ദർശകർക്ക് ഭീഷണിയുയർത്താനായില്ല. ഇതിനിടയിലും എക്വഡോർ ആക്രമണം തുടർന്നു. 52ാം മിനിറ്റിൽ പ്രസിയാഡോയുടെ ലോങ് റേഞ്ചർ ബാറിന് മുകളിലൂടെ പറന്നു. തൊട്ടടുത്ത മിനിറ്റിലും ഖത്തർ ഗോൾമുഖത്ത് എക്വഡോർ ഭീതി പരത്തി. 55ാം മിനിറ്റിൽ റൊമാരിയോ ഇബറയുടെ കിടിലൻ ഷോട്ട്  ഗോൾകീപ്പർ സാദ് അൽഷീബ് മനോഹരമായി തടഞ്ഞിട്ടു. തൊട്ടടുത്ത മിനിറ്റിൽ അക്രം അഫീഫിനെ ഫൗൾ ചെയ്തതിന് എക്വഡോറിന്റെ ജെഗ്സൻ മെൻഡസ് മഞ്ഞക്കാർഡ് വാങ്ങി. 62ാം മിനിറ്റിൽ ഖത്തറിന് വീണ്ടും സുവർണാവസരം ലഭിച്ചെങ്കിലും മനോഹരമായ ക്രോസ് ക്ലിയർ ചെയ്യാൻ താരത്തിനായില്ല. 68ാം മിനിറ്റിൽ എക്വഡോർ ആദ്യ സബ്സ്റ്റിറ്റ്യൂഷൻ വരുത്തി. റൊമാരിയോ ഇബാറക്ക് പകരം ജെറമി സാർമിയന്റോ എത്തി. മൂന്ന് മിനിറ്റിന് ശേഷം ഖത്തറും രണ്ട് സബ്സ്റ്റിറ്റ്യൂഷൻ വരുത്തി. അൽമോസ് അലി, ഹസ്സൻ അൽ ഹൈദ്രോസ് എന്നിവർക്ക് പകരം മുഹമ്മദ് മുൻതരി, മുഹമ്മദ് വാദ് എന്നിവർ കളത്തിലെത്തി. 73ാം മിനിറ്റിൽ ബോക്സിന് തൊട്ടടുത്തുനിന്ന് എക്വഡോറിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 75ാം മിനിറ്റിൽ അക്രം അഫീഫിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

85ാം മിനിറ്റിലാണ് ഖത്തറിന് മത്സരത്തിലെ ഏറ്റവും മികച്ച അവസരം ലഭിച്ചത്. എന്നാൽ, മുഹമ്മദ് മുൻതരിയുടെ തകർപ്പൻ ഷോട്ട് ക്രോസ്ബാറിലും നെറ്റിലും ഉരുമ്മിയാണ് പുറത്തുപോയത്. പിന്നീട് തിരിച്ചടിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങ​ളൊന്നും ഫലം കണ്ടില്ല. ഇഞ്ചുറി സമയത്തിന്റെ അവസാന മിനിറ്റിൽ ഇരുടീമിനും കോർണറുകൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 

Tags:    
News Summary - Valencia shake the net; Ecuador defeated Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.