ഖത്തർ യൂനിവേഴ്സിറ്റി കാമ്പസിന് പുറത്ത് അർജൻറീന ടീമിനെ കാത്തിരിക്കുന്ന ആരാധകർ
ദോഹ: കാത്തുകാത്തിരുന്ന രാവിൽ കാൽപന്തുകളിയുടെ മിശിഹ പോരാട്ട ഭൂമിയിലേക്ക് പറന്നിറങ്ങി. ശിങ്കാരിമേളവും ആരവങ്ങളുമായി അണിനിരന്ന മലയാളി ആരാധകരുടെ സാന്നിധ്യത്തിൽ അർജൻറീന ടീമിന് പോരിടത്തിലേക്ക് വരവേൽപ്. അബൂദബിയിൽ ആതിഥേയ ടീമിനെ അഞ്ച് ഗോളിന് തകർത്തതിന്റെ ആവേശമടങ്ങും മുമ്പേ ൈഫ്ല ദുബൈയുടെ പ്രത്യേക വിമാനത്തിലായിരുന്നു ടീമിന്റെ ദോഹയിലേക്കുള്ള യാത്ര. ലയണൽ മെസ്സിയുടെയും എയ്ഞ്ചൽ ഡി മരിയയുടെയും ചിത്രം പതിച്ച വിമാനത്താവളം ദോഹ വിമാനത്താവളത്തിൽ നിലം തൊടുമ്പോൾ സമയം അർധരാത്രിയും പിന്നിട്ടിരുന്നു.
ലാൻഡ് ചെയ്ത വിമാനത്തിനരികിൽ നിന്നു തന്നെ ടീം നേരെ ബസിൽ കയറി ബേസ് ക്യാമ്പിലേക്ക്. ഇംഗ്ലണ്ട്, വെയ്ൽസ്, ഫ്രാൻസ് തുടങ്ങി കരുത്തരായ ഒരുപിടി ടീമുകൾ ഇതിനകം തന്നെ പോരാട്ട ഭൂമിയിലെത്തിയിരുന്നെങ്കിലും അവർക്കൊന്നും ലഭിക്കാത്ത സ്വീകരണമായിരുന്നു മെസ്സിക്കും സംഘത്തിനും ലഭിച്ചത്.
രാവിനെ പകലാക്കിമാറ്റി ടീമിന്റെ താമസസ്ഥലമായ ബേസ് ക്യാമ്പിന് മുന്നിൽ രാത്രി പത്ത് മുതൽ തന്നെ ആരാധകക്കൂട്ടം തമ്പടിച്ചു. അർജൻറീന ദേശീയ പതാക പാറിച്ചും, അഭിവാദ്യ ഗാനങ്ങൾ പാടിയും, ജഴ്സിയണിഞ്ഞു സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആരാധക സാന്നിധ്യം. അർജൻറീന ഫാൻസ് ഖത്തറിന്റെ നേതൃത്വത്തിൽ മലയാളികളായിരുന്നു വരവേൽപിന് നേതൃത്വം നൽകിയത്.
അവർക്കു പിറകിലായി ഖത്തറിലെ താമസക്കാരായ അർജൻറീനക്കാരും, പലരാജ്യങ്ങളിൽ നിന്നെത്തിയ ആരാധകരും അണിനിരന്ന് ടീമിന് സ്വീകരണമൊരുക്കി. ഒടുവിൽ താരങ്ങൾ നിറഞ്ഞ ബസ് എത്തുമ്പോൾ മൂന്ന് മണി കഴിഞ്ഞിരുന്നു. ഒരുനോക്ക് കാണാൻ കൊതിച്ചിരുന്നവർക്ക് പിടിതരാതെ ബസ് നേരെ ടീം ബേസ് ക്യാമ്പായ ഖത്തർ യൂനിവേഴ്സിറ്റി കാമ്പസിലേക്ക് പ്രവേശിച്ചു.
ഇനി മെസ്സിപ്പടയുടെ ഊണും ഉറക്കവും പരിശീലനവുമെല്ലാം ഇവിടെയാണ്. മത്സരങ്ങൾക്കു മാത്രമായി സ്റ്റേഡിയങ്ങളിലേക്ക് സഞ്ചാരം. ബുധനാഴ്ച രാത്രി നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ്, സെനഗാൾ, വെയ്ൽസ് ടീമുകളും ദോഹയിലെത്തിയിരുന്നു. അയൽക്കാരായ സൗദി അറേബ്യ, മുൻ ചാമ്പ്യന്മാരായ ജർമനി, കാനഡ, പോളണ്ട്, മെക്സികോ ടീമുകൾ കഴിഞ്ഞ രാത്രിയിലും എത്തി. ആരാധകർ കാത്തിരിക്കുന്ന നെയ്മറിന്റെ ബ്രസീൽ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗൽ എന്നിവർ ശനിയാഴ്ച പറന്നിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.