ദോഹ: ഖത്തർ ലോകകപ്പ് ഗ്രൂപ് ഡിയിലെ മൂന്നാം റൗണ്ടിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെതിരെ തുനീഷ്യ ഒരു ഗോളിനു മുന്നിൽ. 58ാം മിനിറ്റിൽ ഇസ്സാ ലൈദൗനിയുടെ അസിസ്റ്റിൽ വഹ്ബി ഖസ്‌രിയാണ് ഗോൾ നേടിയത്. ഫ്രാൻസ് ഗോൾമുഖം പലതവണ വിറപ്പിച്ചെങ്കിലും ആദ്യ പകുതിയിൽ തുനീഷ്യക്ക് ഗോൾ മാത്രം നേടാനായില്ല.
തുനീഷ്യൻ മുന്നേറ്റങ്ങളെല്ലാം ഫ്രഞ്ച് പ്രതിരോധത്തിൽ തട്ടി അവസാനിച്ചു. ആദ്യ പകുതിയിൽ പന്തടക്കത്തിലും പാസ്സിങ്ങിലും ഫ്രാൻസ് മുന്നിട്ടുനിന്നെങ്കിലും ഗോളെന്ന് തോന്നിക്കുന്ന നീക്കങ്ങൾ കാര്യമായുണ്ടായില്ല. അതേസമയം, തുനീഷ്യ തുടരെ തുടരെ ഫ്രഞ്ച് ഗോൾ മുഖത്തേക്ക് ഇരച്ചുകയറിക്കൊണ്ടിരുന്നു. ഷോട്ട് ഓൺ ടാർജറ്റിൽ തുനീഷ്യ രണ്ടു തവണ തൊടുത്തു. എന്നാൽ, ഫ്രാൻസിന്‍റെ കണക്കിൽ ഒന്നുമില്ലായിരുന്നു.
പ്രീ ക്വാർട്ടറിലേക്ക് നേരത്തെ ടിക്കറ്റെടുത്ത ഫ്രഞ്ച് പട തുനീഷ്യക്കെതിരെ പ്രമുഖരെ ബെഞ്ചിലിരുത്തിയാണ് കളത്തിലിറങ്ങിയത്. ഡെന്മാർക്കിനെതിരെ കളിച്ചിരുന്ന സൂപ്പർതാരം കിലിയൻ എംബാപ്പെ, ഗ്രീസ്മാൻ, ജിറൗദ്, ഡെംബെലെ തുടങ്ങിയവരെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയില്ല. വിജയം അനിവാര്യമായിരുന്നു തുനീഷ്യ ഫസ്റ്റ് ഇലവനെ തന്നെ കളത്തിലിറക്കി. എട്ടാം മിനിറ്റിൽ തുനീഷ്യ വലകുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് ഫ്ലാഗ് ഉയർത്തി.
പോസ്റ്റിന്‍റെ ഇടതുമൂലയിൽനിന്നുള്ള വഹ്ബി ഖസ്‌രിയുടെ ഫ്രീകിക്ക് നാദെർ ഗന്ദ്രി മനോഹരമായി വലയിലെത്തിച്ചു. പിന്നാലെ തുനീഷ്യൻ താരങ്ങളും ആരാധകരും ആഘോഷത്തിലമർന്നു. പിന്നാലെയുള്ള ഓഫ്സൈഡ് പൊടുന്നനെ നിരാശരാക്കി. 25ാം മിനിറ്റിൽ ഫ്രാൻസിന്‍റെ മികച്ച മുന്നേറ്റം. തുനീഷ്യൻ ബോക്സിലേക്ക് മുന്നേറിയ യൂസഫ് ഫോഫാന പന്ത് കിംഗ്സ്ലി കോമന് കൈമാറിയെങ്കിലും അവസരം മുതലെടുക്കാനായില്ല.
ആദ്യശ്രമത്തിൽ പന്ത് കൃത്യമായി കണക്ട്റ്റ് ചെയ്യാനാകാത്ത താരത്തിന്‍റെ രണ്ടാമത്തെ ഷോട്ട് പോസ്റ്റിനു പുറത്തേക്ക്. 30ാം മിനിറ്റിൽ പോസ്റ്റിന്‍റെ ഇടതു വിങ്ങിൽനിന്നുള്ള ഇസ്സാ ലൈദൗനിയുടെ ക്രോസിന് അനിസ് ബെൻ സ്ലിമാൻ തലവെച്ചെങ്കിലും നേരെ ഫ്രാൻസ് ഗോളിയുടെ കൈകളിലേക്ക്.
35ാം മിനിറ്റിൽ പോസ്റ്റിന്‍റെ 35 വാരെ അകലെ നിന്നുള്ള ഖസ്‌രിയുടെ ഒരു കിടിലൻ ഹാഫി വോളി ഫ്രാൻസ് ഗോളി തട്ടിയകയറ്റി. 42ാം മിനിറ്റിൽ തുനീഷ്യ സുവർണാവസരം നഷ്ടപ്പെടുത്തി. മത്സരത്തിൽ ഫ്രാൻസിനെ തോൽപിച്ചാൽ മാത്രം മതിയാകില്ല, ആസ്ട്രേലിയ-ഡെന്മാർക്ക് മത്സരഫലം കൂടി നോക്കിയായിരിക്കും തുനീഷ്യയുടെ പ്രീ-ക്വാർട്ടർ സാധ്യത.
ഫ്രാൻസ് ടീം: കോമാൻ, കോളോ മുവാനി, ഗുവെൻഡൗസി, വെറേടൗട്, ഫോഫാനാ, ചൗയാമെനി, കാമാവിംഗ, കൊനേറ്റെ, വരാണെ (ക്യാപ്റ്റൻ), ദിസാസി, സ്റ്റീവ് മൻഡൻഡാ.
തുനീഷ്യ ടീം: ഐയ്മൻ ദാഹ്‌മെൻ, യാസിൻ മെരിയാഹ്, നാദെർ ഗന്ദ്രി, അലി മാലൗൽ, ഇസ്സാ ലൈദൗനി, ഇല്യാസ് സക്‌രി, വാജിദി കെച്രിദ, വഹ്ബി ഖസ്‌രി(ക്യാപ്റ്റൻ), മുഹമ്മദ് അലി ബെൻ റോംദാനെ, അനിസ് സ്ലിമാനെ.
നിലവിൽ ഗ്രൂപ് ഡിയിൽ ആറു പോയന്‍റുമായി ഫ്രാൻസാണ് ഒന്നാമത്. മൂന്നു പോയന്‍റുള്ള ആസ്ട്രേലിയയാണ് രണ്ടാമത്. ഒരു പോയിന്‍റുള്ള ഡെന്മാർക്കും തുനീഷ്യയും മൂന്നും നാലും സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.