മൊറോക്കോയുെട വിജയം ആഘോഷിക്കാനായി വ്യാഴാഴ്ച രാത്രിയിൽ സൂഖ് വാഖിഫിലെത്തിയവർ
ദോഹ: ലോകകപ്പിനായി ദേശങ്ങൾ താണ്ടുന്ന കളി പ്രേമികൾക്ക് എന്നും മടക്കയാത്രയിൽ കൈവശം ഓർക്കാനൊരു സ്മരണികയുമായാവും മടങ്ങുന്നത്. ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും റഷ്യയിലുമെല്ലാം പോയ വന്നവർ അങ്ങനെ കൊണ്ടുവരുന്നതും കണ്ടുകാണും. ലോകകപ്പ് മുദ്രകൾ പതിച്ചതും, കൊടികളും ശീതളപാനീയ പാത്രങ്ങൾക്കും വരെയുണ്ട് ലോകകപ്പ് ഓർമകൾ പേറുന്ന സുവനീർ പട്ടം.
ഇത്തവണ ഖത്തറിലെത്തുന്ന ലോകകപ്പ് സഞ്ചാരികഴുടെ പ്രധാന ആകർഷണ കേന്ദ്രം സൂഖ് വാഖിഫിലെ ഇത്തരം വിൽപന കേന്ദ്രങ്ങളാണ്. പുരാവസ്തുക്കൾ, ഛായാചിത്രങ്ങൾ, കരകൗശല വസ്തുക്കൾ, തുകൽ ബാഗുകൾ, പരമ്പരാഗത അറബി വസ്ത്രങ്ങൾ, തുണിത്തരങ്ങൾ, മെഹന്ദി എന്നിവക്കായി നിരവധി ഫുട്ബോൾ ആരാധകരും സന്ദർശകരുമാണ് ദിവസേന സൂഖിലെത്തുന്നത്.
ആൾക്കൂട്ടത്തിെൻറ ഒഴുക്ക് രാത്രി വൈകും വരെ തുടരുന്നുവെന്നും യൂറോപ്പിൽ നിന്നുള്ള ആരാധകരും സന്ദർശകരും അറബ് സംസ്കാരത്തെയും പാരമ്പര്യത്തെയും പ്രതിഫലിപ്പിക്കുന്ന പുരാതന വസ്തുക്കളും സുവനീറുകളും വാങ്ങാൻ ഏറെ താൽപര്യപ്പെടുന്നുവെന്നും സൂഖിലെ കച്ചവടക്കാർ പറയുന്നു. അലങ്കരിച്ച പാത്രങ്ങളും വിവിധ വർണ്ണങ്ങളിലുള്ളതും അറബ് പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന തുണിത്തരങ്ങളുമാണ് ഏഷ്യക്കാർക്ക് പ്രിയമെന്നും അവർ വ്യക്തമാക്കുന്നു.
'ഇത്രയും മനോഹരമായ സ്ഥലം മുമ്പൊരിക്കലും കണ്ടിട്ടില്ല. ചില എണ്ണഛായാ ചിത്രങ്ങളിൽ മാത്രം കണ്ടുവരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പരമ്പരാഗത അറബ് വിപണി പോലെയാണ് എനിക്ക് സൂഖ് വാഖിഫ്' -ഒരു സ്പാനിഷ് സന്ദർശക പറഞ്ഞത് ഇങ്ങനെ. തെരുവുകൾ എപ്പോഴും സംഗീതസാന്ദ്രമാണ്. റെസ്റ്റോറൻറുകൾ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ടതാണ്. അവർ പറഞ്ഞു.
സൂഖ് വാഖിഫിൽ പരമ്പരാഗത ഉൽപന്നങ്ങൾ വിൽക്കുന്ന കട
പരമ്പരാഗത അറബ് വസ്ത്രമായ തോബിനും ആവശ്യക്കാരേറെയാണ്. വളരെയധികം ബഹുമാനിക്കപ്പെടുന്ന ഈ പരമ്പരാഗത വസ്ത്രം ധരിക്കാൻ പലരും ഏറെ താൽപര്യപ്പെടുന്നുണ്ട്. ചിലർ ഇവ സ്വയം ധരിച്ച് നടക്കുമ്പോൾ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും സുവനീർ ആയി വാങ്ങുന്നവരും ഏറെയാണ്.
ഒട്ടക ഓട്ടത്തിന് ഉപയോഗിക്കുന്ന തുകൽ വസ്തുക്കൾ സുവനീറിനും ആവശ്യക്കാരേറെയാണെന്ന് കച്ചവടക്കാർ പറയുന്നു. സൂഖിലെ മറ്റൊരാകർഷണം കൈവെള്ളയിലും പുറത്തും മെഹന്ദി കൊണ്ടുള്ള കലാവിരുതാണ്. യൂറോപ്പിൽ നിന്നുള്ള നിരവധി പേർ ഇതിനായി ഇവിടെയെത്തുന്നുണ്ട്. സൂഖ് വാഖിഫിെൻറ പ്രധാന കേന്ദ്രങ്ങളിലെല്ലാം മെഹന്ദി ആർട്ടിസ്റ്റുകൾ സന്ദർശകരെ കാത്തിരിക്കുന്നുണ്ടാകും.
മനോഹരമായ കലയാണിതെന്നും അറബ് പൈതൃകത്തിെൻറ സൂക്ഷമമായ വിശദാംശങ്ങൾ പ്രതിഫലിപ്പിക്കുകയും കലയിലും സംസ്കാരത്തിലും ആഴത്തിൽ വേരൂന്നിയ അവരുടെ പാരമ്പര്യത്തെ വെളിപ്പെടുത്തുകയുമാണ് ഇതിലൂടെ പ്രകടമാകുന്നത്.
സൂഖിെൻറ വിവിധ കോണുകളിലായി തത്സമയം തയ്യാറാക്കുന്ന തനത് അറബ് വിഭവങ്ങളും സന്ദർശകരെ ആകർഷിക്കുന്നുണ്ട്. പ്രത്യേക അറബ് രുചിക്കൂട്ടുകളിൽ തയ്യാറാക്കുന്ന ഈ വിഭവങ്ങൾ ഒരു തവണയെങ്കിലും രുചിക്കാത്ത സന്ദർശകർ കുറവായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.