റൊണാൾഡോ വഴി പോർച്ചുഗലിലേക്ക്

ഫുട്ബാൾ കളിക്കാനും കളി കാണാനും ചെറുപ്പം തൊട്ടേ വലിയ ഇഷ്ടമായിരുന്നു. എന്നാൽ 2004 യൂറോകപ്പ് മുതൽ ആണ് ഒരു ടീമിനോട് പ്രത്യേക വാത്സല്യം തോന്നുന്നത്. അന്ന് കിരീടം നേടിയത്‌ ഗ്രീസ്‌ ആയിരുന്നെങ്കിലും പോർച്ചുഗൽ ടീമിന്റെ പോരാട്ട വീര്യം എന്നെ അവരിലേക്ക് അടുപ്പിച്ചു. സൂപ്പർ താരം ലൂയിസ് ഫിഗോയും അന്ന് കൗമാര താരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുമെല്ലാം അണിനിരന്ന പോർച്ചുഗൽ ടീം തോൽവിയോടെയാണ് ടൂർണമെന്റ് തുടങ്ങിയതെങ്കിലും ഫൈനൽ വരെ അവരുടെ മിന്നുന്ന പ്രകടനം ആയിരുന്നു.

സെമി ഫൈനലിൽ അന്ന് യൂറോ കിരീടം നേടാൻ എറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപെട്ട നിസ്റ്റൽ റൂയ്‌, ആര്യൻ റോബൻ, ഓവർമാസ്‌, സീഡോർഫ്, ഡേവിഡ്സ്‌, ജാപ്‌ സ്റ്റാം, വാൻഡർസർ തുടങ്ങിയവർ അണിനിരന്ന നെതർലാന്റിനെ പോർച്ചുഗൽ കീഴടക്കിയത് ആവേശത്തോടെ ആണ് കണ്ടത്. അന്ന് മനോഹരമായ ഹെഡറിലൂടെ ഗോൾ വല ചലിപ്പിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയും മിന്നും വിജയം നേടിയ പോർച്ചുഗല്ലും കയറിവന്നത്‌ എന്റെ ഹൃദയത്തിലേക്ക്‌ കൂടി ആയിരുന്നു. അന്നുമുതൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇഷ്ടതാരമായി മനസിൽ ഇടം പിടിച്ചു. ക്രിസ്റ്റ്യാനോയിലൂടെ പോർച്ചുഗൽ ഇഷ്ടടീമുമായി.

ലോകകപ്പുകളും യൂറോകപ്പും ലീഗ് മൽസരങ്ങളിലും എവിടെയൊക്കെ ക്രിസ്റ്റ്യാനയുണ്ടോ ആ മൈതാനങ്ങളിലെല്ലാം ഞാൻ ദൂരയിരുന്ന് കളികാണുന്ന കാണിയായി.

ലോക ഫുടുബോൾ മാമാങ്കം ഖത്തറിൽ നടക്കാനൊരുങ്ങുബോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചുമലിലേറി പോർച്ചുഗൽ അവരുടെ ആദ്യ ലോകകപ്പ്‌ കിരീടം ലിസ്ബണിലെത്തിക്കുമെന്ന് ഉറച്ച്‌ വിശ്വസിക്കുകയാണു പോർച്ചുഗീസ് ഫുട്ബാൾ ആരാധകർ.

2016ലെ യൂറോ കിരീടവും, 2018 ലെ യൂറോ നാഷൻസ്‌ ലീഗ്‌ കിരീടവും നേടി ലോക ഫുട്ബാൾ ഭൂപടത്തിൽ പോർച്ചുഗലിനെ മുൻ നിരയിലേക്ക്‌ കൊണ്ടുവന്ന നായകൻ റൊണാൾഡോയോടോപ്പം ഒരുപറ്റം മികച്ച താരനിര തന്നെ ഇത്തവണ പോർച്ചുഗലിനു വേണ്ടി അണിനിരക്കുന്നുണ്ട്. പെപ്പെ, റൂയി പാട്രീഷ്യ, ഫോണ്ടെ തുടങ്ങിയ പരിചയ സമ്പന്നരായ താരങ്ങളോടൊപ്പം ക്ലബ്‌ ഫുട്ബാളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ബ്രൂണൊ ഫെർണാണ്ടസ്‌, ബെർണാഡൊ സിൽവ, റൂബൻ ഡയസ്‌, റുബെൻ നവസ്‌, ജാവൊ കാൻസലൊ എന്നിവരും യുവ താരങ്ങൾ ആയ ജാവൊ ഫെലിക്സ്‌, ന്യൂനൊ മെന്റസ്‌, റാഫെൽ ലിയാവൊ, വീറ്റിഞ്ഞ, റൊനാട്ടൊ സാഞ്ചസ്‌, ഡിയഗൊ ഡാലറ്റ്‌ തുടങ്ങിയവരും കൂടെ ചേരുമ്പോൾ ഈ ലോകകപ്പിലെ മികച്ച സ്ക്വാഡുകളിൽ ഒന്നായാണ് പോർച്ചുഗൽ വിശ്വ പോരാട്ടത്തിനിറങ്ങുന്നത്.

തോൽവികളുടെ വക്കിൽ നിന്ന് പോലും വിജയിക്കാനുള്ള ഊർജ്ജ്വം മനസിലും മെയ്യിലും കാത്തുവെക്കുന്ന ലോകഫുട്ബാളിലെ അപൂർവ്വം താരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ ഖത്തറിൽ അത്ഭുതം കാണിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ പന്തുരുളുന്നത് കാത്തിരിക്കുകയാണ് ആരാധക കൂട്ടം.

Tags:    
News Summary - through Ronaldo to Portugal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.