മെസ്സിയുടെ ഗോളിൽ ആരാധകർ തുള്ളിച്ചാടുമ്പോൾ ഐമർ കണ്ണീരണിഞ്ഞത് ഇതിനാലാണ്...

ദോഹ: ലോകകപ്പിൽ മെക്സിക്കോക്കെതിരായ നിർണായക പോരാട്ടത്തിൽ അർജന്റീനക്കായി 64ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസ്സി ഗോളടിച്ചപ്പോൾ ലുസൈൽ സ്റ്റേഡിയം ആഹ്ലാദത്തിൽ ഇരമ്പിയാർക്കുകയായിരുന്നു. എന്നാൽ, ഈ സമയം സന്തോഷം കൊണ്ട് ഡഗൗട്ടിൽ പൊട്ടിക്കരയുന്ന ഒരാളുണ്ടായിരുന്നു. അർജന്റീനയുടെ അസിസ്റ്റന്റ് കോച്ചും മുൻ അറ്റാക്കിങ് മിഡ് ഫീൽഡന്റുമായ പാബ്ലോ ഐമർ. മെസ്സിയുടെ മെന്റർ കൂടിയാണ് ഐയ്മർ.

മെക്സിക്കോക്കെതിരെ മെസ്സി വല കുലുക്കിയതിന് പിന്നാലെ സന്തോഷം കൊണ്ട് മുഖം പൊത്തി കരയുകയും വൈകാരികമായി ഇരിക്കുകയും ചെയ്യുന്ന ഐയ്മറിന്റെ വിഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഐയ്മറിന്റെ അടുത്ത് ചെന്ന് പരിശീലകൻ സ്‌കലോണി സംസാരിക്കുന്നതും വിഡിയോയിലുണ്ട്. എത്ര സമ്മർദത്തോടെയും വൈകാരികതയോടെയുമാണ് ഓരോ അർജന്റീനക്കാരനും ആ മത്സരത്തെ കണ്ടതെന്നതിന് തെളിവായാണ് പലരും ഇതിനെ ചൂണ്ടിക്കാട്ടുന്നത്. ഈ വിജയത്തിലൂടെ തോളിൽനിന്ന് ഒരു ഭാരം ഇറക്കാനായെന്നും മനസ്സിന് സന്തോഷവും സമാധാനവും ലഭിച്ചെന്നും മെസ്സിയും പ്രതികരിച്ചിരുന്നു.

മെസ്സിയും ​ഐമറും അർജന്റീനക്കായി ഒരുമിച്ച് പന്ത് തട്ടിയിട്ടുണ്ട്. 1999 മുതൽ 2009 വരെയുള്ള കാലഘട്ടത്തിൽ 52 മത്സരങ്ങളിലാണ് ഐമർ രാജ്യത്തിനായി ബൂട്ടണിഞ്ഞത്. എട്ട് ഗോളുകളും നേടിയിട്ടുണ്ട്. ക്ലബ് കരിയറിൽ 413 മത്സരങ്ങളിൽ നിന്ന് 67 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.

ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ സൗദിയോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റതോടെ വൻ സമ്മർദത്തിലായിരുന്ന അർജന്റീന മെസ്സിയും എൻസോ ഫെർണാണ്ടോയും നേടിയ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെക്സിക്കോയെ കീഴടക്കിയത്. 

Tags:    
News Summary - This is why Aimar broke down in tears when fans jumped on Messi's goal...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.