ദോഹ: ദോഹയിലെ അൽതുമാമ സ്റ്റേഡിയം. റഫറി ഫാകുൻഡോ ടെല്ലോ ഖത്തർ ലോകകപ്പിലെ ക്വാർട്ടർ ഫൈനലിന് ഫൈനൽ വിസിൽ മുഴക്കുന്നു. പറങ്കിപ്പടക്കുമേൽ 'അറ്റ്ലസ് ലയൺസ്' വമ്പൻ അട്ടിമറി നടത്തിയ വിസ്മയക്കാഴ്ചകളിൽ ലോകം തരിച്ചുനിന്നുപോയ നിമിഷം. പക്ഷേ, അതിനേക്കാളൊക്കെ സവിശേഷതയുണ്ടായിരുന്നു ആ വിസിലടിക്ക്. സമാനതകളില്ലാത്ത ചരിത്രപ്പിറവിയുടെ അർമാദങ്ങളിൽ അലതല്ലിയാഹ്ലാദിക്കുന്ന മൊറോക്കോക്കാരനുപോലും ആ വിജയത്തിനിടയിലും മനസ്സിലൊരിറ്റ് വ്യഥയുണ്ടാകാതിരിക്കില്ല.

കാരണം, ആ ഫൈനൽ വിസിൽ മുഴങ്ങിയത് ഒരു മത്സരത്തിനു മാത്രമായിരുന്നില്ല. കളിയുടെ വീറുറ്റ പോരിടങ്ങളിൽ ഒരുപാടുകാലം ചാന്ദ്രശോഭയോടെ തെളിച്ചം പരത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ ജീവിതസ്വപ്നങ്ങൾക്കുകൂടിയായിരുന്നു. ഒരു ലോകകപ്പെന്ന അയാളുടെ മോഹങ്ങൾ എന്നെന്നേക്കുമായി തച്ചുടക്കപ്പെട്ടതിനുമപ്പുറത്ത്, ഒരുപക്ഷേ, പോർചുഗീസ് കുപ്പായത്തിലെ സംഭവബഹുലമായ കരിയർ കാലത്തിനുമേലും ആ വിസിൽ പടർത്തിയത് അവ്യക്തതയുടെ കാർമേഘപടലങ്ങളാണ്.

റോണോ, ഇങ്ങനെ തിരിച്ചുപോകേണ്ടവനായിരുന്നില്ല

ന്യായങ്ങളും മറുവാദങ്ങളുമൊക്കെയുണ്ടാകാമെങ്കിലും അയാളൊരിക്കലും ഇങ്ങനെ തിരിച്ചുപോകേണ്ടവനായിരുന്നില്ല. കളിയുടെ അവസാന നാഴികയിൽ ആ മെദീരക്കാരൻ തൊടുത്ത റണ്ണിങ് ഷോട്ട് യാസീൻ ബോനുവിന്റെ ഗ്ലൗസും കടന്ന് പോയിരുന്നെങ്കിൽ എന്നാഗ്രഹിച്ചവരെല്ലാം പോർചുഗലിന്റെ സമനിലയും ജയവുമൊന്നും മോഹിച്ചവരുമായിരിക്കില്ല. അതാ ഗോൾവര കടന്നിരുന്നെങ്കിൽ ഒരുപാട് കുറ്റപ്പെടുത്തലുകൾക്കും പരിഹാസങ്ങൾക്കും അവഗണനകൾക്കുമുള്ള മറുപടിയാകുമായിരുന്നുവെന്ന് അവർ പലരും കണക്കുകൂട്ടുന്നുണ്ട്.

പോർചുഗലിന്റെ എക്കാലത്തെയും മികച്ച താരമായിട്ടും അയാൾ ഒറ്റക്കെന്ന പ്രതീതിയാണ് ഖത്തർ പകർന്നുനൽകിയത്. മാഞ്ചസ്റ്റർ യുനൈറ്റഡിൽ അനുഭവിച്ചതിന്റെ മറ്റൊരു പകർപ്പാണ് അറേബ്യൻ മണ്ണിലും ആ ഇതിഹാസത്തെ കാത്തുനിന്നതെന്നുപറയാം. ലൂയി ഫിഗോ ഇപ്പോൾ തുറന്നടിക്കുന്നത് പലരും ഉറക്കെ ആവർത്തിക്കുന്നു. 'റൊണാൾഡോയെപ്പോലൊരു താരം അണിയിലുണ്ടായിട്ട് അയാളെ പുറത്തിരുത്തി ലോകകപ്പ് ജയിക്കാൻ നിങ്ങൾക്ക് കഴിയില്ല. സ്വിറ്റ്സർലൻഡിനെതിരെ അത് നടന്നിട്ടുണ്ടാകാം. നല്ലത്. എന്നുകരുതി എല്ലാ മത്സരത്തിലും അത് പാടില്ലായിരുന്നു.'

സ്വിറ്റ്സർലൻഡിനെതിരെ ജയിച്ചപ്പോഴും മൊറോക്കോക്കെതിരെ തോറ്റപ്പോഴും മത്സരശേഷം ആദ്യം മൈതാനംവിട്ടുപോയ പോർചുഗീസുകാരൻ ക്രിസ്റ്റ്യാനോയായിരുന്നു. അപ്പോൾ അയാൾ ഒറ്റക്കായിരുന്നു. അപ്പോൾ മാത്രമല്ല, പലപ്പോഴും അയാൾ ഒറ്റപ്പെട്ടു നിൽക്കുന്നുവെന്ന പ്രതീതിയാണ് ഖത്തർ പകർന്നുനൽകിയത്. മൊറോക്കോക്കെതിരായ മത്സരം കഴിഞ്ഞ് ടണലിലേക്കുള്ള വഴിയേ നീങ്ങുമ്പോൾ, തനിക്കുനേരെ കുതിച്ചുവന്ന 'പിച്ച് ഇൻവേഡറെ' പോലും റൊണാൾഡോ കാര്യമായി ശ്രദ്ധിച്ചില്ല.

ആ നോക്കൗട്ട് തോൽവിയിൽ അത്രയേറെ സ്തംഭിച്ചുപോയ അയാളിൽ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ക്ഷണത്തിൽ കൂടുകൂട്ടിയിരിക്കണം. ടണലിലെത്തിയപ്പോൾ അതു തിരിച്ചറിഞ്ഞെന്നപോലെ ആ കണ്ണുകൾ നിറഞ്ഞു. കാമറക്കണ്ണുകൾ അതു പകർത്തിയെടുത്ത് ലോകത്തിന് കാണിച്ചുകൊടുത്തു. ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിൽ ഒരു ഗോൾപോലും സമ്പാദ്യത്തിലില്ലാതെയാണ് ക്രിസ്റ്റ്യാനോ മടങ്ങുന്നത്.

ഇനി വരുമോ?

അയാളൊരു പോരാളിയായിരുന്നു. നിശ്ചയദാർഢ്യത്തിന്റെ, വിട്ടുകൊടുക്കാത്ത വിജയതൃഷ്ണയുടെ, കരുത്തിന്റെ... പലതരം മൂശയിൽ വാർത്തെടുക്കപ്പെട്ട പോർവീര്യമായിരുന്നു അതിന്റെ കാതൽ. ആ ബലത്തിലാണ് പറങ്കിപ്പട സമീപകാലത്ത് പച്ചപിടിച്ചു വളർന്നതും. അയാളെ ചുറ്റിപ്പറ്റിയായിരുന്നു തന്ത്രങ്ങൾ രൂപപ്പെട്ടത്. സ്വപ്നങ്ങളുടെ വല കുലുങ്ങുമെന്ന മോഹങ്ങളിൽ ക്രിസ്റ്റ്യാനോയെപ്പോലെ നിറംപകർന്നവർ അവർക്ക് വേറെയുണ്ടായിരുന്നില്ല.

മെറൂൺ കുപ്പായത്തിന്റെ നിറപ്പകിട്ടിനൊപ്പം 196 മത്സരങ്ങളിൽ 118 ഗോളുകൾ. ആ അതിമാനുഷനെ അടയാളപ്പെടുത്താൻ മറ്റു കണക്കുകളൊന്നും നിരത്തേണ്ടതുമില്ല. ഈ ടീമിനൊപ്പം ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് ആരാധകരെ കൂട്ടിക്കെട്ടിയതും മറ്റാരുമായിരുന്നില്ല. മാഞ്ചസ്റ്റർ യുനൈറ്റഡും റയൽ മഡ്രിഡും യുവന്റസുമൊക്കെ പൂത്തുതളിർത്തപ്പോഴും അതിന് സാരഥ്യം വഹിച്ചവൻ ലോക ഫുട്ബാളിന്റെ കണ്ണിലുണ്ണിയായിരുന്നു.

ദ. കൊറിയക്കെതിരായ മത്സരത്തിൽ കളത്തിൽനിന്ന് പിൻവലിച്ചപ്പോൾ റൊണാൾഡോ അസ്വസ്ഥനായിരുന്നു. കാരണം, ലോക ഫുട്ബാളിലെ രാജകുമാരന് അത് ശീലമുണ്ടായിരുന്നില്ല. ചുരുങ്ങിയപക്ഷം, പോർചുഗൽ ജഴ്സിയിലെങ്കിലും. പിന്നാലെ, സ്വിറ്റ്സർലൻഡിനും മൊറോക്കോക്കുമെതിരെ, േപ്ലയിങ് ഇലവനിൽതന്നെ അയാൾ ഇല്ലാതായി. 2026ൽ ലോകകപ്പിന്റെ അരങ്ങിലേക്ക്, 41ാം വയസ്സിൽ അയാളെത്തുമെന്ന് ഒട്ടും പ്രതീക്ഷിക്കുക വയ്യ.

ക്രിസ്റ്റ്യാനോ അയാളുടെ ലോകകപ്പ് മത്സരങ്ങൾ കളിച്ചുതീർത്തിരിക്കുന്നു. മനംമയക്കുന്ന സ്റ്റെപ് ഓവറുകളും പൊള്ളുന്ന ഹെഡറുകളും തകർപ്പൻ ഷോട്ടുകളും ഇനി സൗദിയിലെ അൽനാസർ പോലൊരു ക്ലബിൽ മാത്രമായി ചുരുങ്ങുമോ എന്നു മാത്രമേ അറിയാനുള്ളൂ.

എനിക്കൊരു മനോഹര സ്വപ്നമുണ്ടായിരുന്നു, ഇന്നലെ അത് അവസാനിച്ചു -ക്രിസ്റ്റ്യാനോ

ദോഹ: പോർചുഗൽ ലോകകപ്പിൽ നിന്ന് പുറത്തായതോടെ കണ്ണീരോടെ മൈതാനം വിട്ട നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ മൗനം വെടിഞ്ഞ് മനസ്സുതുറന്നു. പോർചുഗലിനായി ഒരു ലോകകപ്പ് നേടുക എന്നത് തന്റെ കരിയറിലെ ഏറ്റവും വലുതും മോഹമേറിയതുമായ സ്വപ്നമായിരുന്നുവെന്നും നിർഭാഗ്യവശാൽ അത് അവസാനിച്ചുവെന്നും സമൂഹമാധ്യമങ്ങളിൽ അദ്ദേഹം കുറിച്ചു. പോസ്റ്റ് തുടരുന്നു:

''പോർചുഗലിന് ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര കിരീടങ്ങൾ ഞാൻ നേടി. പക്ഷേ നമ്മുടെ രാജ്യത്തിന്റെ പേര് ലോകത്തിലെ ഏറ്റവും ഉയർന്ന തലത്തിൽ എത്തിക്കുക എന്നത് എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. ഞാൻ അതിന് കഠിനമായി പോരാടി. 16 വർഷത്തിനിടെ അഞ്ച് ലോകകപ്പുകളിൽ ഞാനുണ്ടായിരുന്നു. ദശലക്ഷക്കണക്കിന് പോർചുഗീസുകാരുടെ പിന്തുണയോടെ എല്ലായ്പ്പോഴും മികച്ച കളിക്കാർക്കൊപ്പം. ഞാൻ എന്റെ എല്ലാം നൽകി. ഞാൻ ഒരിക്കലും പോരാട്ടത്തിലേക്ക് മുഖം തിരിച്ചിട്ടില്ല. ആ സ്വപ്നം ഞാൻ ഒരിക്കലും ഉപേക്ഷിച്ചില്ല.

നിർഭാഗ്യവശാൽ, ഇന്നലെ സ്വപ്നം അവസാനിച്ചു. ഒരുപാട് പറഞ്ഞിട്ടുണ്ട്, ഒരുപാട് എഴുതിയിട്ടുണ്ട്. ഒരുപാട് ഊഹിക്കപ്പെടുന്നുണ്ട്. എന്നാൽ പോർചുഗലിനോടുള്ള എന്റെ സമർപ്പണം ഒരു നിമിഷം പോലും മാറിയിട്ടില്ലെന്ന് എല്ലാവരും അറിയണമെന്ന് ആഗ്രഹിക്കുന്നു. എല്ലാവരുടെയും ലക്ഷ്യത്തിനായി പോരാടുന്ന ഒരാൾ കൂടിയായിരുന്നു ഞാൻ. എന്റെ ടീമംഗങ്ങൾക്കോ എന്റെ രാജ്യത്തിനോ നേരെ ഞാൻ ഒരിക്കലും പുറംതിരിഞ്ഞു നിൽക്കില്ല.

ഇപ്പോൾ, കൂടുതലൊന്നും പറയാനില്ല. നന്ദി, പോർചുഗൽ. നന്ദി, ഖത്തർ. സ്വപ്നം നീണ്ടുനിൽക്കുമ്പോൾ അത് മനോഹരമായിരുന്നു. സമയമാണ് ഏറ്റവും നല്ല ഉപദേശകൻ. ഓരോരുത്തരെയും അവരവരുടെ സ്വന്തം നിഗമനങ്ങളിൽ എത്തിച്ചേരാനും അനുവദിക്കേണ്ട സമയമാണിത്'' -ക്രിസ്റ്റ്യാനോ കൂട്ടിച്ചേർത്തു.

Tags:    
News Summary - The whistle blew, to a stumbling return

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.