മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനറുതി; കാനഡ നേടിയത് ചരിത്ര ഗോൾ

ദോഹ: 36 വർഷത്തിന് ശേഷം ലോകകപ്പ് കളിക്കാനിറങ്ങിയ കാനഡ രണ്ടാം മിനിറ്റിൽ ക്രൊയേഷ്യക്കെതിരെ അടിച്ചത് ചരിത്ര ഗോൾ. ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ അൽഫോൻസോ ഡേവിസിലൂടെ പിറന്നത് ലോകകപ്പിൽ അവരുടെ ആദ്യ ഗോൾ ആയിരുന്നു. ഗോൾകീപ്പർ മിലൻ ബോർജാൻ നീട്ടിയടിച്ച പന്ത് ടാജൺ ബുക്കാനൻ പെനാൽറ്റി ബോക്സിലേക്ക് മറിച്ചുനൽകുമ്പോൾ കാത്തുനിന്ന അൽഫോൻസോ ഡേവിഡ് മ​നോഹരമായി വലയിലേക്ക് ഹെഡ് ചെയ്തിടുകയായിരുന്നു. അപ്പോൾ കളി തുടങ്ങിയിട്ട് 68 സെക്കൻഡേ ആയിരുന്നുള്ളൂ. ഈ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ഗോൾ കൂടിയായി ഇത്. 1986ൽ അവസാനമായി ലോകകപ്പിൽ ഇറങ്ങിയപ്പോൾ കാനഡക്ക് ഒരു ഗോൾ പോലും എതിർ വലയിൽ അടിച്ചുകയറ്റാൻ കഴിഞ്ഞിരുന്നില്ല.

ഗ്രൂപ്പ് എഫിലെ രണ്ടാം മത്സരത്തിൽ ഒരു ഗോളിന് മുന്നിൽനിന്ന കാനഡക്കെതിരെ ക്രൊയേഷ്യ നാല് ഗോൾ തിരിച്ചടിച്ച് വിജയം പിടിച്ചെടുക്കുകയായിരുന്നു. കളി തുടങ്ങി രണ്ടാം മിനിറ്റിൽ അൽഫോൻസോ ഡേവിസ് വല കുലുക്കിയതോടെ ക്രൊയേഷ്യ ഞെട്ടിയെങ്കിലും അനുഭവ സമ്പത്തും ആക്രമണവും ഉൾച്ചേർത്ത് വിജയം പിടിച്ചെടുക്കുകയായിരുന്നു.

ഇരുനിരയും ആക്രമിച്ച് മുന്നേറിയ പോരാട്ടം അത്യധികം ആവേശം നിറഞ്ഞതായിരുന്നു. 22ാം മിനിറ്റിലായിരുന്നു ക്രൊയേഷ്യയുടെ വല ലക്ഷ്യമാക്കിയുള്ള ആദ്യ ഷോട്ട് പിറന്നത്. എന്നാൽ, മാർകോ ലിവാജ തൊടുത്തുവിട്ട ഷോട്ട് കാനഡ ഗോൾകീപ്പർ പിടിച്ചെടുത്തു. നാല് മിനിറ്റിന് ശേഷം ക്രമാരിക് കാനഡയുടെ വല കുലുക്കിയെങ്കിലും ലൈൻ റഫറിയുടെ ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നിരുന്നു. 35ാം മിനിറ്റിലും ലിവാജയുടെ ഷോട്ട് കാനഡ ഗോൾകീപ്പർ തടഞ്ഞിട്ടു. എന്നാൽ, തൊട്ടടുത്ത മിനിറ്റിൽ ഇവാൻ പെരിസിച് പെനാൽറ്റി ഏരിയയുടെ ഇടതുകോർണറിൽനിന്ന് മറിച്ചു നൽകിയ പന്ത് ക്രമാരിക് പിഴവില്ലാതെ പോസ്റ്റി​ലെത്തിച്ച് അവരെ ഒപ്പമെത്തിച്ചു. തുടർന്നും ​ആക്രമിച്ചു കളിച്ച അവർക്കായി 44ാം മിനിറ്റിൽ രണ്ടാം ഗോളുമെത്തി. ജുറാനോവിക് നൽകിയ പാസ് ബോക്സിന് പുറത്തുനിൽക്കുകയായിരുന്ന മാർകോ ലിവാജ വലയിലേക്ക് തട്ടിയിടുകയായിരുന്നു.

പകരക്കാരനായിറങ്ങിയ ജൊനാതൻ ഒസോരിയോയുടെ 49ാം മിനിറ്റിലെ ഷോട്ട് ക്രൊയേഷ്യ ഗോൾപോസ്റ്റിനെ തൊട്ടുരുമ്മിയാണ് പുറത്തുപോയത്. അഞ്ച് മിനിറ്റിനകം ക്രമാരികിന്റെ കിടിലൻ ഷോട്ട് കാനഡ ഗോൾകീപ്പർ ആയാസപ്പെട്ടാണ് തട്ടിത്തെറിപ്പിച്ചത്. ഉടൻ കാനഡയുടെ മറുപടിയെത്തി. എന്നാൽ, ജൊനാഥൻ ഡേവിഡിന്റെ ഷോട്ട് ഉയർന്നുചാടി ഗോൾകീപ്പർ ക്രോസ്ബാറിന് മുകളിലേക്ക് കുത്തിയകറ്റി. ക്രൊയേഷ്യ ബോക്സിന് തൊട്ടുമുമ്പിൽവെച്ച് കാനഡക്ക് ലഭിച്ച ഫ്രീകിക്ക് അൽഫോൻസോ ഡേവിസിന് മുതലാക്കാനായില്ല. 70ാം മിനിറ്റിൽ ക്രൊയേഷ്യയുടെ മൂന്നാം ഗോളുമെത്തി. പെരിസിച് നൽകിയ അളന്നുമുറിച്ച ക്രോസ് ക്രമാരിക് വലയുടെ വലതുമൂലയിലേക്ക് ചെത്തിയിടുകയായിരുന്നു. പിന്നീട് കാനഡ പെനാൽറ്റി ഏരിയയിൽനിന്നുള്ള മാർസലൊ ബ്രോസോവികിന്റെ ശ്രമം ഗോൾകീപ്പർ തട്ടിമാറ്റി. 92ാം മിനിറ്റിൽ കാനഡക്ക് സുവർണാവസരം ലഭിച്ചെങ്കിലും ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. തിരിച്ചടിക്കാനുള്ള കാനഡയുടെ ശ്രമത്തിനിടെ 94ാം മിനിറ്റിൽ ലോവ്റോ മേജർ ക്രൊയേഷ്യൻ ഗോൾ പട്ടിക പൂർത്തിയാക്കി.

Tags:    
News Summary - The wait of three and a half decades is over; Canada scored a historic goal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.