ഗോൾവല നിറച്ച് സ്പാനിഷ് പടയോട്ടം

ദോഹ: കോസ്റ്ററീക വല നിറച്ച് ലോകകപ്പിൽ സ്പെയിൻ പടയോട്ടം തുടങ്ങി. അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഗ്രൂപ്പ് ഇയിലെ മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളിനായിരുന്നു വിജയക്കുതിപ്പ്. അതിവേഗ മുന്നേറ്റങ്ങളിലൂടെയും പാസിങ്ങിലൂടെയും സ്പാനിഷ് താരങ്ങൾ എതിരാളികളെ നിലംപരിശാക്കി. തങ്ങളുടെ ഗോൾവല ലക്ഷ്യമാക്കി ഒരു ഷോട്ടുതിർക്കാൻ പോലും അവർ അവസരം നൽകിയില്ല. വിജയികൾക്കായി ഫെറാൻ ടോറസ് ഇരട്ട ഗോൾ നേടിയപ്പോൾ ഡാനി ഓൽമോ, മാർകോ അസൻസിയോ, ഗാവി, കാർലോസ് സോളർ, അൽവാരോ മൊറാട്ട എന്നിവർ ശേഷിക്കുന്ന ഗോളുകൾ നേടി.

പതിനൊന്നാം മിനിറ്റിൽ ഡാനി ഒൽമോയിലൂടെയാണ് സ്‍പെയിൻ ഗോൾവേട്ട തുടങ്ങിയത്. 21ാം മിനിറ്റിൽ മാർകോ അസൻസിയോയുടെ വക രണ്ടാം ഗോളും എത്തി. ഇടതുവിങ്ങിൽനിന്ന് ജോർഡി ആൽബ ഉയർത്തി വിട്ട പന്ത് പിടിച്ചെടുത്ത അസെൻസിയോ നിഷ്പ്രയാസം അത് വലയിലെത്തിക്കുകയായിരുന്നു. 31ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഫെറാൻ ടോറസ് മൂന്നാം ഗോളും നേടി.

54ാം മിനിറ്റിലാണ് ടോറസിന്റെ രണ്ടാം ഗോൾ എത്തിയത്. പെനാൽറ്റി ഏരിയയുടെ മൂലയിൽനിന്ന് ഗാവി നൽകിയ പാസ് ഗോൾകീപ്പർ കെയ്‍ലർ നവാസി​നെയും ഡിഫൻഡറെയും കബളിപ്പിച്ച് വലയിലെത്തിക്കുകയായിരുന്നു. 74ാം മിനിറ്റിൽ ഗാവി അഞ്ചാം ഗോളും 90ാം മിനിറ്റിൽ കാർലോസ് സോളർ ആറാം ഗോളും നേടി. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ അൽവാരോ മൊറാട്ട പട്ടിക തികച്ചു.

82 ശതമാനവും പന്ത് സ്‍പെയിൻ താരങ്ങളുടെ കാലുകളിലായിരുന്നു. സ്‍പെയിൻ വല ലക്ഷ്യമാക്കി ഒരു ഷോട്ടുതിർക്കാൻ പോലും കോസ്റ്ററീകക്കായിരുന്നില്ല. ​എന്നാൽ, എതിർ വല ലക്ഷ്യമിട്ട് 17 ഷോട്ടുകളാണ് സ്‍പെയിൻ താരങ്ങൾ തൊടുത്തുവിട്ടത്.

Tags:    
News Summary - The Spanish attack filled the goal net

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.