മസ്കത്ത്: ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന്‍റെ മുന്നൊരുക്ക ക്യാമ്പിനായി ജർമൻ ടീം തിങ്കളാഴ്ച ഒമാനിലെത്തും. നവംബർ 14 മുതൽ 18വരെ ബൗശര്‍ സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാ യിരിക്കും കോച്ച് ഹൻസി ഫ്ലിക്കിന്‍റെ നേതൃത്വത്തിൽ ജർമൻ ടീം പരിശീലനം നടത്തുക. മേഖലയിൽതന്നെ ഏറ്റവും വലിയ സൗകര്യമുള്ള സ്റ്റേഡിയമാണിത്. ഒമാൻ ദേശീയ ടീമുമായി സന്നാഹ മത്സരവും കളിക്കും. ഇതിനു ശേഷമായിരിക്കും ടീം ഖത്തറിലേക്ക് തിരിക്കുക. നവംബർ 16ന് രാത്രി ഒമ്പതിനാണ് സന്നാഹ മത്സരം. മലയാളികളടക്കമുള്ള നിരവധി ജർമൻ ആരാധകർ ഇതിനകം ടിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ജർമൻ ടീം ഒരു തവണ മാത്രമാണ് മസ്കത്തിൽ ഒമാനുമായി ഏറ്റുമുട്ടിയിട്ടുള്ളത്. 1998 ഫെബ്രുവരിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജർമനി വിജയിക്കുകയും ചെയ്തു.
ഖത്തർ ലോകകപ്പ് ടീമിനെ കഴിഞ്ഞ ദിവസം കോച്ച് ഹാൻസി ഫ്ലിക്ക് പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ മാർക്കോ റൂയിസ്, മാറ്റ് ഹമ്മൽസ് എന്നിവർ പുറത്തായപ്പോൾ മറ്റു പ്രമുഖരെല്ലാം ടീമിലുണ്ട്. നേരത്തെ സ്ട്രൈക്കർ തിമോ വെർണറും പരിക്ക് കാരണം പുറത്തായിരുന്നു. 2014 ലെ ലോകകപ്പ് ഫൈനലിൽ അർജന്റീനക്കെതിരെ വിജയഗോൾ നേടിയ മാരിയോ ഗോട്സെയും ബൊറൂസിയ ഡോർട്മുണ്ടിന്റെ വണ്ടർ കിഡ് 17കാരൻ യൂസുഫ മൗകോകൊയും 26 അംഗ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ബയേൺ മ്യൂണിക്കിന്റെ ഏഴ് താരങ്ങളാണ് ലോകകപ്പിൽ ജർമനിക്കായി ബൂട്ടണിയുക.
ഖത്തർ ലോകകപ്പിന് ആദ്യം യോഗ്യത നേടിയ ടീമെന്ന പകിട്ടുമായാണ് ജർമൻ പട ഇത്തവണത്തെ ലോക മാമാങ്കത്തിനെത്തുന്നത്. യൂറോപ്യൻ യോഗ്യത മത്സരങ്ങളിൽ ഗ്രൂപ് 'ജെ'യിൽ പത്തിൽ ഒമ്പതും വിജയിച്ചിട്ടുണ്ട്. 36 ഗോളുകളാണ് അടിച്ച് കൂട്ടിയതെങ്കിൽ തിരിച്ചു വാങ്ങിയത് വെറും നാലെണ്ണം മാത്രം. ക്യാപ്റ്റനും ബയേൺ മ്യൂണിക്കിന്റെ വിശ്വസ്തനുമായ മാനുവൽ ന്യൂയർ തന്നെയാണ് വല കാക്കുക. ബാഴ്സലോണയുടെ ആന്ദ്രെ ടെർസ്റ്റീഗൻ, എയ്ട്രാഷ് ഫ്രാങ്ക്ഫർട്ടിന്റെ കെവിൻ ട്രാപ്പ് എന്നിവരും ഗോൾകീപ്പർമാരായി ടീമിലുണ്ട്.
മധ്യനിരയിലും വൻ താരനിരയാണ് ജർമൻ ടീമിലുള്ളത്. ബയേൺ മ്യൂണിക് താരങ്ങളായ തോമസ് മുള്ളർ, ജോഷ്വ കിമ്മിച്ച്, ജമാൽ മ്യൂസിയാല, ലിയോൺ ഗോരട്സ്ക, മാഞ്ചസ്റ്റർ സിറ്റിയുടെ ഇൽകായ് ഗുണ്ടോഗൻ, ഡോർട്മുണ്ടിന്റെ ജൂലിയൻ ബ്രാന്റ്, ബൊറൂസിയ മോൻഷൻ ഗ്ലാഡ്ബാഷിന്റെ ജോനാസ് ഹോഫ്മാൻ, എയ്ട്രാഷ് ഫ്രാങ്ക്ഫർട്ടിന്റെ മാരിയോ ഗോട്സെ, ചെൽസിയുടെ കായ് ഹാവെർട്സ് എന്നിവരാണ് മിഡ്ഫീൽഡർമാർ.
അന്റോണിയോ റൂഡ്രിഗർ (റയൽ മഡ്രിഡ്), മാത്യാസ് ജിന്റർ (എസ്.സി ഫ്രെയ്ബർഗ്), തിലോ കെഹ്റർ (വെസ്റ്റ്ഹാം), നികൊളാസ് ഷൂൾ (ഡോർട്മുണ്ട്), അർമേൽ ബെല്ല കൊച്ചാപ് (സതാംപ്ടൺ), നികൊ സ്ലോട്ടർബർഗ് (ഡോർട്മുണ്ട്), ലുകാസ് ക്ലോസ്റ്റർമാൻ, ഡേവിഡ് റൗം (ആർ.ബി ലെയ്പ്സിഷ്), ക്രിസ്റ്റ്യൻ ഗുണ്ടർ (എസ്.സി ഫ്രെയ്ബർഗ്) എന്നിവരാണ് പ്രതിരോധം കാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.