പറങ്കിപ്പടയെ വിറപ്പിച്ച് ഘാന കീഴടങ്ങി; പോർചുഗൽ വിജയം 3-2ന്

ദോഹ: ഖത്തർ ലോകകപ്പിലെ ഗ്രൂപ് എച്ച് മത്സരത്തിൽ പറങ്കിപ്പടയെ വിറപ്പിച്ച് ആഫ്രിക്കൻ കരുത്തുമായെത്തിയ ഘാന കീഴടങ്ങി. 3-2നാണ് പോർചുഗലിന്‍റെ വിജയം. ക്രിസ്റ്റ്യാനോ റൊണാൾഡോ (65), ജോവാ ഫെലിക്സ് (78), റാഫേൽ ലിയോ (80) എന്നിവരാണ് പോർചുഗലിനായി വലകുലുക്കിയത്. ആന്ദ്രെ അയു (73), ഓസ്മാൻ ബുകാരി (89) എന്നിവരാണ് ഘാനക്കായി ഗോൾ നേടിയത്.

മത്സരത്തിലെ അഞ്ചു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. 65ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റിയിലൂടെ നേടിയ ഗോളിലൂടെ പറങ്കിപ്പട മുന്നിലെത്തി. ബോക്സിനുള്ളിൽ ഘാന പ്രതിരോധ താരം മുഹമ്മദ് സാലിസു ക്രിസ്റ്റ്യാനോയെ വീഴ്ത്തിയതിനാണ് പോർചുഗലിന് അനുകൂലമായി റഫറി പെനാൽറ്റി വിളിച്ചത്. കിക്കെടുത്ത ക്രിസ്റ്റ്യാനോ പന്ത് അനായാസം വലയിലെത്തിച്ചു.

ഇതോടെ തുടർച്ചയായ അഞ്ചു ലോകകപ്പുകളിൽ ഗോളടിക്കുന്ന ആദ്യതാരമെന്ന നേട്ടം ക്രിസ്റ്റ്യാനോ സ്വന്തമാക്കി. ഗോൾ രഹിതമായ ആദ്യ പകുതിയിൽനിന്ന് വ്യത്യസ്തമായി, രണ്ടാം പകുതിയിൽ ഇരു ടീമുകളും ആക്രമിച്ചു കളിക്കുന്നതാണ് കണ്ടത്.

അറ്റാക്കിങ്ങും കൗണ്ടർ അറ്റാക്കുകളും ഒന്നിനുപുറകെ ഒന്നായി കളം നിറഞ്ഞതോടെ കളിയുടെ വേഗതയും കൂടി. 55ാം മിനിറ്റിൽ പന്തുമായി മുന്നേറിയ ഘാന താരം മുഹമ്മദ് കുദുസിന്‍റെ ലോങ് റേഞ്ചർ പോർചുഗൽ പോസ്റ്റിനെ തൊട്ടുരുമി പുറത്തേക്ക് പോയി. 73ാം മിനിറ്റിൽ ഘാനയുടെ ആന്ദ്രെ അയു ഗോൾ മടക്കി. ഇടതുവിങ്ങിൽനിന്ന് പോസ്റ്റിനു സമാന്തരമായി മുഹമ്മദ് കുദുസ് നൽകിയ പന്ത് പ്രതിരോധ താരങ്ങൾക്കിടയിലൂടെ ആന്ദ്രെയുടെ കാലുകളിലേക്ക്. താരത്തിന് പന്ത് പോസ്റ്റിലേക്ക് തട്ടിയിടേണ്ട പണി മാത്രം.

78ാം മിനിറ്റിൽ ജോവാ ഫെലിക്സിലൂടെ പോർചുഗൽ വീണ്ടും മുന്നിലെത്തി. ബ്രൂണോ ഫെർണാണ്ടസാണ് ഗോളിന് വഴിയൊരുക്കിയത്. 80ാം മിനിറ്റിൽ പകരക്കാരനായെത്തിയ റാഫേൽ ലിയോ ലീഡ് വീണ്ടും ഉയർത്തി. ഇത്തവണയും ഗോളിന് വഴിയൊരുക്കിയത് ബ്രൂണോ ഫെർണാണ്ടസ് തന്നെയായിരുന്നു.

89ാം മിനിറ്റിൽ കുദുസിനു പകരക്കാരനായി കളത്തിലെത്തിയ ഓസ്മാൻ ബുകാരിയിലൂടെ ഘാന ഒരു ഗോൾ കൂടി മടക്കി. അബ്ദുൽ റഹ്മാൻ ബാബ ഇടതുവിങ്ങിൽനിന്ന് ബോക്സിനുള്ളിലേക്ക് ഉയർത്തി നൽകി പന്ത് ബുകാരി ഹെഡറിലൂടെ വലയിലെത്തിച്ചു. പേരുകേട്ട പറങ്കിപ്പടയെ ആദ്യ പകുതിയിൽ ഘാന താരങ്ങൾ വരിഞ്ഞുമുറുക്കുന്നതാണ് കണ്ടത്.

ഘാന പ്രതിരോധകോട്ട കെട്ടിയതോടെ പോർചുഗൽ മുന്നേറ്റം ലക്ഷ്യംകാണാതെ പോയി. ഘാന ഗോളി മാത്രം മുന്നിൽ നിൽക്കെ പത്താം മിനിറ്റിൽ ലഭിച്ച സുവർണാവസരം ക്രിസ്റ്റ്യാനോ പാഴാക്കി. ഗ്രൗണ്ടിന്റെ മധ്യത്തിൽ ഘാനയുടെ മുഹമ്മദ് കുദുസില്‍നിന്നു പന്തു തട്ടിയെടുത്ത പോർചുഗൽ താരം ബെർണാഡോ സിൽവ റൊണാൾഡോക്ക് കൈമാറി. താരം പന്തുമായി മുന്നോട്ടുനീങ്ങിയെങ്കിലും ഘാന ഗോളി ലോറൻസ് അതി സിഗി മുന്നോട്ടുകയറി പ്രതിരോധിച്ചു.

13ാം മിനിറ്റിൽ റാഫേൽ ഗരേരോയുടെ കോർണറിൽ ഉയർന്നുചാടി ക്രിസ്റ്റ്യാനോ ഹെഡ് ചെയ്തെങ്കിലും പന്ത് പുറത്തേക്കു പോയി. 31ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ വലകുലുക്കിയെങ്കിലും റഫറി ഫൗൾ വിളിച്ചു. ഘാനൻ പ്രതിരോധ താരം അലക്സാണ്ടർ ജിക്കുവിനെ ഫൗൾ ചെയ്തതിനാണ് റഫറി വിസിൽ വിളിച്ചത്. പോർചുഗൽ 4–3–3 ഫോർമേഷനിലും ഘാന 5–3–2 ഫോർമേഷനിലുമാണ് കളിച്ചത്.

ഖത്തറിൽ ലോകകപ്പ് കളിക്കുന്നതിൽ 'ക്ലബ് ഇല്ലാത്ത' ഒരേയൊരു താരമാണ് റൊണാൾഡോ. കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റ്യാനോ വിവാദങ്ങൾക്കു പിന്നാലെ മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ടത്. താരത്തിന്‍റെ അഞ്ചാമത്തെ ലോകകപ്പാണിത്.

Tags:    
News Summary - The first half of the Portugal-Ghana match goalless

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.