അവസാന എട്ട് പ്രവചനാതീതം; ആർക്കും ആരെയും തോൽപ്പിക്കാം

ഖത്തറിൽ ലോകകപ്പ് പ്രഖ്യാപിച്ചപ്പോൾ ആദ്യമൊക്കെ ആശയക്കുഴപ്പങ്ങളും പുകമറയുമായിരുന്നു പലരും സൃഷ്ടിക്കാൻ ശ്രമിച്ചത്. ക്വാർട്ടർ ഫൈനലിലെത്തുമ്പോൾ ജനഹൃദയങ്ങൾ കീഴടക്കിയിരിക്കുകയാണ് ഖത്തർ, പ്രത്യേകിച്ച് മലയാളികളുടെ. സംഘാടനത്തിൽ തൊട്ട് കളിയുടെ നിലവാരത്തിൽ വരെ പ്രതിഫലിച്ചു.

ഗ്രൂപ്പ് മത്സരങ്ങളിൽ സാധാരണ അട്ടിമറികൾ കുറവാണ്. ഇക്കുറി പക്ഷേ, ആവേശകരമായിരുന്നു. ഏഷ്യൻ രാജ്യങ്ങൾ ഏറെ ഇംപ്രസ് ചെയ്തു. പ്രീ ക്വാർട്ടറിൽ ബ്രസീലിനെ വെല്ലുവിളിക്കാൻ ദക്ഷിണ കൊറിയക്കും ക്രൊയേഷ്യയെ വിറപ്പിക്കാൻ ജപ്പാനും കഴിഞ്ഞു. ടാക്റ്റിക്കലി എങ്ങിനെ ഒരു ലോകോത്തര ടീമിനെ തകർക്കാൻ കഴിയുമെന്ന് അർജന്റീനയെ അട്ടിമറിച്ച് സൗദി അറേബ്യയും കാണിച്ചുതന്നു. ആഫ്രിക്കൻ ടീമുകളുടെ പ്രകടനങ്ങളും എടുത്തുപറയേണ്ടതാണ്. സെനഗാളും കാമറൂണും അത്യാവശ്യം നിലവാരമുള്ള ഫുട്ബാൾ കാഴ്ചവെച്ചു. പവർ ഗെയിം കളിക്കുന്ന ആഫ്രിക്കൻ ടീമുകളും ടെക്നിക്കലി ടാക്റ്റിക്കലി ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. മൊറോക്കോ അതിന് വലിയ ഉദാഹരണമാണ്. യാദൃശ്ചികമായല്ല ഒരു ടീമും ക്വാർട്ടറിലും പ്രീ ക്വാർട്ടറിലുമൊന്നും എത്തിയിരിക്കുന്നത്.

യഥാർഥ മികവിന്റെ അടിസ്ഥാനത്തിൽ എത്തിയവരാണവർ. ഫുട്ബാൾ ഒരു ടീം ഗെയിമാണ്. വൺ ഫോർ ലെവൻ, ലെവൻ ഫോർ വൺ എന്നാണ് കളിക്കളത്തിൽ പറയാറ്. ഈ ലോകകപ്പിലാണ് അത് ശരിക്കും കാണാൻ സാധിച്ചത്. വ്യക്തിഗത മികവിനേക്കാൾ ടീം വർക്കിലൂടെ വിജയം കണ്ടെത്തുന്നു.

അർജന്റീനക്കെതിരെ ഡച്ചിന് മാനസിക മുൻതൂക്കം

ക്വാർട്ടർ ഫൈനലിലേക്ക് വരുമ്പോൾ നെതർലൻഡ്സിനെതിരായ മത്സരത്തിൽ അർജന്റീന എങ്ങിനെ ഫീൽഡ് ചെയ്യുമെന്നാണ് ആകാംക്ഷയോടെ നോക്കുന്നത്. 4-3-3 ഫോർമേഷനിലാണ് അവസാനം കളിച്ചതെങ്കിലും ഗ്രൂപ്പ് റൗണ്ടിൽ 3-5-2 ആയിരുന്നു. നെതർലൻഡ്സാണെങ്കിൽ ടോട്ടൽ ഫുട്ബാൾ ശൈലിയിൽ നിന്ന് മാറി 5-3-2 ഫോർമേഷനിലാണ് കളിച്ചത്. മാച്ച് വിന്നറെന്ന നിലയിൽ രക്ഷകനായെത്തിക്കൊണ്ടിരിക്കുന്ന മെസ്സി നിർണായക സമയങ്ങളിൽ ഗോൾ കണ്ടെത്തുന്നത് പ്രതീക്ഷയാണ്. മറുവശത്ത് നെതർലൻഡ്സിന്റെ ഡീപായ് ഫോമിലേക്കെത്തി.

കൗണ്ടർ അറ്റാക്കിൽ മികച്ച പ്രകടനം നെതർലൻഡ്സ് കാഴ്ചവെക്കുന്നു. സമീപകാലത്ത് അർജന്‍റീനക്ക് കിട്ടിയ ഏറ്റവും മികച്ച ഗോൾ കീപ്പറാണ് എമിലിയാനോ മാർട്ടിനസ്. ജൂലിയൻ ആൽവാരസ് ഗോളുകൾ കണ്ടെത്തി മികച്ച പ്രകടനം പുറത്തെടുക്കുന്നത് അർജന്റീനക്ക് പ്രതീക്ഷയാണ്. അത്ര എളുപ്പമാവില്ല ഇരു ടീമിനും. ഒരു മേൽക്കൈ ഞാൻ നെതർലൻഡ്സിന് കാണുന്നു. അതിന് കാരണം അവർക്ക് സമ്മർദ്ദമില്ലാതെ കളിക്കാൻ കഴിയുമെന്നതാണ്. മറുവശത്ത് അർജന്‍റീനക്കാണെങ്കിൽ സമ്മർദ്ദം ഉണ്ടാവാൻ സാധ്യതയുണ്ട്. ഹൈ പ്രഷർ മാച്ചിൽ പലപ്പോഴും മെസ്സി അത്ര ഫോമിലേക്കെത്താറില്ലെന്നൊരു ചരിത്രവുമുണ്ട്.

അത് കൂട്ടിവായിക്കുമ്പോൾ ഒരു മേൽക്കൈ ഡച്ചുകാർക്ക് കാണുന്നു. നെതർലൻഡ്സ് ആക്രമണത്തെ പിടിച്ചുകെട്ടാനായാൽ മെസ്സിയുടെ മികവിൽ കളി വരുതിയിലാക്കാൻ അർജന്റീനക്ക് കഴിയും. ഡീമരിയയുടെ ഫിറ്റ്നസും നിർണായകം.

നെയ്മർ ഇംപാക്റ്റ് കൂടി ചേരുമ്പോൾ ബ്രസീൽ കടക്കും

നെയ്മർ തിരിച്ചുവന്നതിനാൽ ബ്രസീൽ 4-2-3-1ലേക്ക് പോവും. നെയ്മറിനെ കേന്ദ്രീകരിച്ചാ‍യിരിക്കും ബ്രസീലിന്റെ ആക്രമണങ്ങൾ. അപകടകാരികളായ രണ്ട് വിങ്ങർമാരാണ് അവർക്കുള്ളത്, റഫീഞ്ഞ‍യും വിനീഷ്യസ് ജൂനിയറും. ഏറെ അധ്വാനിച്ചുകളിക്കുന്ന റിച്ചാർലിസന് അപ്രതീക്ഷിത ഗോളുകൾ കണ്ടെത്താനാവുന്നുണ്ട്. സ്ട്രൈക്കർ റോളിലേക്കുള്ള വരവ് റിച്ചാർലിസൻ ഭംഗിയാക്കി നിറവേറ്റുന്നുണ്ട്.

ഡിഫൻസിലാണെങ്കിൽ പരിചയ സമ്പന്നരായ സിൽവ, മാർകിഞ്ഞോസ്, ഡാനിലോ, ഗോൾ കീപ്പർ ആലിസൻ, ഡിഫൻസീവ് മിഡ്ഫീൽഡിൽ കാസെമിറോ, പക്വേറ്റ തുടങ്ങി അത്യാവശ്യം ക്വാളിറ്റിയുള്ള ടീം. മറുവശത്ത് ഏറെ എക്സ്പീരിയൻസുള്ള സംഘം. കഴിഞ്ഞ ലോകകപ്പിലെ നല്ലൊരു ഭാഗം താരങ്ങളെയും നിലനിർത്തി. ക്രമാറിച്, കൊവാഷിച്, മോഡ്രിച്, പെരിസിച്, ബ്രോസോവിച് തുടങ്ങി ഫ്രണ്ട് ഫൈവിന് ഗെയിമിന്റെ ടെംപോ കൺട്രോൾ ചെയ്യാൻ കഴിയുന്നവർ. കഴിഞ്ഞ ലോകകപ്പിലെ അതേ വീര്യം കാണിക്കാൻ ഇവർക്കായെന്ന് വരില്ല. 4-3-3 ആയിരിക്കും ക്രൊയേഷ്യ. 37ാം വയസ്സിലും മോഡ്രിച് കാണിക്കുന്ന മികവ് കാണാതെ പോവരുത്.

ഫിറ്റ്നസ് ലവലും പാസിന്റെ ക്വാളിറ്റിയും നോക്കുമ്പോൾ നിലവിലെ ലോകകപ്പിലെ ക്രിയേറ്റീവ് മിഡ്ഫീൽഡർ മോഡ്രിചാണെന്ന് നിസ്സംശയം പറയാം. ബ്രസീലിയൻ പേസിന് മുന്നിൽ ക്രൊയേഷ്യൻ ടീം എങ്ങിനെ പിടിച്ചുനിൽക്കുമെന്ന് നോക്കണം. മോഡ്രിച് അടക്കമുള്ളവർ മുന്നോട്ടുവന്ന് കളിക്കുമ്പോൾ കിട്ടുന്ന സ്പെയ്സിനൊപ്പം പേസും ഉപയോഗപ്പെടുത്താനായാൽ കാര്യങ്ങൾ കാനറികൾക്ക് അനുകൂലമാവും. നെയ്മർ ഇംപാക്റ്റ് കൂടി ചേരുമ്പോൾ വലിയ മുൻതുക്കമുണ്ട് ബ്രസീലിന്.

പ്രവചനാതീതം പോർചുഗൽ-മൊറോക്കോ

ഈ ലോകകപ്പിലെ കറുത്ത കുതിരകളാണ് മൊറോക്കോ. അവസാന ഒമ്പത് കളികളിൽ അപരാജിതരാണ് മൊറോക്കോ. ഗോൾ വഴങ്ങുന്നത് വളരെ കുറവ്. ലോ സ്കോറിങ് ഗെയിമാവാനാണ് സാധ്യത. ഈ ലോകകപ്പിൽ ഏറ്റവും മികച്ച ഡിഫൻസീവ് പെർഫോമൻസ് കാഴ്ചവെച്ചത് മൊറോക്കോ ആണ്. അപ്പുറത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ കഴിഞ്ഞ മത്സരത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച പോർചുഗലിന്റെ കോൺഫിഡൻസ് ലെവൽ ഏറെ ഉയരത്തിലാണ്.

എങ്കിലും അത്ര എളുപ്പമാവില്ല പോർചുഗലിന് മൊറോകോ പ്രതിരോധം ഭേദിക്കാൻ. മൊറോകോ ഡിഫൻസിന് ചുക്കാൻ പിടിക്കുന്നത് ഹകീമിയാണ്. ഗോളി യാസീൻ ബൗനൂ മികച്ച ഫോമിലേക്ക് വന്നു. അമ്രബാത് എന്നൊരു താരം ഡിഫൻസിലും മുന്നേറ്റത്തിലും ഒരുപോലെ തിളങ്ങുന്നു. മുന്നേറ്റ നിരയിൽ സിയേഷും. പരിചയ സമ്പന്നനായ പോർചുഗൽ കോച്ച് സാന്റോസിന്റെ സ്റ്റാർട്ടിങ് ഇലവൻ എങ്ങിനെയാവും എന്ന് എല്ലാവരും ഉറ്റുനോക്കുന്നു.

ക്രിസ്റ്റ്യാനോ ഇല്ലാത്തപ്പോൾ സ്വതന്ത്രമായി കളിക്കാനും എല്ലാവരിലേക്കും പന്തെത്തിക്കാനും കഴിയുന്നുവെന്ന് സ്വിറ്റ്സർലൻഡിനെതിരായ പ്രീ ക്വാർട്ടറിലൂടെ പ്രകടമായി. ഗോൾരഹിത സമനിലയിലേക്കും പെനൽറ്റിയിലേക്കുമൊക്കെ കളി എത്തിയേക്കാം. എങ്കിലും ചെറിയ മുൻതൂക്കം പോർചുഗലിന് നൽകണം. കഴിഞ്ഞ മത്സരത്തിൽ ഹാട്രിക് നേടിയ ഗോൺസാലോ റാമോസിന്റെ പ്രകടനം തന്നെയാവും ഏറ്റവും നിർണായകം. പ്രവചനം നടത്തുകയാണെങ്കിൽ 1-0 എന്നി നിലയിൽ കളി പോർചുഗലിന് അനുകൂലമായി കാണുന്നു.

ഇംഗ്ലീഷ് പ്രതിരോധം Vs ഫ്രഞ്ച് മുന്നേറ്റം

രണ്ട് യൂറോപ്യൻ ഹെവി വെയ്റ്റുകൾ തമ്മിലെ പോരാട്ടമാണ് ഫ്രാൻസ്-ഇംഗ്ലണ്ട് ക്വാർട്ടർ. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഗ്ലാമറസ് താരങ്ങളാണ് ഇംഗ്ലണ്ടിലുള്ളത്. ബൊറൂസിയ ഡോർട്മുണ്ടിൽ കളിക്കുന്ന ജൂഡ് ബെല്ലിങ്ഹാം മാത്രമാണ് ഇതിന് അപരാധം. ചെറുപ്പക്കാരാനാണെങ്കിലും പക്വതയുള്ള പ്രകടനം കാഴ്ചവെക്കുന്നു.

ലോകകപ്പിൽ ഇതുവരെ 12 ഗോൾ അടിച്ച ഇംഗ്ലണ്ട് കുറച്ചേ വഴങ്ങിയുള്ളൂ. ഇത് അവർക്ക് ബോണസാണ്. ഫ്രാൻസും ഇംഗ്ലണ്ടും 4-3-3 കളിക്കാനാണ് സാധ്യത. പ്രതിരോധത്തിൽ മേൽക്കൈ ഇംഗ്ലണ്ടിനാണ്. ഇരു ടീമും തമ്മിലെ ഏറ്റവും വലിയ വ്യത്യാസം ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയാണ്. ഇരു ടീമിനും മികച്ച പ്രകടനം കാഴ്ചവെക്കാൻ കെൽപ്പുള്ള യൂറോപ്യൻ താരങ്ങളുണ്ട്. എംബാപ്പെയാണ് പിടിച്ചുകെട്ടാൻ ഇംഗ്ലീഷ് കോച്ച് സൗത്ഗേറ്റ് ആരെ നിയമിക്കുമെന്നാണ് ഉറ്റുനോക്കുന്നത്. കെയ്ൽ വാക്കറിനെ ദൗത്യമേൽപ്പിക്കാനാണ് സാധ്യത. ഫ്രാൻസിന്റെ ഡിഫൻസ് അത്ര മികച്ച പ്രകടനമല്ല കാഴ്ചവെക്കുന്നത്. എന്നാൽ മുന്നേറ്റ, മധ്യനിരകൾ ഉഷാറാണ്.

ക്രിയേറ്റീവ് മിഡ്ഫീൽഡാണ് ഫ്രാൻസിന്റെത്. റാബിയോട്ടിന്റെയും ചൗമിനിയുടെയും പ്രകടനങ്ങൾ എടുത്തുപറയണം. മുന്നേറ്റത്തിൽ ഉസ്മാൻ ഡെംബെലെ റൈറ്റ് എക്സ്ട്രീമീലും ലെഫ്റ്റിൽ എംബാപ്പേയും അപകടം വിതറുന്നു. അറ്റാക്കിങ് മിഡ്ഫീൽഡറായ ഗ്രീസ്മാന് ഗോൾ കണ്ടെത്താനും ക്രിയേറ്റീവ് പാസ് കൊടുക്കാനും കഴിയും. ഫ്രാൻസിന്റെ ഓൾ ടൈം ഫേവറിറ്റ് സ്കോററാണ് ഒലിവർ ജിറൂഡ്. ഇംഗ്ലീഷ് പ്രതിരോധം ഫ്രഞ്ച് മുന്നേറ്റവും തമ്മിലെ പോരാട്ടമാവും മത്സരം. മുൻതൂക്കം ഫ്രാൻസിന് തന്നെ.

(മുൻ കേരള ഫുട്ബാൾ ടീം ക്യാപ്റ്റനും കമന്റേറ്ററും കേരള സന്തോഷ് ട്രോഫി ടീം സഹപരിശീലകനുമാണ് ലേഖകൻ)

Tags:    
News Summary - The final eight are unpredictable; Anyone can beat anyone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.