മെസ്സിയെ ഇതിഹാസമാക്കിയത് ഈ ജീവിതവും ഭക്ഷണക്രമവുമാണ്

ലയണൽ ആന്ദ്രേ മെസ്സിയെന്ന ഇതിഹാസത്തി​ന്റെ ചടുല നീക്കങ്ങൾക്കൊപ്പമാണ് കാൽപന്തു ലോകമിപ്പോൾ. സമാനതകളില്ലാത്ത വേഗവും ഡ്രിബ്ളിങ് മികവും പാസിങ് കൃത്യതയും എല്ലാറ്റിലുമുപരി ദൈവം കനിഞ്ഞുനൽകിയ അത്യപൂർവ കേളീശൈലിയും കൊണ്ട് രണ്ടു പതിറ്റാണ്ടായി ലോകത്തെ വിസ്മയിപ്പിക്കുന്നു ഈ അർജന്റീന താരം. ഫുട്ബാളെന്നാൽ മെസ്സി​ മാത്രമെന്നു വിശ്വസിക്കുന്നവരേറെ. ഏറ്റവും മികച്ച ഫുട്ബാളർക്കായുള്ള ബാലൻ ദി ഓർ പുരസ്കാരത്തിൽ ചരിത്രമായി ഏഴു തവണ മുത്തമിട്ടിട്ടും ഇനിയൊരിക്കൽ കൂടി ആ നേട്ടം തൊടാവുന്ന മികവ് വിടാതെ കാക്കാൻ പ്രതിഭയുള്ളവൻ.

പ്രായം 35ലെത്തിയിട്ടും ഈ അമാനുഷികത്തികവിലേക്ക് പന്തടിച്ചുകയറാൻ മെസ്സിക്ക് എങ്ങനെ സാധ്യമാകുന്നുവെന്ന ചോദ്യം സ്വാഭാവികം. മൂന്നര പതിറ്റാണ്ടായി നീലക്കുപ്പായക്കാർ കാത്തിരിക്കുന്ന ലോകകിരീടം ഇത്തവണ ഖത്തറിൽ പിടിക്കുമോയെന്ന കാത്തിരിപ്പും ഉദ്വേഗവുമായി എണ്ണമറ്റ ആരാധകർ കൺപാർത്തുകാത്തുനിൽക്കു​​മ്പോൾ പ്രായത്തെ വെല്ലുന്ന മികവിൽ മെസ്സിയെ നിലനിർത്തുന്ന ഘടകങ്ങൾ ചിലതുണ്ടെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. കുഞ്ഞുനാളിൽ ഹോർമോൺ കുറവിന് ചികിത്സ തേടിയ കാലുകൾ എങ്ങനെ മാന്ത്രിക നീക്കങ്ങളുമായി ലോകം ജയിച്ചുവെന്ന് ആ ഘടകങ്ങൾ വ്യക്തമാകുന്നു.

വേഗം നിലനിർത്താൻ പ്രത്യേക ക്രമം

ചെറുപ്പത്തിലെ ഹോർമോൺ കുറവിന് ചികിത്സ തേടിയ കാലുകൾ പിന്നീടൊരിക്കലും വേഗക്കുറവിന് പഴികേൾക്കാതെ നിലനിർത്തിയതാണ് മെസ്സിയുടെ ജീവിതക്രമം. മാംസം അമിതമാകാത്ത മെഡിറ്ററേനിയൻ ഭക്ഷ്യക്രമമാണ് അതിൽ പ്രധാനം. ശരീരത്തിന് സ്റ്റാമിനയും ചുറുചുറുക്കും കാലുകളിൽ വേഗവും അനായാസ ചലനവും സാധ്യമാക്കുന്ന പരിശീലനമുറകൾ പതിവ്.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെ ഫിറ്റ്നസ് ഫ്രീക്കിന് ​പേരുകേട്ടതല്ലെങ്കിലും വ്യായാമമുറകളിൽ വിട്ടുവീഴ്ചയില്ല. ഹാംസ്ട്രിങ് സ്ട്രെച്ചുകൾ, പില്ലർ സ്കിപ്, പില്ലർ ബ്രിജ്-ഫ്രണ്ട് തുടങ്ങി ഹർഡ്ൾ ഹോപ്, സ് പ്ലിറ്റ് സ്ക്വാറ്റ് എന്നിവ വരെ നീളും ഈ വ്യായാമങ്ങൾ. ആഴ്ചയിൽ അഞ്ചു ദിവസം ഈ പരിശീലനങ്ങളുണ്ടാകും. കാലുകൾക്ക് ബലം നൽകുന്ന വ്യായാമങ്ങൾക്കാണ് പ്രാധാന്യം.

ഭക്ഷണക്രമം നിർണയിക്കാൻ ഇറ്റാലിയൻ വിദഗ്ധൻ

ഇറ്റാലിയൻ പോഷകാഹാര വിദഗ്ധൻ ഗിലിയാനോ പോസർ 2014 മുതൽ മെസ്സിക്കൊപ്പമുണ്ട്. കുടിവെള്ളം, ഒലീവ് എണ്ണ, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവക്കാണ് പ്രാധാന്യം. ലാറ്റിൻ അമേരിക്കക്കാരുടെ ഭക്ഷ്യവിഭവങ്ങളിൽ മാംസം മുഖ്യമാണെങ്കിലും അത് പരമാവധി കുറച്ചുള്ളതാണ് മെസ്സിയുടെത്. എന്നാലും, മാംസം ഒരു പരിധിയിൽ കുറക്കാനാകില്ലെന്ന് താരത്തിന്റെ കുറ്റ സമ്മതം.

മുമ്പ് ബാഴ്സയിൽ കളിക്കുംകാലത്ത് ക്ലബ് താരത്തിന്റെ ഭക്ഷണക്രമം പുറത്തുവിട്ടിരുന്നു. അതിൽ പക്ഷേ, ചിക്കനായിരുന്നു ഒന്നാമതായി നൽകിയത്. 2018ൽ മാംസാഹാരം ഉപേക്ഷിച്ച് പൂർണ വെജിറ്റേറിയനായെന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും താരം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല.

ശതകോടികൾ പ്രതിഫലമായി വാങ്ങുകയും അത്രതന്നെ ആരാധകരെ ആവേശത്തിലാക്കുകയും ചെയ്യുന്ന മെസ്സി ഇത്തവണ ഖത്തറിൽനിന്ന് മടങ്ങുമ്പോൾ കിരീടം കൂടെയുണ്ടാകുമോ എന്നാണ് ഇതോടൊപ്പമുള്ള ചോദ്യം. 

Tags:    
News Summary - The diet, fitness routine that makes Messi the best

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.