ലോ​ക​ക​പ്പി​ന്റെ പ്ര​ധാ​ന

ആ​ഘോ​ഷ വേ​ദി​യാ​യ

ദോ​ഹ കോ​ർ​ണി​ഷി​ന്റെ

രാ​ത്രി​കാ​ല ദൃ​ശ്യം

പറഞ്ഞുതീരാത്ത അറബിക്കഥ

ദോഹ: ഒരു തീൻമേശയിൽ പിറന്ന സ്വപ്നം, പതിറ്റാണ്ടുകൾ നീണ്ട യാത്രയിൽ ദുർഘട പാതകൾ താണ്ടി, വെല്ലുവിളികൾ അതിജീവിച്ച് സ്വപ്നസാക്ഷാത്കാരത്തിലെത്തുകയാണ്. 2006 ഡിസംബറിൽ രാജകൊട്ടാരമായ അൽ വജ്ബ പാലസിൽ നടന്ന ഒരു അത്താഴ വിരുന്നിലായിരുന്നു ലോകകപ്പ് ഫുട്ബാൾ ആതിഥേയത്വം എന്ന വലിയ സ്വപ്നത്തിന്റെ പിറവി.

ഒരു അറബ് ലോകവും ചിന്തിക്കാത്ത, ഏഷ്യൻ രാജ്യങ്ങൾ ഏറ്റെടുക്കാൻ മടിക്കുന്ന സ്വപ്നത്തിന് വേഗത്തിൽതന്നെ വിത്തിട്ട് വളവും ചേർത്ത് ഖത്തർ എന്ന കുഞ്ഞുരാജ്യം പരിപാലിച്ച് വലുതാക്കി.

ലോകത്തെ വമ്പൻ രാജ്യങ്ങൾ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ ആതിഥേയത്വ പോരാട്ടത്തിൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടെയുള്ളവരുടെ ചരടുവലികളെ അതിജയിച്ചായിരുന്നു 2010 ഡിസംബറിൽ ഖത്തർ ലോകകപ്പ് വേദി സ്വന്തമാക്കിയത്.

ഇപ്പോൾ, 12 ആണ്ട് നീണ്ട യാത്രക്കൊടുവിൽ വെല്ലുവിളികളെയും പ്രതിസന്ധികളെയും കൂട്ടമായ ആക്രമണങ്ങളെയും അതിജീവിച്ച് ഖത്തർ ലോകകപ്പിന് വേദിയൊരുക്കുകയാണ്. ഏറ്റവുമൊടുവിൽ ലോകകപ്പിലേക്ക് ദിവസങ്ങൾ അടുക്കവേ പടിഞ്ഞാറൻ മാധ്യമങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ച കൂട്ടമായ ആക്രമണങ്ങളിലും വഴങ്ങാതെയാണ് ഖത്തർ മധ്യപൂർവേഷ്യയിലെയും അറബ് ലോകത്തെയും ആദ്യ ലോകകപ്പിന് വേദിയൊരുക്കുന്നത്.

കണ്ണെത്താ ദൂരെ പരന്നുകിടക്കുന്ന മരുഭൂമണ്ണിനെ ലോകോത്തര നഗരമാക്കി മാറ്റി. മാറക്കാനയിലെയും ബ്വേനസ് ഐയ്റിസിലെയും മഡ്രിഡിലേതിനും സമാനമായ എട്ട് അതിശയ കളിമുറ്റങ്ങൾ, ഉണങ്ങിവരണ്ട നാടിനെ പച്ചപ്പണിയിച്ച പാർക്കുകളും പാതയോരങ്ങളുമാക്കി.

നക്ഷത്രത്തിളക്കമുള്ള ഹോട്ടലുകൾ, ലോകോത്തര നിലവാരത്തിലെ വിമാനത്താവളം, മെട്രോ സംവിധാനങ്ങൾ തുടങ്ങി ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളോടെയാണ് ഖത്തർ ലോകകപ്പിനെ വരവേൽക്കുന്നത്. ലോകകപ്പിനായി ആതിഥ്യമൊരുക്കുക മാത്രമല്ല, ലോകകപ്പിലൂടെ ഒരു രാജ്യം അന്താരാഷ്ട്ര തലത്തിൽ ബ്രാൻഡ് ചെയ്യുകയാണ് ഖത്തർ.

ചൂടിനെ ചെറുക്കാൻ സ്റ്റേഡിയങ്ങളിൽ കൂളിങ് സംവിധാനങ്ങൾ, ഒരേ ദിവസം ഒന്നിലേറെ മത്സരങ്ങൾ കാണാൻ കഴിയും വിധം ഒതുക്കമുള്ള ലോകകപ്പ്, പൊതുഗതാഗത സംവിധാനങ്ങളിൽ സൗജന്യ യാത്ര, ടൂർണമെന്റ് കഴിയുന്ന കാലം വരെ ഒരേയിടത്തു താമസിച്ച് കളികാണാനുള്ള സൗകര്യം... അങ്ങനെ എണ്ണിയാൽ തീരാത്ത വിശേഷങ്ങളോടെയാണ് ഖത്തർ ലോകകപ്പിനെ വരവേൽക്കുന്നത്.

ഫിഫ ലോകകപ്പ് മത്സരം നിയന്ത്രിക്കാൻ ഖത്തറിൽ വനിതകളുമുണ്ട്. ഫ്രാൻസിന്‍റെ സ്റ്റെഫാനി ഫ്രാപ്പാർട്, റുവാണ്ടയുടെ സലിമ മുകൻസാങ്ക, ജപ്പാന്‍റെ യോഷിമി യമാഷിത എന്നീ മൂന്നു വനിതകളാണ് ചരിത്രം കുറിക്കാൻ നിയോഗിക്കപ്പെട്ടവർ. ഇവർക്കു പുറമെ അസി. റഫറിമാരുടെ പട്ടികയിലും മൂന്നു വനിതകളുണ്ട്. ലോകകപ്പിന് ആകെ 36 റഫറിമാരും 69 അസി. റഫറിമാരും 24 വിഡിയോ മാച്ച് ഒഫീഷ്യൽസുമാണുള്ളത്.

ലോകകപ്പിനായി ഖത്തർ ഒരുക്കിയത് എട്ട് സുന്ദരമായ കളിയിടങ്ങൾ. ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം പുതുക്കിപ്പണിതപ്പോൾ, ശേഷിച്ച ഏഴും പുതിയത്. അൽ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയം പഴയത് പൊളിച്ച് പുതുമോടിയിൽ നിർമിച്ചു. ലുസൈൽ സ്റ്റേഡിയം, അൽ തുമാമ, എജുക്കേഷൻ സിറ്റി, 974 സ്റ്റേഡിയം, അൽ ജനൂബ്, അൽ ബെയ്ത് എന്നിവയാണ് ലോകകപ്പിന്റെ വേദികൾ.

ഏഷ്യൻ വൻകരയിൽ രണ്ടാംതവണ ലോകകപ്പ് വിരുന്നെത്തിയപ്പോൾ പങ്കാളിത്തത്തിലും ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ ചരിത്രം കുറിച്ചു. ആതിഥേയരായ ഖത്തർ ഉൾപ്പെടെ എ.എഫ്.സിക്കു കീഴിൽനിന്ന് പങ്കെടുക്കുന്നത് ആറ് ടീമുകൾ. ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ, സൗദി, ഇറാൻ, ആസ്ട്രേലിയ എന്നിവർ.

ലോകകപ്പ് വേദികൾക്കിടയിൽ ഏറ്റവും ചെറിയ ദൂരം പത്തു കിലോമീറ്റർ വരും. ഖത്തർ ഫൗണ്ടേഷൻ ആസ്ഥാനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽനിന്ന് സമീപത്തായി സ്ഥിതി ചെയ്യുന്ന അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലേക്കുള്ള ദൂരമാണിത്. രണ്ടു സ്റ്റേഡിയങ്ങൾക്കിടയിലെ ഏറ്റവും കൂടിയ ദൂരം 70 കിലോമീറ്ററാണ്. അൽ വക്റയിലെ അൽ ജനൂബ് സ്റ്റേഡിയത്തിൽനിന്ന് അൽ ഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിലേക്കുള്ള ദൂരമാണിത്. ഇതിനിടയിലാണ് മറ്റ് ആറ് വേദികളും നിലകൊള്ളുന്നത്.

ലോകകപ്പിന്‍റെ സംഘാടനത്തിനുള്ളത് 20,000 വളന്റിയർമാർ. വിമാനത്താവളം മുതൽ സ്റ്റേഡിയത്തിലും ടീം താമസ-പരിശീലന കേന്ദ്രങ്ങളിലും തെരുവുകളിലും ഫാൻ സോണുകളിലും ആരാധകർക്ക് സഹായവുമായി വളന്റിയർ സംഘത്തിന്‍റെ സേവനമുണ്ടാവും. ചരിത്രത്തിലെ ഏറ്റവും കൂടുതൽ മലയാളികൾ സേവനം ചെയ്യുന്ന ലോകകപ്പുകൂടിയാവും ഖത്തറിലേത്.
Tags:    
News Summary - stories of world cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.