സോൾ: ഖത്തർ ലോകകപ്പിൽ ദക്ഷിണ കൊറിയൻ സ്വപ്നങ്ങളുടെ മുന്നണിപ്പോരാളിയായ സൂപർ താരം സൺ ഹ്യൂങ്മിന്നിന്റെ ഇടതു കണ്ണിനോടു ചേർന്ന് പറ്റിയ ക്ഷതം ഗുരുതരം. അടുത്ത ദിവസം ശസ്ത്രക്രിയ നടത്തുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ടോട്ടൻഹാമിനെ ഗ്രൂപ് ചാമ്പ്യന്മാരാക്കിയ ചാമ്പ്യൻസ് ഗ്രൂപ് മത്സരത്തിൽ മാഴ്സെക്കെതിരെ കളിക്കുമ്പോഴാണ് പരിക്കേറ്റത്. പന്ത് ചാടിപ്പിടിക്കാനുള്ള ശ്രമത്തിനിടെ മാഴ്സെയുടെ ചാൻസൽ എംബെംബ നടത്തിയ ടാക്ലിങ് വില്ലനാകുകയായിരുന്നു.
ഏറെ നേരം മൈതാനത്ത് ചികിത്സ നൽകിയ ശേഷം പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. തലക്ക് ഇടിയേറ്റെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും ടോട്ടൻഹാം പുറത്തുവിട്ട വാർത്താകുറിപ്പിലാണ് പരിക്ക് വ്യക്തമാക്കിയത്. ശസ്ത്രക്രിയക്കു ശേഷം എത്ര നാൾ പുറത്തിരിക്കേണ്ടിവരുമെന്നതു സംബന്ധിച്ച് വരുംദിവസങ്ങളിൽ അറിയിക്കാമെന്ന് ക്ലബ് അറിയിച്ചു.
സമാനമായി, 2021 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി- ചെൽസി പോരാട്ടത്തിനിടെ കെവിൻ ഡി ബ്രുയിന് പരിക്കേറ്റിരുന്നു. യൂറോ ചാമ്പ്യൻഷിപ്പിൽ ബെൽജിയത്തിനായി ഇറങ്ങാൻ മൂന്നാഴ്ച ഉള്ളപ്പോഴായിരുന്നു പരിക്ക്.
ലോകകപ്പിൽ ഉറുഗ്വെ, ഘാന, പോർച്ചുഗൽ എന്നീ ടീമുകളാണ് ദക്ഷിണ കൊറിയക്ക് എതിരാളികൾ. ആദ്യ മത്സരം 24ന് ഉറുഗ്വെക്കെതിരെയാണ്.
നിലവിൽ ഏഷ്യയിലെ ഏറ്റവും മികച്ച താരമായ സൺ ദക്ഷിണ കൊറിയയുടെ നായകനാണ്. ദേശീയ ടീം ഏറ്റവും കൂടുതൽ പ്രതീക്ഷ വെച്ചുപുലർത്തുന്ന താരം പുറത്തിരുന്നാൽ ദക്ഷിണ കൊറിയയുടെ നോക്കൗട്ട് റൗണ്ട് സ്വപ്നങ്ങൾ പോലും അപകടത്തിലാകും. പ്രിമിയർ ലീഗിൽ കഴിഞ്ഞ സീസണിൽ മുഹമ്മദ് സലാഹിനൊപ്പം ടോപ് സ്കോറർ കൂടിയായിരുന്നു 30കാരൻ. ഈ സീസണിൽ പക്ഷേ, ഗോൾ കണ്ടെത്തുന്നതിൽ കാര്യമായി വിജയം കാണാത്തത് ആശങ്ക സൃഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.