മെസ്സിയോ റൊണാൾഡോയോ, ഫുട്ബാളിലെ കുഴക്കുന്ന ചോദ്യത്തിന് ഖത്തർ ഉത്തരം നൽകുമോ?

സമീപകാലത്ത് കാൽപന്തു ലോകം നിരന്തരം ചോദിച്ചുകൊണ്ടേയിരിക്കുന്ന വലിയ ചോദ്യമാണ് ഇപ്പോഴും മൈതാനത്തുള്ളവരിൽ ആരാണ് ഏറ്റവും മികച്ചവനെന്നത്. റെക്കോഡുകൾ പലത് മാറോടുചേർത്ത് ഫുട്ബാൾ മൈതാനത്ത് വർഷങ്ങളായി ആവേശം തീർക്കുന്ന ലയണൽ മെസ്സി​- ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകർ തമ്മിലാണ് നേരങ്കം. ഖത്തർ ലോകകപ്പിൽ പോരാട്ടങ്ങൾ അവസാന എട്ടിലെത്തിയപ്പോഴും ഈ പോരിന് ശമനമായിട്ടില്ല. മെസ്സിയുടെ ചിറകിലേ​റി അർജന്റീനയും ക്രിസ്റ്റ്യാനോ ബൂട്ടുകെട്ടിയ പോർച്ചുഗലും മികച്ച ഫോമിൽ കിരീടം തേടിയുള്ള യാത്രയിലാണ്. അർജന്റീനക്ക് വെള്ളിയാഴ്ചയാണ് ക്വാർട്ടറെങ്കിൽ ഒരു ദിവസം കഴിഞ്ഞാണ് പോർച്ചുഗൽ ഇറങ്ങുന്നത്. പ്രകടന മികവു പരിഗണിച്ചാൽ മെസ്സി ഈ ലോകകപ്പിൽ ഒരു പണത്തൂക്കം മുന്നിലാണ്. എന്നാൽ, തുടർച്ചയായ അഞ്ചാം ലോകകപ്പിലും ഗോളടിച്ചാണ് മെസ്സിയുടെ കുതിപ്പ്.

ഈ രണ്ടുപേരിൽ ആരാണ് ഏറ്റവും മികച്ചവനെന്ന ചോദ്യത്തിന് ഉത്തരം പറയുമ്പോൾ രണ്ടുണ്ട് പക്ഷം. ''അത് റൊണാൾഡോ മാത്രം- എല്ലാതലങ്ങളിലും നിറയുന്ന റൊണാൾഡോയുടെ കളി ഏറ്റവും മികച്ചതാണ്. മെസ്സിയെക്കാൾ പ്രതിഭാധനനാണ് അയാൾ. ഇടംകാൽ മന്നനാണ് മെസ്സി. എന്നാൽ, അത്‍ലറ്റ്, ഫുട്ബാൾ എന്നിവ രണ്ടും ചേർന്ന മികച്ച താരമാണ് റൊണാൾഡോ''- ഇംഗ്ലണ്ട് ആരാധകനായ ഡേവിഡ് ബാർലിയുടെ പക്ഷം ഇങ്ങനെ. എന്നാൽ, ഏറ്റവുമൊടുവിൽ ആസ്ട്രേലിയക്കെതിരെ പുറത്തെടുത്ത പ്രകടനം മാത്രം മതി മെസ്സി മാഹാത്മ്യം അറിയാനെന്ന് പ്രതികരിക്കുന്ന ഇംഗ്ലണ്ടിലെ തന്നെ ടി.വി അവതാരകനായ റോബി ലിലെ.

35കാരനായ മെസ്സിയോ, അതോ രണ്ടു വയസ്സ് അധികമുള്ള റൊണാൾഡോയോ കേമനെന്ന ചർച്ച തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി. ലാ ലിഗ ടീമുകളായ ബാഴ്സണലോണ, റയൽ മഡ്രിഡ് എന്നിവയിൽ ഇരുവരും പന്തുതട്ടുന്ന കാലത്താണ് ഈ ദ്വന്ദം സജീവമാകുന്നത്. ഇരുവരും അഞ്ചാം ലോകകപ്പിലാണ് ഇറങ്ങുന്നത്. അത്രയും തവണ കളിച്ചിട്ടും ലോകകിരീടം രണ്ടു പേർക്കൊപ്പവും വന്നിട്ടില്ല. അതുമാത്രമാകും കരിയറിൽ അവരെ അകന്നുനിൽക്കുന്ന പ്രധാന കിരീടവും.

കഴിഞ്ഞ പ്രീക്വാർട്ടറിൽ സൈഡ് ബെഞ്ചിലായി പോയ റൊണാൾഡോക്ക് പോർച്ചുഗീസ് നിരയിൽ പകരക്കാരേറെയുണ്ട്. എന്നാൽ, അർജന്റീനയുടെ മുന്നേറ്റവും മധ്യനിരയും അടക്കിഭരിച്ച് ഒരേയൊരു മെസ്സിയേ ഉള്ളൂ. ആസ്ട്രേലിയക്കെതിരെ പ്രീക്വാർട്ടറിലും കളിയിലെ താരമായതോടെ മെസ്സി ലോകകപ്പിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് പുരസ്കാര ജേതാക്കളുടെ റെക്കോഡ് സ്വന്തം പേരിലാക്കിയിരുന്നു.

അതിവേഗവും ഗോളടിമികവുമാണ് ക്രിസ്റ്റ്യാനോ​ക്ക് കൂട്ടെങ്കിൽ ഇല്ലാത്ത അവസരങ്ങൾ ഇരു കാലുകളിലായി നെയ്തെടുത്ത് ഗോളിലെത്തിക്കുന്നതാണ് മെസ്സി മാജിക്. ആസ്ട്രേലിയക്കെതിരെ നേടിയ ഗോൾ അതുപോലൊന്നായിരുന്നു. മുന്നിൽ ​പ്രതിരോധവല നിറഞ്ഞുനിൽക്കെ അതിനിടയിൽ തനിക്കുമാത്രമായി തുറന്ന വാതിലിനിടയിലൂടെ പന്ത് ലക്ഷ്യം കണക്കാക്കി പായുകയായിരുന്നു. ഒരു അത്‍ലറ്റിന്റെ ചടുലത എപ്പോഴും റൊണാൾഡോ സൂക്ഷി​ക്കുമ്പോൾ എത്ര പേർ ചുറ്റുംനിന്നാലും രണ്ടു നീക്കങ്ങളിൽ എല്ലാ തടസ്സങ്ങളും അവസാനിക്കുന്നതാണ് ലിയോ തന്ത്രം. 1000 മത്സരങ്ങൾ ഇരുവരും കരിയറിൽ പിന്നിട്ടുണ്ട്. ഗോൾ, അസിസ്റ്റ്, ട്രോഫികൾ എന്നിവയുടെ കണക്കുകളിൽ പക്ഷേ, ലിയോ മുന്നിലാണ്.

ഇത്തവണ എല്ലാ സാധ്യതകളും ജയിച്ച് ഇരു ടീമുകളും ഫൈനലിൽ മുഖാമുഖം വന്നാൽ ആരാണ് ഒന്നാമന്നെ ചോദ്യത്തിന് ഉത്തരം എളുപ്പമാകുമെന്ന് വേണമെങ്കിൽ പറയാം. 

Tags:    
News Summary - Soccer-Messi or Ronaldo? Football’s hottest debate rages on in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.