ദോഹ: ആരോഗ്യ സുരക്ഷയുടെ ഭാഗമായി ലോകകപ്പിന്റെ എട്ട് വേദികളിലും പുകവലിക്ക് നിരോധനം ഏർപ്പെടുത്തി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. പുകയില, ഇ-സിഗരറ്റും സ്റ്റേഡിയങ്ങളിൽ ഉപയോഗിക്കരുതെന്ന് അധികൃതർ അറിയിപ്പിൽ വ്യക്തമാക്കി. ലോകകപ്പിന്റെ ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഹെൽത്ത് മന്ത്രാലയം, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഫിഫ, ലോകാരോഗ്യ സംഘടന എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പുതിയ നിർദേശം പ്രഖ്യാപിച്ചത്. പുകയിലയുടെ ആരോഗ്യ അപകടാവസ്ഥയെക്കുറിച്ച് അവബോധം വളർത്തുന്നതിനൊപ്പം ഫലപ്രദമായ പുകയില നിയന്ത്രണ നടപടികളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് നടപടി.
പുകവലിയില്ലാത്ത ആരോഗ്യകരമായ അന്തരീക്ഷത്തിൽ കാണികൾക്ക് ലോകകപ്പ് മത്സരങ്ങൾ കാണാനുള്ള അവസരം ഉറപ്പാക്കുകയാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ. റയാന ബു ഹാക പറഞ്ഞു. ലോകകപ്പ് വേദികളിൽ പുകവലിക്കുന്നത് പരിശോധിക്കാൻ ഫിഫ വളന്റിയർമാർക്കൊപ്പം എൺപതോളം ടുബാകോ ഇൻസ്പെക്ടേഴ്സിനെയും നിയോഗിച്ചിട്ടുണ്ട്. സുരക്ഷ സംഘവുമായി സഹകരിച്ച് ഫിഫ ഇവൻറ് പോളിസി ഉറപ്പാക്കുന്നതിനുവേണ്ടിയാണ് ഈ നടപടി. ഇതിനുപുറമെ, കാണികൾക്കിടയിൽ ഓഡിയോ, വിഡിയോ ബോധവത്കരണ പരിപാടികളും നടത്തും. ഡിജിറ്റൽ കൗൺസലിങ് എന്നിവയും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.