അർജന്‍റീനക്ക് കനത്ത തിരിച്ചടി; പരിക്കേറ്റ രണ്ട് താരങ്ങൾ പുറത്ത്

ദോഹ: ലോകകപ്പിന് വിസിൽ മുഴങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ അർജന്‍റീനക്ക് തിരിച്ചടി. പരിക്കിൽനിന്ന് മുക്തരാകാത്ത ഫിയറന്റീന സ്ട്രൈക്കർ നിക്കൊളാസ് ഗോണ്‍സാലസ്, ഇന്‍റര്‍മിലാന്‍ താരം ജോക്വിൻ കൊറിയ എന്നിവർ ലോകകപ്പ് ടീമിൽനിന്ന് പുറത്തായി.

ഇരുവർക്കും പകരം അത്‍ലറ്റികോ മാഡ്രിഡിന്‍റെ എയ്ഞ്ചൽ കൊറിയ, അറ്റ്‌ലാന്‍റ യുനൈറ്റഡിന്‍റെ അറ്റാക്കിങ് മിഡ്‌ഫീല്‍ഡര്‍ തിയാഗോ അൽമാഡ എന്നിവർ അര്‍ജന്‍റീനയുടെ 26 അംഗ ടീമിലെത്തി. മാഞ്ചസ്റ്റര്‍ യുനൈറ്റ‍ഡിനായി കളിക്കുന്ന കൗമാര താരം അലെജാന്ദ്രൊ ഗെര്‍ണാച്ചോ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും തിയാഗോ അല്‍മാഡയെ ടീമിൽ ഉൾപ്പെടുത്താൻ പരിശീലകൻ ലയണൽ സ്കലോണി തീരുമാനിക്കുകയായിരുന്നു. അര്‍ജന്‍റീനയുടെയും യുനൈറ്റഡിന്‍റെയും ഭാവി സൂപ്പര്‍താരമായാണ് ഗെര്‍ണാച്ചോ വിലയിരുത്തപ്പെടുന്നത്. ഈ സീസണില്‍ മാഞ്ചസ്റ്ററിനായി എട്ട് മത്സരങ്ങളില്‍ മൂന്ന് ഗോളുകള്‍ നേടിയിട്ടുണ്ട്.

മേജര്‍ സോക്കര്‍ ലീഗില്‍ അറ്റ്‌ലാന്‍റ യുനൈറ്റഡിനായി സീസണില്‍ മിന്നുന്ന ഫോമിലാണ് 21കാരനായ അല്‍മാഡ. ഈ സീസണില്‍ കളിച്ച 29 മത്സരങ്ങളില്‍ ആറ് ഗോളുകളും 12 അസിസ്റ്റുകളും താരത്തിന്റെ അക്കൗണ്ടിലുണ്ട്. സീസണിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും അൽമാഡക്കായിരുന്നു. അത്‌ലറ്റികോ മാഡ്രിഡ് താരമായ 27കാരനായ കൊറിയ സീസണില്‍ 21 മത്സരങ്ങളില്‍ നാലു ഗോളുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കോപ അമേരിക്ക കിരീടം നേടിയ അര്‍ജന്‍റീന ടീമിൽ അംഗമായിരുന്നു.

ഗ്രൂപ്പ് സിയില്‍ 22ന് സൗദി അറേബ്യക്കെതിരെയാണ് അര്‍ജന്‍റീനയുടെ ആദ്യ മത്സരം. 26ന് മെക്സിക്കോയെയും 30ന് പോളണ്ടിനെയും നേരിടും.

Tags:    
News Summary - Setback for Argentina; Two injured players are out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.