ഖൽബ് തകർന്ന് ഖത്തർ; സെനഗാളിനോട് തോറ്റ് (3-1) ആതിഥേയർ പുറത്തേക്ക്

ദോഹ: ലോകകപ്പിൽനിന്ന് ആതിഥേയരായ ഖത്തർ പുറത്തേക്ക്. രണ്ടാം മത്സരത്തിലും തോൽവി വഴങ്ങിയതോടെയാണ് ഖത്തറിന്‍റെ പ്രതീക്ഷകൾ അസ്തമിച്ചത്.

സെനഗാൾ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഖത്തറിന്‍റെ ഖൽബ് തകർത്തത്. ആദ്യ മത്സരത്തിൽ എക്വഡോറിനോട് ടീം പരാജയപ്പെട്ടിരുന്നു. ബൊലെയ് ദിയ (41), ഫമാര ദിദിയോ (48), ബാംബ ദീങ് (84) എന്നിവരാണ് സെനഗാളിനായി ഗോൾ നേടിയത്.

ഖത്തറിന്‍റെ ആശ്വാസ ഗോൾ മുഹമ്മദ് മുൻതാരിയുടെ (78) വകയായിരുന്നു. ആദ്യ പകുതിയിൽ പന്തടക്കത്തിലും ആക്രമണത്തിലും സെനഗാൾ മുന്നിട്ടുനിന്നു. എന്നാൽ, മുന്നേറ്റങ്ങളെല്ലാം ഖത്തർ പ്രതിരോധിച്ചു. 28ാം മിനിറ്റിൽ സെനഗാൾ പ്രതിരോധ താരം യൂസുഫ് സബാലിക്ക് സുവർണാവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. 41ാം മിനിറ്റിൽ ഖത്തർ പ്രതിരോധ താരം ബൗലേം ഖൗഖിയുടെ പിഴവാണ് ഗോളിലേക്കെത്തിയത്. ബോക്സിനുള്ളിലേക്ക് വന്ന പന്ത് കൃത്യമായി കണക്റ്റ് ചെയ്യാൻ ഖൗഖിക്ക് കഴിഞ്ഞില്ല.

ഈസമയം ബോക്സിനുള്ളിലുണ്ടായിരുന്ന ബൊലെയ് ദിയ അവസരം മുതലെടുത്ത് പന്ത് വലയിലെത്തിച്ചു. രണ്ടാംപകുതിയുടെ തുടക്കത്തിൽ തന്നെ സെനഗാൾ ലീഡ് ഉയർത്തി. ഇസ്മായിൽ ജേകബ്സിന്‍റെ കോർണർ കിക്കിൽനിന്നാണ് ഫമാര ദിദിയോ ഗോൾ നേടിയത്. ഇതോടെ ഖത്തറും കളിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതാണ് കണ്ടത്. കൃത്യമായ ഇടവേളകളിൽ സെനഗാൾ ഗോൾമുഖം വിറപ്പിച്ചു. ഒടുവിൽ ഫലവും ലഭിച്ചു. 78ാം മിനിറ്റിൽ ഖത്തർ ഒരു ഗോൾ മടക്കി. ഇസ്മാഈൽ മുഹമ്മദ് വലതുവിങ്ങിൽനിന്ന് പോസ്റ്റിന് സമാന്തരമായി ഉയർത്തി നൽകിയ പന്ത് മുഹമ്മദ് മുൻതാരി ഹെഡറിലൂടെ വലയിലെത്തിച്ചു. സ്റ്റേഡിയത്തിൽ ആവേശം അലതള്ളി.

എന്നാൽ, ആരാധകരുടെ ആവേശത്തിന് ആയുസ്സ് കുറവായിരുന്നു. 84ാം മിനിറ്റിൽ ബാംബ ദീങ്ങിലൂടെ സെനഗാൾ വീണ്ടും ലീഡ് ഉയർത്തി. വലതുവിങ്ങിൽനിന്ന് പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് മുന്നേറിയ എലിമാൻ എൻഡിയേ നൽകിയ പന്താണ് ബാംബ ദീങ് അനായാസം വലയിലെത്തിച്ചത്.

ഖത്തർ 5-3-2 ഫോർമാറ്റിലും സെനഗാൾ 4-4-2 ഫോർമാറ്റിലുമാണ് കളിച്ചത്.

Tags:    
News Summary - Senagal beat Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.