ക്രൊ​യേ​ഷ്യ​ക്കെ​തി​രാ​യ സെ​മി ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി അ​ർ​ജ​ന്റീ​ന

താ​ര​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ൽ

വിശ്വവിജയത്തിന്റെ തങ്കത്തിളക്കത്തിലേറാൻ ലയണൽ മെസ്സിക്ക് കഴിയുമോ? ആഫ്രിക്കൻ, അറബ് വീരഗാഥയിലേക്ക് മൊറോക്കോ വീണ്ടും പുത്തനേടുകൾ തുന്നിച്ചേർക്കുമോ? 60 വർഷങ്ങൾക്കുശേഷം ലോകകിരീടം നിലനിർത്തുന്ന ആദ്യ ടീമാകുമോ ഫ്രാൻസ്? കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമരികെ കൈവിട്ട കപ്പ് ഇക്കുറി ക്രൊയേഷ്യക്കൊപ്പം നിൽക്കുമോ?

ആവേശത്തിരയിലാറാടിയ കോർണിഷിലും കതാറയിലും അൽബിദയിലുമൊക്കെ ഇപ്പോൾ ആകാംക്ഷയാണേറെ. ഖത്തർ പെനിൻസുലയിൽ 60 ലോകപോരാട്ടങ്ങൾ പെയ്തുതോർന്നു. ഇനി നാലെണ്ണം മാത്രം ബാക്കി. അർജന്റീനയും ക്രൊയേഷ്യയും ഫ്രാൻസും മൊറോക്കോയും- 32 നിരകളെ വീറുറ്റ പോരാട്ടവഴികളിൽ ആറ്റിക്കുറുക്കിയെടുത്തപ്പോൾ അവശേഷിക്കുന്നവർ ഇവരാണ്.

കളി കപ്പിലേക്കടുക്കുകയാണ്. കലാശപ്പോരിലേക്കുള്ള ആദ്യസംഘത്തെ നിശ്ചയിക്കാൻ ചൊവ്വാഴ്ച അരങ്ങുണരുന്നു. ലുസൈലിൽ ലയണൽ മെസ്സിയും സംഘവും കനകക്കിരീടത്തിലേക്ക് കണ്ണുംനട്ടിറങ്ങുമ്പോൾ തടയാൻ കോപ്പുകൂട്ടുന്നത് ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യ. തുടർകിരീടമെന്ന മോഹവുമായി ഫ്രാൻസ് ബുധനാഴ്ച അൽബെയ്ത്തിൽ ബൂട്ടണിയുമ്പോൾ പിടിച്ചുകെട്ടാൻ പടക്കൊരുങ്ങുന്നത് അട്ടിമറിവീരന്മാരായ മൊറോക്കോ.

കഴിഞ്ഞ രണ്ടു ലോകകപ്പ് ഫൈനലുകളിലെ റണ്ണറപ്പുകളാണ് ആദ്യ സെമിയിൽ മുഖാമുഖം. അർജന്റീനയുടെ പകിട്ടിനുനേരെ സൗദി അറേബ്യ മുഖമടച്ച് പ്രഹരിച്ചശേഷം, മെക്സികോക്കും നെതർലൻഡ്സിനുമെതിരായ കളികളിൽ ലുസൈലിലെ ഐകണിക് സ്റ്റേഡിയം ആധുനിക ഫുട്ബാളിലെ ഏറ്റവും വലിയ 'ഐകൺ' ആയ മെസ്സിക്കൊപ്പമായിരുന്നു.

ആക്രമണാത്മക ഫുട്ബാളിൽ വിശ്വസിക്കുന്ന അർജന്റീനക്കെതിരെ പ്രതിരോധ, പ്രത്യാക്രമണങ്ങളിലൂന്നിയാവും ക്രോട്ടുകളുടെ കരുനീക്കം. ക്വാർട്ടറിൽ കരുത്തരായ ബ്രസീലിനെ മറികടന്ന ഡിഫൻസിവ് സ്ട്രാറ്റജികളാവും അർജന്റീനക്കെതിരെയും അവരുടെ വജ്രായുധം. നെതർലൻഡ്സിനെതിരെ ഷൂട്ടൗട്ടിൽ ജയിച്ചുകയറിയ അർജന്റീനയാണ് സാധ്യതയിൽ ഒരിഞ്ചു മുന്നിൽ.

Tags:    
News Summary - Semi Clasico

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.