പന്ത്രണ്ടോളം വിമാനത്തില്‍ മെസ്സിയുടെ ജേഴ്സി അണിഞ്ഞ് കളി കാണാനെത്തിയ സൗദിക്കാരെ പോലും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച്, ഏറ്റവുമധികം മലയാളിസാന്നിധ്യമുണ്ടായ ഗ്യാലറിയില്‍ കിരീട ഫേവറിറ്റുകളായ അര്‍ജന്റീന 2-1മാര്‍ജിനില്‍ പരാജയപ്പെട്ട അവിശ്വസനീയകാഴ്ചക്കാണ് ലുസൈൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 1994 അമേരിക്ക ലോകകപ്പിൽ ഒവൈറാന്റെ അത്ഭുതഗോളിന് ശേഷം സൗദി അറേബ്യയുടെ ചരിത്രത്തിലെ ഏറ്റവും മനോഹരനിമിഷങ്ങളാണ് കടന്ന് പോയത്.
വിഭവശേഷിയില്‍ താഴെയുള്ള ടീമുകള്‍ക്കെതിരെ ലോകകപ്പ് പോലുള്ള ടൂര്‍ണമെന്റുകളില്‍ വലിയ ടീമുകള്‍ കാണിക്കേണ്ട പഴുത് വരാത്ത ജാഗ്രതയോടെ, ശാന്തതയോടെ മാക്സിമം ടച്ചുകളെടുത്ത് പതിയെ എതിര് പ്രതിരോധത്തെ തുറക്കുക എന്ന അടിസ്ഥാനസ്വഭാവം അര്‍ജന്റീന തുടക്കത്തില്‍ കാണിച്ചിരുന്നു. വ്യക്തിഗതമേന്മകളെ കൂടി ഗുണപരമായി ഉപയോഗപ്പെടുത്തിയ ആ നീക്കങ്ങള്‍ എട്ടാം മിനുറ്റില്‍ പെനാല്റ്റിയിലേക്കെത്തുകയും അവര്‍ക്ക് ആദ്യ ലീഡ് നല്‍കുകയും ചെയ്തു.
ആദ്യഷോക്കില് നിന്ന് പതിയെ ഉണര്‍ന്ന സൗദി അവരുടെ പ്ലാന്‍ 'ബി' അതിമനോഹരമായി നടപ്പിലാക്കുന്നതാണ് പിന്നീട് കണ്ടത്. അത്യപകടകാരികളായ അര്‍ജന്റൈന്‍ ഫോര്വേഡുകള്ക്കെതിരെ ലോ ബ്ലോക് പ്രതിരോധത്തില്‍ തുടരുന്നത് ആത്മഹത്യാപരമെന്ന് തിരിച്ചറിഞ്ഞ സൗദി ഹൈ-ലൈന്‍ പ്രതിരോധത്തിലേക്ക് രൂപാന്തരപ്പെടുകയും, ഡിഫന്‍സീവ് ലൈനില്‍ പഴുതുകള്‍ വീഴാത്തവിധം അവരുടെ ശാരീരികസാധ്യതകള് ഉപയോഗിച്ച് ക്രമീകരിക്കുകയും ചെയ്തതോടെ ആല്‍ബിസെലസ്റ്റകള്‍ക്ക് വിങുകളിലൂടെ ക്രോസ് ഡെലിവറികളെ ആശ്രയിക്കേണ്ടി വരികയും ചെയ്തു. ടാര്‍ഗറ്റ് ഫോര്‍വേഡുകളായി മാറി വരുന്നവരെ സൗദി പ്രതിരോധത്തിന് മനോഹരമായി കവര്‍ ചെയ്യാനായതോടെ കളിയിലേക്ക് അവര്‍ തിരിച്ച് വന്നു. ആ ആത്മവിശ്വാസമാണ് രണ്ട് അതിമനോഹരഗോളുകളിലേക്ക് അവരെ വഴിനടത്തിച്ചതും. അര്‍ജന്റൈന്‍ മധ്യനിരയില്‍ നിന്ന് കൃത്യമായി ആക്രമണനിരയിലേക്ക് പന്തുകള്‍ വരാത്തവിധം മിഡ്ഫീല്‍ഡില്‍ പന്തിനെയും കളിക്കാരെയും പരിചരിക്കാന്‍ സൗദിതാരങ്ങള്ക്കായതും അര്‍ജന്റീനയുടെ ആത്മവിശ്വാസത്തെ തകര്‍ത്തു എന്ന് വിചാരിക്കുന്നു.
ഇരുടീമുകളും അവരവുടെ പദ്ധതികള്‍ നടപ്പിലാക്കുന്ന സാഹചര്യങ്ങളില്‍ ഒരു ബിഗ്ടിക്കറ്റ് ഇന്റന്‍സീവ് ഗെയിമിനെ തീരുമാനമാക്കുന്നത് ഇന്ന് സൗദി നേടിയ പോലുള്ള അതിമനോഹരമായ വ്യക്തിഗതമികവുള്ള ഗോളുകളാണ്. അത് വലിയ ടീമുകളില്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദം മാരകമായിരിക്കും. അതിനെതിരെ സ്വതസിദ്ധശൈലിയില്‍ പ്രതികരിക്കാന്‍ ശ്രമിക്കുന്നതിനുള്ള സമയപരിമിതിയും , ലീഡെടുത്ത ടീം മുഴുവനായും പ്രതിരോധാത്മകമാവുന്നതിന്റെ കാഠിന്യവുമെല്ലാം മറികടക്കുക എന്നത് ഭഗീരഥപ്രയത്നമാണ്. അര്‍ജന്റീന പരാജയപ്പെട്ടതും അവിടെയാണ്, എത്ര പിടഞ്ഞ് പണിയെടുത്തിട്ടും സൗദിപ്രതിരോധത്തെ ആധികാരികമായി പൊളിച്ചെഴുതാന്‍ അവര്‍ക്കായില്ല.
ഈ തോല്‍വി അര്‍ജന്റീനയുടെ ആത്മവിശ്വാസത്തെ ബാധിച്ചേക്കാം എന്നത് മാറ്റി വെച്ചാല്‍ , എല്ലാം മറന്ന് തിരിച്ച് വരാനാവുന്ന പ്രതിഭകളും കോച്ചുമുള്ള അവര്‍ പൂര്‍വാധികം ശക്തിയോടെ വരുന്ന രണ്ട് മല്‍സരങ്ങളെ തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ സമീപിക്കുമെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. സൗദി അറേബ്യക്കിത് സ്വപ്നതുല്യമായ ആഘോഷരാവാണ്, വലിയ സ്വപ്നങ്ങളിലേക്ക് കണ്ണയക്കാന്‍ അവരും തയ്യാറായിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.